പഴയ വാഹനങ്ങളുടെ പൊളിക്കല്‍ നയം; ഇളവുകളുള്‍പ്പെടെ നിങ്ങളറിയേണ്ട 7 കാര്യങ്ങള്‍

സ്‌ക്രാപ്പേജ് പോളിസി നടപ്പിലാക്കുന്നതില്‍ ഇക്കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ അറിയിപ്പുകള്‍ പുറത്തിറക്കി. പുതിയ നിയമം അനുസരിച്ച്, 15 വര്‍ഷത്തിലധികം പഴക്കമുളള വാണിജ്യ വാഹനങ്ങളും ഇരുപത് വര്‍ഷത്തിലധികം പഴക്കമുളള യാത്രാ വാഹനങ്ങളും ഫിറ്റ്‌നസ്, എമിഷന്‍ ടെസ്റ്റുകളില്‍ വിജയിച്ചില്ലെങ്കില്‍ അയോഗ്യമാകും. നയം നടപ്പലാക്കലിന്റെ സര്‍ക്കാര്‍ പ്രഖ്യാപിച്ച 7 പ്രധാന കാര്യങ്ങള്‍ വായിക്കാം.

1. സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നയം ബാധകം. അതായത് പതിനഞ്ച് വര്‍ഷത്തേക്ക് ഉപയോഗിച്ച വാഹനങ്ങള്‍ സര്‍ക്കാര്‍ വകുപ്പും ഉപേക്ഷിക്കേണ്ടിവരും.
2. വാഹന സ്‌ക്രാപ്പേജ് നയം നടപ്പാക്കുന്നത് വാഹന വ്യവസായത്തിലേക്ക് നിക്ഷേപം വര്‍ദ്ധിപ്പിക്കുമെന്നും അസംസ്‌കൃത വസ്തുക്കളുടെ വില കുറയ്ക്കുന്നതിന് സഹായിക്കുമെന്നും ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോ പറഞ്ഞു. ഉല്‍പാദനക്ഷമമായ മെറ്റീരിയലുകള്‍ സ്‌ക്രാപ്പ് ചെയ്യുന്നതിന് ഈ നയം ആവശ്യമായ പ്രചോദനം നല്‍കുമെന്ന് വാഹന നിര്‍മാതാവ് അഭിപ്രായപ്പെട്ടു.
3. അസംസ്‌കൃത വസ്തുക്കളുടെ വില ഈയടുത്ത് വന്‍ തോതില്‍ വര്‍ധിച്ചു. ഉരുക്കിന്റെ നിരക്ക് കഴിഞ്ഞ ആറുമാസത്തിനിടെ ഗണ്യമായി വര്‍ധിച്ചു (ഏകദേശം 30%), ഇത് ഉല്‍പാദനച്ചെലവും ഉയര്‍ത്തി. പലരും വിലയും കൂട്ടി. പഴയ വാഹന ലോഹത്തിന്റെ പുനരുപയോഗത്തോടെ, പുതിയ വാഹനത്തിന്റെ ഉല്‍പാദനച്ചെലവ് ഒരു പരിധിവരെ കുറയുകയും ഉല്‍പാദനച്ചെലവ് യുക്തിസഹമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
4. റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, സാധുവായ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ 17 ലക്ഷം പഴയ ഇടത്തരം, ഹെവി വാണിജ്യ വാഹനങ്ങള്‍ ഇന്ത്യയിലുണ്ട്. കൂടാതെ, 20 വര്‍ഷത്തിന് മുകളില്‍ പഴക്കമുളള ലൈറ്റ് മോട്ടോര്‍ വാഹനങ്ങളുടെ എണ്ണം 51 ലക്ഷത്തില്‍ കൂടുതലാണ്. ഹെവി ഡ്യൂട്ടി വാണിജ്യ വാഹനങ്ങള്‍ക്ക് 2023 മുതലും വ്യക്തിഗത വാഹനങ്ങള്‍ക്ക് 2024 ജൂണ്‍ മുതലും പുതിയ നിയമം ബാധകമാകും.
5. നിലവിലെ അറിയിപ്പ് അനുസരിച്ച് യോഗ്യമോ അയോഗ്യമോ എന്നു തെളിയിക്കുന്ന എലിജിബിലിറ്റി സര്‍ട്ടിഫിക്കേറ്റ് ലഭിച്ച് പൊളിക്കാന്‍ നല്‍കിയാല്‍, പഴയ വാഹനത്തിന്റെ അതേ മോഡലിലുള്ള പുതിയ വാഹനത്തിന്റെ എക്‌സ് ഷോറൂം നിരക്കിന്റെ നാല് മുതല്‍ ആറ് ശതമാനം വരെ പൊളിക്കല്‍ കേന്ദ്രങ്ങളില്‍ നിന്ന് ഉടമസ്ഥര്‍ക്ക് നല്‍കും.
6. സ്‌ക്രാപ്പ് ഡിപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റ് (പൊളിക്കല്‍ സര്‍ട്ടിഫിക്കറ്റ്) കൈവശമുള്ളവര്‍ക്ക് പുതിയ വാഹനങ്ങള്‍ക്ക് അഞ്ച് ശതമാനം വിലക്കിഴിവ് നല്‍കും. ഉടമയ്ക്ക് താല്‍പര്യമുള്ള മറ്റൊരാള്‍ക്ക് ഇതു കൈമാറാനും സാധിക്കുന്ന വിധമാണ് നിയമം നടപ്പാക്കുക.
7. സ്വകാര്യ വാഹനങ്ങള്‍ക്ക് 25 ശതമാനം റോഡ് നികുതിയിളവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 ശതമാനം റോഡ് നികുതിയിളവും നല്‍കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിക്കുന്നു. ഇത്തരത്തിലുള്ള ഉടമകളുടെ പുതിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ഫീസ് സൗജന്യമാക്കാനും കേന്ദ്ര സര്‍ക്കാരിന് ആലോചനയുണ്ട്.


Related Articles
Next Story
Videos
Share it