ടെസ്റ്റ് ഡ്രൈവ് നിങ്ങളുടെ അവകാശമാണ്! വാഹനം വാങ്ങുന്നതിന് സഹായിക്കുന്ന ചില മാര്‍ഗനിര്‍ദേങ്ങള്‍ ഇതാ

സ്വപ്‌ന വാഹനം സ്വന്തമാക്കാന്‍ നിങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞു. നിങ്ങളുടെ ആവശ്യങ്ങള്‍ക്കിണങ്ങുന്ന, സ്വന്തം ബജറ്റിലൊതുങ്ങുന്ന ഏതാനും മോഡലുകളും നിങ്ങളിപ്പോള്‍ മനസില്‍ കുറിച്ചിട്ടുണ്ടാകും. അടുത്തതായി വേണ്ടത് ടെസ്റ്റ് ഡ്രൈവ് ആണ്. പലരും അതിന് വലിയ പ്രാധാന്യം കൊടുക്കാറില്ല. എന്നാല്‍ ഒരു കാര്യം ഓര്‍ക്കുക. വീടു കഴിഞ്ഞാല്‍ നാം നമ്മുടെ ജീവിതത്തില്‍ വാങ്ങുന്ന ഏറ്റവും വിലപിടിപ്പുള്ള വസ്തുവാണ് വാഹനം. ആ തീരുമാനം ശരിയായില്ലെങ്കില്‍ പിന്നീട് നിങ്ങള്‍ക്ക് ദുഃഖിക്കേണ്ടിവരും. ടെസ്റ്റ് ഡ്രൈവ് ചെയ്ത് വിവിധ മോഡലുകളുടെ പ്രത്യേകതകള്‍ താരതമ്യം ചെയ്ത് വാഹനം വാങ്ങുന്നതിന് സഹായിക്കുന്ന ചില മാര്‍ഗനിര്‍ദേങ്ങള്‍ ഇതാ.

ടെസ്റ്റ് ഡ്രൈവില്‍ എന്തൊക്കെ ശ്രദ്ധിക്കണം?

വസ്ത്രം തെരഞ്ഞെടുക്കാന്‍ പലരും മണിക്കൂറുകള്‍ ചെലവഴിക്കാറുണ്ട്. ജീവിതത്തില്‍ വാങ്ങുന്ന രണ്ടാമത്തെ വിലപിടിപ്പുള്ള വസ്തുവായ വാഹനം തെരഞ്ഞെടുക്കുന്നതില്‍ ആ ഗൗരവം പോലും കൊടുക്കുന്നില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. വാങ്ങുന്നതിന് മുമ്പ് വാഹനം ടെസ്റ്റ് ഡ്രൈവ് നടത്തേണ്ടത് ഉപഭോക്താവിന്റെ അവകാശമാണ്. അത് ഡീലറോട് ആവശ്യപ്പെടുക. അടുത്തിടെ നടന്ന പഠനം പ്രകാരം കൂടുതല്‍ ഉപഭോക്താക്കളും ടെസ്റ്റ് ഡ്രൈവ് നടത്താറില്ല, നടത്തിയാല്‍ തന്നെ അതിന് കാര്യമായ ഗൗരവം നല്‍കാറുമില്ല. വ്യത്യസ്തമായ റോഡ് സാഹചര്യങ്ങളിലും വിവിധ വേഗതയിലുമൊക്കെ ടെസ്റ്റ് ഡ്രൈവ് നടത്തണമെന്ന് ഡീലറോട് നിങ്ങള്‍ക്ക് ആവശ്യപ്പെടാം. കാര്യങ്ങള്‍ ശരിയായി ബോധ്യപ്പെട്ടതിനുശേഷം മാത്രമേ തീരുമാനം എടുക്കാന്‍ സാധിക്കൂ എന്നും അവരോട് വ്യക്തമാക്കുക.

സാധാരണയായി നിങ്ങള്‍ ഡ്രൈവ് ചെയ്യുന്ന രീതിയില്‍ തന്നെ ടെസ്റ്റ് ഡ്രൈവ് നടത്തുക. നിങ്ങളുടെ സ്വന്തം കാര്‍ എങ്ങനെ ഡ്രൈവ് ചെയ്യുമോ അതേ ശ്രദ്ധ ടെസ്റ്റ് ഡ്രൈവിലും വേണം, അപകടകരമായ രീതി ഒഴിവാക്കുക. ഡെമോ കാര്‍ ആണെങ്കില്‍കൂടി ഡീലര്‍ മുഴുവന്‍ തുകയും കൊടുത്താണ് അത് വാങ്ങിയതെന്ന് ഓര്‍ക്കുക.

