ക്രാഷ് ടെസ്റ്റ് പ്രകടനം മോശം: മിക്ക ഇന്ത്യന്‍ കാറുകളിലും സുരക്ഷാ പാളിച്ച കണ്ടെത്തി

കിടയറ്റ സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നതില്‍ തങ്ങള്‍ വിട്ടുവീഴ്ച കാണിക്കുന്നില്ലെന്ന ഇന്ത്യയിലെ കാര്‍ നിര്‍മ്മാതാക്കളുടെ അവകാശവാദം അതേപടി വിശ്വസിക്കരുതെന്ന മുന്നറിയിപ്പായി മാറുന്നു, ഇക്കാര്യം പരിശോധിക്കുന്ന ഗ്ലോബല്‍ എന്‍കാപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ ക്രാഷ് ടെസ്റ്റ് റിസല്‍ട്ട് റിപ്പോര്‍ട്ട്.

എന്‍കാപ്പിന്റെ ഏറ്റവും പുതിയ ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്ത ഒരു ഇന്ത്യന്‍ നിര്‍മിത വാഹനത്തിനും എല്ലാ മാനദണ്ഡങ്ങളിലുമായി അഞ്ചില്‍ അഞ്ച് സ്റ്റാര്‍ റേറ്റിംഗ് ഇല്ല.
എങ്കിലും ഇന്ത്യന്‍ കാറുകളില്‍ ഏറ്റവും ഉയര്‍ന്ന സുരക്ഷാ റേറ്റിംഗ്് ടാറ്റ നെക്സണിന് ലഭിച്ചു. മുതിര്‍ന്നവര്‍ക്കുള്ള 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും കുട്ടികളുടെ കാര്യത്തില്‍ 3-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗുമാണ് ടാറ്റ നെക്സണിന്. വില്‍പ്പന ഏറ്റവും കുറവാണെങ്കിലും മുതിര്‍ന്നവര്‍ക്കുള്ള സുരക്ഷാ സൂചികയില്‍ ഇന്ത്യയില്‍ നിന്ന് 5-സ്റ്റാര്‍ റേറ്റിംഗ് ലഭിച്ച ഒരേയൊരു കാറാണ് നെക്സണ്‍.

ടാറ്റ നെക്സണിന്റെ എതിരാളികളായ മാരുതി വിറ്റാര ബ്രെസ്സയും ഹ്യുണ്ടായ് വെന്യൂവും സുരക്ഷയുടെ കാര്യത്തില്‍ പിന്നിലാണ്. മഹീന്ദ്രയുടെ മറാസോയാണ് 4 സ്റ്റാര്‍ സുരക്ഷാ റേറ്റിംഗുമായി അടുത്തു നില്‍ക്കുന്നത്.

