ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങുന്നു, കാരണമിതാണ്

രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്നു. പുതുക്കിയ നിരക്ക് അടുത്ത ആഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. സ്റ്റീല്‍, മറ്റ് വിലയേറിയ ലോഹങ്ങളുടെയും അസംസ്‌കൃത വസ്തുക്കളുടെയും വില വര്‍ധനവാണ് പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ നിര്‍മാതാക്കളെ പ്രേരിപ്പിച്ചതെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാറ്റ മോട്ടോഴ്‌സ് ടിയാഗോ, നെക്‌സണ്‍, ഹാരിയര്‍, സഫാരി തുടങ്ങിയവയാണ് പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ ഇന്ത്യന്‍ വിപണിയിലിറക്കുന്നത്.

'കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സ്റ്റീലിന്റെയും മറ്റ് ലോഹങ്ങളുടെയും വിലയില്‍ കുത്തനെ വര്‍ധനയുണ്ടായി. ചരക്കുകളുടെ വിലവര്‍ദ്ധനവിന്റെ സാമ്പത്തിക ആഘാതം കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഞങ്ങളുടെ വരുമാനത്തിന്റെ 8-8.5 ശതമാനം വരെയാണ്' ടാറ്റ മോട്ടോഴ്‌സ് വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു. ഇന്‍പുട്ട് ചെലവ് വര്‍ധനവിന്റെ ഒരു ചെറിയ ഭാഗം മാത്രമേ ഉപഭോക്താക്കളിലേക്ക് കൈമാറിയിട്ടുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓരോ മോഡലിലെയും ട്രിമ്മിലെയും വില വര്‍ദ്ധനവ് കമ്പനി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിലയേറിയ ലോഹങ്ങളായ റോഡിയം, പല്ലേഡിയം എന്നിവയുടെ വില ഗണ്യമായി ഉയര്‍ന്നിരുന്നു. ഈ കാലയളവില്‍ സ്റ്റീല്‍ വിലയും കുത്തനെ ഉയര്‍ന്നിരുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചത് കാരണം ഈ മാസം ആദ്യം രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ഹാച്ച്ബാക്ക് സ്വിഫ്റ്റ്, സിഎന്‍ജി വേരിയന്റുകളുടെ വില 15,000 രൂപ വരെ ഉയര്‍ത്തിയിരുന്നു.


Related Articles

Next Story

Videos

Share it