പുതുവര്‍ഷത്തെ എതിരേല്‍ക്കാന്‍ ടാറ്റ ഹാരിയര്‍; എതിരാളികളെ മറികടക്കുമോ?

റേഞ്ച് റോവറില്‍ നിന്ന് കടമെടുത്ത ഡിസൈന്‍ ശൈലിയുമായി വിപണിയിലേക്ക് എത്തുന്ന ടാറ്റയുടെ കിടിലന്‍ എസ്.യു.വിയായ ഹാരിയര്‍ എന്തൊക്കെ മാറ്റങ്ങളാകും വാഹനവിപണിയില്‍ സൃഷ്ടിക്കുക?

ഇന്ത്യയില്‍ അതിവേഗ വളര്‍ച്ച കൈവരിക്കുന്ന എസ്.യു.വി വിഭാഗത്തില്‍ തന്നെ ഹാരിയറിനെ പ്രതിഷ്ഠിച്ചുകൊണ്ട് വലിയൊരു പോരാട്ടത്തിന് തുടക്കമിടുകയാണ് ടാറ്റ. ടാറ്റയുടെ ഹെക്‌സയ്ക്ക് മുകളിലേക്കായി വരുന്ന ഹാരിയറിന്റെ ബുക്കിംഗ് ടാറ്റ ആരംഭിച്ചുകഴിഞ്ഞു. ഹ്യുണ്ടായ് ക്രേറ്റ, ജീപ്പ് കോമ്പസ്, റിനോ കാപ്റ്റര്‍, മഹീന്ദ്ര XUV500 തുടങ്ങിയ മോഡലുകളോടായിരിക്കും വിപണിയില്‍ ഹാരിയറിന് മല്‍സരിക്കേണ്ടിവരുക.

ജനുവരി പകുതിയോടെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന ഹാരിയറിനെ എതിരാളികളില്‍ നിന്ന് മേല്‍ക്കോയ്മ പുലര്‍ത്താന്‍ സഹായിക്കുന്ന പ്രത്യേകതകള്‍ എന്തൊക്കെയാണ്?

ലാന്‍ഡ് റോവര്‍ പ്ലാറ്റ്‌ഫോം

ആകര്‍ഷകമായ രൂപഭംഗി തന്നെയായിരിക്കും ഹാരിയറിന്റെ പ്രധാന സവിശേഷത. ലാന്‍ഡ് റോവറിന്റെ ഡി8 പ്ലാറ്റ്‌ഫോമിലാണ് ഹാരിയര്‍ നിര്‍മിക്കുന്നത്. ലാന്‍ഡ് റോവറിന്റെ ഒപ്റ്റിമല്‍ മോഡ്യുലര്‍ എഫിഷ്യല്‍ ഗ്ലോബല്‍ അഡ്വാന്‍സ്ഡ്(ഒമേഗ) ആര്‍ക്കിടെക്ചര്‍ എന്ന ഡിസൈന്‍ ശൈലിയാണ് ഹാരിയറില്‍ സ്വീകരിച്ചിട്ടുള്ളത്. ഈ രൂപകല്‍പ്പന എതിരാളികളില്‍ നിന്ന് ഒരുപടി മുന്നില്‍ നില്‍ക്കാന്‍ ഹാരിയറിനെ സഹായിച്ചേക്കും.

അഞ്ചു സീറ്റ്, ഏഴു സീറ്റ് വകഭേദങ്ങളുണ്ടാകുമെങ്കിലും ആദ്യമെത്തുന്നത് അഞ്ച് സീറ്റ് വാഹനമായിരിക്കും. ഏഴു സീറ്റ് ടാറ്റ ഹാരിയറിനെ 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കും. അഞ്ചു സീറ്ററില്‍ നിന്ന് ഏഴു സീറ്ററിന് നീളം കൂടുതലുണ്ടാകും എന്നതൊഴിച്ചാല്‍ ഡിസൈനിലും മറ്റു ഫീച്ചേഴ്‌സിലും മാറ്റങ്ങളൊന്നുമുണ്ടാകില്ല.

കരുത്തന്‍ എന്‍ജിന്‍

ഏറ്റവും കരുത്തനായ എസ്.യു.വികളുടെ ഗണത്തിലായിരിക്കും ഹാരിയറിന്റെ സ്ഥാനം. ക്രയോജനിക് റോക്കറ്റ് എന്‍ജിനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട

ക്രയോടെക് എന്‍ജിനുകളാണ് ഹാരിയറിന് ഉണ്ടാവുക. 2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എന്‍ജിനായിരിക്കും ഹാരിയറിന് കരുത്ത് പകരുന്നത്. ഫിയറ്റില്‍ നിന്ന് കടംകൊണ്ട എന്‍ജിനാണിത്. ഏറ്റവും കുറഞ്ഞ കാര്‍ബണ്‍ എമിഷനാണ് ഇതിന്റെ മറ്റൊരു സവിശേഷത. ഹ്യുണ്ടായിയുടെ ഗിയര്‍ബോക്‌സ് ആണ് ഇതിനുണ്ടാവുക. ഏഴു സീറ്റുള്ള മോഡലിന് 6-സ്പീഡ് മാനുവല്‍ , 6-സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ ആയിരിക്കും ഉണ്ടാവുക. വിവിധ ഡ്രൈവിംഗ് മോഡുകളുണ്ടാകും. വില കൂടിയ വകഭേദത്തില്‍ ഓള്‍ വീല്‍ ഡ്രൈവ് സൗകര്യവുമുണ്ടാകും.

നിരവധി ഫീച്ചേഴ്‌സ്

ആഡംബരത്തികവാര്‍ന്ന ഇന്റീരിയറാണ് ഹാരിയറിന്റെ മറ്റൊരു പ്രത്യേകത. പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോള്‍സ്, വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ ടോണ്‍ ഡാഷ്‌ബോര്‍ഡ്,

മെമ്മറിയോട് കൂടിയ ഇലക്ട്രോണിക്കലി അഡ്ജസ്റ്റബിള്‍ മുന്‍സീറ്റുകള്‍, സണ്‍റൂഫ്, പിന്നിലുള്ള ഏസി വെന്റുകള്‍... തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

വില

വിലയ്‌ക്കൊത്ത മൂല്യം തരുന്ന എസ്.യു.വി ആണ് ഹാരിയര്‍. അഞ്ച് സീറ്റോട് കൂടിയ വകഭേദത്തിന് 16-21 ലക്ഷം രൂപയോളമാണ് വില പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഏഴ് സീറ്റുള്ള വകഭേദത്തിന് കുറച്ചുകൂടി വില കൂടും. 30,000 രൂപ നല്‍കി ബുക്ക് ചെയ്യാം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it