വിപണിയിലെ ജനകീയ ഇനങ്ങളുടെ പട്ടികയില്‍ നിന്ന് മാരുതി സുസുക്കി എര്‍ട്ടിഗ, മാരുതി സുസുക്കി വാഗണ്‍ ആര്‍, ഹ്യൂണ്ടായ് സാന്‍ട്രോ, ഡാറ്റ്സണ്‍ റെഡിഗോ എന്നിവയാണ് ഇത്തവണ സുരക്ഷാ സംവിധാന പരീക്ഷയില്‍ പങ്കെടുത്തത്.ഇതില്‍ ഏറ്റവും ഭേദപ്പെട്ട പ്രകടനം മാരുതി സുസുക്കി എര്‍ട്ടിഗയുടേതാണ്. ടെസ്റ്റ് ചെയ്ത രണ്ടാം തലമുറ എര്‍ട്ടിഗ വേരിയന്റില്‍ അടിസ്ഥാന സുരക്ഷ സന്നാഹങ്ങളായ ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്, മുന്നില്‍ സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍ എന്നിവയുണ്ടായിരുന്നു. അഡല്‍റ്റ് ഒക്യുപന്റ് പ്രൊട്ടക്ഷന്റെ കാര്യത്തിലും ചൈല്‍ഡ് ഒക്യുപന്റ് പ്രൊട്ടക്ഷന്റെ കാര്യത്തിലും 3 സ്റ്റാര്‍ റേറ്റിംഗ് ആണ് എര്‍ട്ടിഗയ്ക്ക് ലഭിച്ചത്. അപകട വേളകളില്‍ യാത്രക്കാരുടെ തലയ്ക്ക് സുരക്ഷ ലഭിക്കുമെങ്കിലും കഴുത്തിന് സുരക്ഷ മുന്‍നിര യാത്രക്കാര്‍ക്ക് മാത്രമാണ്. യാത്രക്കാരുടെ നെഞ്ചിന്റെ ഭാഗത്തുള്ള സുരക്ഷ അംഗീകരിക്കാവുന്നതാണെങ്കിലും സീറ്റ് ബെല്‍റ്റ് പ്രീ-ടെന്‍ഷനര്‍ ആഘാതമുണ്ടായ സമയത്ത് ശരിയാംവണ്ണം പ്രവര്‍ത്തിച്ചില്ല. ടെസ്റ്റ് ചെയ്ത വാഹനങ്ങളില്‍ ഏറ്റവും വില കൂടുതലുള്ള മോഡല്‍ ആണെങ്കിലും രണ്ടാം നിരയില്‍ മധ്യഭാഗത്ത് യാത്ര ചെയ്യുന്ന വ്യക്തിക്ക് 3 പോയിന്റ് സീറ്റ് ബെല്‍റ്റ് ഇല്ല എന്നത് വലിയ ന്യൂനതയാണെന്ന് ഗ്ലോബല്‍ എന്‍കാപ്പ് വിലയിരുത്തി.

ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, എബിഎസ് എന്നീ സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്ള ഡാറ്റ്സണ്‍ റെഡിഗോയുടെ അടിസ്ഥാന വേരിയന്റ് ക്രാഷ് ടെസ്റ്റില്‍ നേടിയ റേറ്റിങ്ങ് ഭേദമല്ല. റെഡിഗോയ്ക്ക് അഡല്‍റ്റ് ഒക്യൂപന്റ് പ്രൊട്ടക്ഷന്റെ കാര്യത്തില്‍ ഒരു സ്റ്റാര്‍ റേറ്റിങ്ങും, ചൈല്‍ഡ് ഒക്യൂപന്റ് പ്രൊട്ടക്ഷന്റെ കാര്യത്തില്‍ 2 സ്റ്റാര്‍ റേറ്റിംഗും മാത്രം. റെഡിഗോയുടെ ബോഡിഷെല്ലിനും, ഫുട് വെല്‍ ഏരിയയ്ക്കും സ്ഥിരത കുറവുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യാത്രികരുടെ തലയ്ക്കും കഴുത്തിനും അപകടവേളയില്‍ ഭേദപ്പെട്ട സുരക്ഷ ലഭിക്കുമെങ്കിലും ആഘാത സമയത് നെഞ്ചിന്റെ ഭാഗത്തുള്ള സുരക്ഷാകുറവാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്. കൂടാതെ ശിശുക്കള്‍ക്കായുള്ള ഐസോഫിക്‌സ് സീറ്റ്, രണ്ടാം നിരയില്‍ മധ്യഭാഗത്തെ 3 പോയിന്റ് സീറ്റ് ബെല്‍റ്റ് എന്നിവയുടെ അഭാവം റേറ്റിംഗ് ഒരു സ്റ്റാര്‍ ആയി കുറയ്ക്കാനിടയാക്കി.