നിയമങ്ങള്‍ അറിയുക

കൂടുതല്‍ ഡീലര്‍ഷിപ്പുകളും തങ്ങളുടെ ഡെമോ കാറുകള്‍ രജിസ്റ്റര്‍ ചെയ്യാറുണ്ട്. ഡെമോ കാറിന് ചുവന്ന ഡീലര്‍ ട്രേഡ് ലൈസന്‍സ് പ്ലേറ്റ് ആണെങ്കില്‍ അത് TC പ്ലേറ്റ് (ട്രേഡ് സര്‍ട്ടിഫിക്കറ്റ്) എന്നാണ് അറിയപ്പെടുന്നത്. അത്തരം രജിസ്‌ട്രേഷനോട് കൂടിയ കാറില്‍ യാത്ര ചെയ്യുമ്പോള്‍ സെയ്ല്‍സ് ജീവനക്കാരന്‍ ഇന്‍ഷുറന്‍സ് പേപ്പറുകള്‍, ശരിയായി പൂരിപ്പിച്ച ഫോം-19 തുടങ്ങിയ RTO രേഖകളെല്ലാം കൈയില്‍ കരുതിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ഡ്രൈവ് തുടങ്ങും മുമ്പ് അവ കാണിക്കാന്‍ ജീവനക്കാരനോട് ആവശ്യപ്പെടാം.

റ്റിസി പ്ലേറ്റ് വെച്ച കാര്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഉത്തരവാദിത്തങ്ങള്‍ ഡീലര്‍ഷിപ്പില്‍ നിക്ഷിപ്തമാണ്. എങ്കിലും നിങ്ങള്‍ ഡ്രൈവ് ചെയ്യുമ്പോള്‍ എന്തെങ്കിലും അപകടമോ മറ്റോ സംഭവിച്ചാല്‍ കൃത്യമായ രേഖകളില്ലെങ്കില്‍ അത് നിങ്ങളെയും പ്രശ്‌നത്തിലാക്കും. പല സെയ്ല്‍സ് ജീവനക്കാരും ഇതിന് വേണ്ടത്ര പ്രാധാന്യം കൊടുക്കാറില്ലെന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട്. ആര്‍ടിഒയുടെ കര്‍ശന നിര്‍ദേശങ്ങള്‍ കൊണ്ട് നിയമലംഘനങ്ങള്‍ ഒരു പരിധി വരെ കുറഞ്ഞിട്ടുണ്ടെങ്കിലും നിങ്ങളും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. മാത്രമല്ല, ടെസ്റ്റ് ഡ്രൈവ് ആണെങ്കിലും നിയമത്തില്‍ മാറ്റമൊന്നും ഇല്ലെന്ന് ഓര്‍ക്കുക. അമിതവേഗതയും മറ്റ് നിയമലംഘനങ്ങളും പാടില്ല. നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് ഡ്രൈവിന് മുമ്പ് ഡീലര്‍ ആവശ്യപ്പെടും.

ഡ്രൈവ് നടത്തുമ്പോള്‍

ടെസ്റ്റ് ഡ്രൈവ് നടത്താന്‍ നേരത്തെ തന്നെ അപ്പോയ്ന്റ്‌മെന്റ് എടുത്തശേഷം ഡീലര്‍ഷിപ്പിലെത്തിയാല്‍ വാഹനം ലഭിക്കാനായി നിങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വരില്ല. നിങ്ങള്‍ ഡീലര്‍ഷിപ്പിലേക്ക് പോകുകയോ നിങ്ങളുടെ സ്ഥലത്ത് എത്താന്‍ ആവശ്യപ്പെടുകയോ ചെയ്യാം. പക്ഷെ നിങ്ങള്‍ ടെസ്റ്റ് ഡ്രൈവ് നടത്താനാണ് വരുന്നതെന്നും ഇപ്പോള്‍ത്തന്നെ ഒരു തീരുമാനം എടുക്കാനാവില്ലെന്നും സെയ്ല്‍സ് ജീവനക്കാരനെ പ്രത്യേകം ഓര്‍മ്മിപ്പിക്കുക. നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന മോഡലും വകഭേദവും തന്നെ ഡ്രൈവ് ചെയ്യണമെന്നും ആവശ്യപ്പെടുക.

