ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കമ്പനിയെ കൈവിടില്ല: ടാറ്റാ മോട്ടോഴ്സ്

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കമ്പനിയുടെ ഓഹരികള്‍ പൂര്‍ണമായി വിറ്റ് ബ്രിട്ടനില്‍ നിന്നു പിന്മാറാന്‍ ടാറ്റാ മോട്ടോഴ്സ് തയ്യാറെടുക്കുന്നതായുള്ള വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് വിശദീകരണം.ടാറ്റാ മോട്ടോഴ്സിന്റെയും വിശാലമായ ടാറ്റാ ഗ്രൂപ്പിന്റെയും പ്രധാന സ്തംഭമാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ എന്നും അത് മാറ്റമില്ലാതെ തുടരുമെന്നും കമ്പനി അറിയിച്ചു.

ബ്രിട്ടണിലെ നിക്ഷേപ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ടാറ്റാ ഗ്രൂപ്പ് പിന്‍മാറിയേക്കുമെന്ന സൂചനയ്ക്കു പുറമേയാണ് ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ കൈവിടുന്നതായുള്ള വാര്‍ത്ത വന്നത്. സാമ്പത്തിക രക്ഷാപ്രവര്‍ത്തന പാക്കേജില്‍ ബ്രിട്ടീഷ് സര്‍ക്കാരും ടാറ്റ ഗ്രൂപ്പും തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഫലം കാണാത്തതിനെ തുടര്‍ന്ന് പിന്‍മാറാന്‍ഗൂപ്പ് ആലോചിക്കുന്നതായായിരുന്നു റിപ്പോര്‍ട്ടുകള്‍.

ജാഗ്വാര്‍ ലാന്‍ഡ് റോവറിനായി (ജെഎല്‍ആര്‍) ഒരു തന്ത്രപരമായ പങ്കാളിയെ ഗ്രൂപ്പ് അന്വേഷിക്കുന്നതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടീഷ് സ്റ്റീല്‍ പ്ലാന്റിലെ ഓഹരികളും വില്‍ക്കാന്‍ ടാറ്റ ആലോചിക്കുന്നതായി അഭ്യൂഹം പരന്നിരുന്നു. രണ്ട് കമ്പനികളുടെയും യൂറോപ്യന്‍ പ്രവര്‍ത്തനങ്ങള്‍ അവരുടെ മാതൃ കമ്പനികളെ സാമ്പത്തിക പ്രതിസന്ധിയിലാക്കവേ ഗ്രൂപ്പിന് ഉടന്‍ ഒരു പരിഹാരമാര്‍ഗ്ഗം കണ്ടെത്തേണ്ടി വരുമെന്നും അതിന്റെ പ്രതികരണം വൈകിപ്പിക്കാനാവില്ലെന്നും ടാറ്റാ ഗ്രൂപ്പിന്റെയും ടാറ്റാ സ്റ്റീലിന്റെയും മുന്‍ ഡയറക്ടര്‍മാരില്‍ ഒരാള്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

കോവിഡ് -19 ഉണ്ടായെങ്കിലും ഖര ദ്രവ്യത നിലനിര്‍ത്താന്‍ കഴിയുമെന്നു ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പാദ വര്‍ഷ ഫലം തെളിയിക്കുന്നതായി ടാറ്റ പ്രസ്താവനയില്‍ പറഞ്ഞു.പുതിയ വൈദ്യുതീകൃത സാങ്കേതികവിദ്യകളിലേക്ക് മാറുമ്പോള്‍ തിരിച്ചുവരവ് ശക്തമാകുമെന്നാണു പ്രതീക്ഷ. ജെഎല്‍ആറിലെ ഓഹരികള്‍ പൂര്‍ണമായി വില്‍ക്കാന്‍ ടാറ്റ ഗ്രൂപ്പ് തയ്യാറായേക്കില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it