ഹ്യുണ്ടായിയുടെ എന്‍ട്രി ലെവല്‍ മോഡലായ പുത്തന്‍ സാന്‍ട്രോയ്ക്കാകട്ടെ ക്രാഷ് ടെസ്റ്റിലെ 17 പോയിന്റ് സൂചികയില്‍ 6.74 മാത്രമേ നേടാന്‍ കഴിഞ്ഞുള്ളു.
2 സ്റ്റാര്‍ റേറ്റിംഗ് ആണ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വിപണിയിലെത്തിയ പുതിയ സാന്‍ട്രോയ്ക്ക് ലഭിച്ചത്. റെഡിഗോയിലേതുപോലെ തന്നെ സാന്‍ട്രോയുടെയും ബോഡിഷെല്ലിനും, ഫുട് വെല്‍ ഏരിയയ്ക്കും സ്ഥിരത കുറവുണ്ട്. യാത്രക്കാരുടെ തലയ്ക്കും കഴുത്തിനും ഭേദപ്പെട്ട സുരക്ഷ ലഭിക്കുമെങ്കിലും നെഞ്ചിന്റെ ഭാഗത്തുള്ള സുരക്ഷ പരിമിതം. ചൈല്‍ഡ് ഒക്യുപന്റ് പ്രൊട്ടക്ഷന്റെ കാര്യത്തില്‍ 2 സ്റ്റാര്‍ റേറ്റിംഗാണുള്ളത്.

മാരുതി സുസുക്കി പരിഷ്‌കരിച്ചു പുറത്തിറക്കിയ പുത്തന്‍ വാഗണ്‍ ആറും മികച്ച അഭിപ്രായം നേടുന്നതില്‍ വിജയിച്ചില്ല. അഡല്‍റ്റ് ഒക്യൂപന്റ് പ്രൊട്ടക്ഷന്റെ കാര്യത്തിലും ചൈല്‍ഡ് ഒക്യുപന്റ് പ്രൊട്ടക്ഷന്റെ കാര്യത്തിലും അഞ്ചില്‍ രണ്ട് സ്റ്റാര്‍ റേറ്റിംഗ് ആണ് വാഗണ്‍ ആറിന് ലഭിച്ചത്. ക്രാഷ് ടെസ്റ്റിനുപയോഗിച്ച വാഗണ്‍ ആറിന്റെ അടിസ്ഥാന മോഡലായ 1.0-ലിറ്റര്‍ എല്‍ എക്‌സ്‌ഐ വേര്‍ഷന് ഡ്രൈവര്‍ സൈഡ് എയര്‍ ബാഗ് മാത്രമേ ഉള്ളൂ. ബോഡിഷെല്ലിന് സ്ഥിരത കുറവുള്ളതായി കണ്ടെത്തി. പെഡലുകളുടെ വിന്യാസത്തിലും അപാകതയുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടസമയത്ത് കാലുകള്‍ക്ക് ക്ഷതം ഏല്‍ക്കാന്‍ ഇടയാക്കാമിത്. അപകട വേളകളില്‍ യാത്രക്കാരുടെ തലയ്ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പു നല്‍കുന്നുണ്ടെങ്കിലും ഡ്രൈവര്‍ സൈഡ് എയര്‍ ബാഗ് ഉള്ളതുകൊണ്ട് മാത്രമാണ് ഡ്രൈവറുടെ കഴുത്തിന് മാത്രം ഭേദപ്പെട്ട സുരക്ഷ ലഭിക്കുന്നത്. ചൈല്‍ഡ് റെസ്‌ട്രൈന്റ് സിസ്റ്റ( സി.ആര്‍.എസ്)മുണ്ടെങ്കിലും ക്രാഷ് ടെസ്റ്റ് സമയത്ത് ഈ സംവിധാനം പൊട്ടിയതിനാല്‍ ഡമ്മി മുന്‍ സീറ്റില്‍ ചെന്നിടിച്ചു. ഇതുമൂലം ചൈല്‍ഡ് ഒക്യുപന്റ് പ്രൊട്ടക്ഷന്‍ റേറ്റിംഗ് കാര്യമായി കുറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it