ഓടിക്കുക, നിര്‍ത്തുക, തിരിക്കുക എന്നിവയാണ് ഒരു വാഹനത്തിന്റെ അടിസ്ഥാന ധര്‍മ്മങ്ങള്‍. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളിലാണ് പ്രധാന ശ്രദ്ധ നല്‍കേണ്ടത്. ആവശ്യത്തിന് പവറും ആക്‌സിലറേഷനും ഉണ്ടോ? ബ്രേക്ക് കാര്യക്ഷമമാണോ, വളവുകളിലും തിരിവുകളിലും ആത്മവിശ്വാസത്തോടെ ഡ്രൈവ് ചെയ്യാനാകുന്നുണ്ടോ, എന്‍ജിന്റെ ശബ്ദം എത്രമാത്രമുണ്ട്, ക്ലച്ചും സ്റ്റിയറിംഗുമൊക്കെ സ്മൂത്ത് ആണോ, റോഡിലെ ശബ്ദങ്ങള്‍ കാബിനുള്ളിലേക്ക് എത്രമാത്രം പ്രവേശിക്കുന്നുണ്ട് എന്നൊക്കെ ശ്രദ്ധിക്കുക.

സവിശേഷതകള്‍ ശ്രദ്ധിക്കുക

ആദ്യം സെയ്ല്‍സ് ജീവനക്കാരന്‍ തന്നെ ഡെമോ കാര്‍ ഓടിക്കുന്നതായിരിക്കും നല്ലത്. കോ-ഡ്രൈവര്‍ സീറ്റിലിരുന്ന് നിങ്ങള്‍ക്ക് വാഹനത്തിന്റെ പ്രത്യേകതകള്‍ വീക്ഷിക്കാം. അതിനുശേഷം 8-10 കിലോമീറ്ററോളം നിങ്ങള്‍ തന്നെ വാഹനമോടിക്കുക. അതുപോലെ തന്നെ പിന്‍ സീറ്റുകളിലും ഇരുന്ന് അവയുടെ കംഫര്‍ട്ടും ലെഗ് സ്‌പേസുമൊക്കെ പരിശോധിക്കുക.

ചിലപ്പോള്‍ നിങ്ങള്‍ വാഹനം ഓടിക്കുമ്പോള്‍ സെയ്ല്‍സ് ജീവനക്കാര്‍ സംസാരിക്കുകയോ ഉച്ചത്തില്‍ പാട്ടുവെക്കുകയോ ചെയ്‌തേക്കാം. ഇവ രണ്ടും നിങ്ങളുടെ ശ്രദ്ധ തിരിക്കും. റോഡ് നോയ്‌സ്, എന്‍ജിന്‍ നോയ്‌സ് തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കാനും കഴിയില്ല. ആക്‌സിലറേഷന്റെ ഫീല്‍ ലഭിക്കണം എന്നുണ്ടെങ്കിലോ സഡണ്‍ ബ്രേക്കിംഗ് നോക്കണമെങ്കിലോ ഏറ്റവും സുരക്ഷിതമായ സ്ഥലത്തു വെച്ചു മാത്രമേ ആകാവൂ. സെയ്ല്‍സ് ജീവനക്കാരന് മുന്‍കൂട്ടി ജാഗ്രതാനിര്‍ദേശം നല്‍കുകയും വേണം. നിങ്ങള്‍ സാധാരണ ഡ്രൈവ് ചെയ്യാറുള്ള റോഡ് സാഹചര്യങ്ങളില്‍ കൂടി ഓടിക്കാനും മറക്കരുത്.

കാറിന്റെ മുന്‍ഡോറുകള്‍ സാധാരണയായി വലുതും തുറക്കാനും അടയ്ക്കാനും എളുപ്പമുള്ളവയുമാണ്. പക്ഷെ പിന്‍ഡോറുകളിലൂടെയുള്ള കയറ്റവും ഇറക്കവും എങ്ങനെയാണെന്ന് പരിശോധിക്കുക. മൂന്നാം നിര സീറ്റുകളുള്ള വാഹനമാണ് വാങ്ങുന്നതെങ്കില്‍ അവയുടെ കംഫര്‍ട്ടും പരിശോധിക്കുക. പിന്‍ സീറ്റുകള്‍ അഡ്ജസ്റ്റ് ചെയ്യാവുന്നവയാണോ, അവ കംഫര്‍ട്ടബിള്‍ ആണോ, ആവശ്യത്തിന് വലുപ്പമുണ്ടോ, കൂടുതല്‍ ബൂട്ട് സ്‌പേസ് ലഭിക്കാനായി അവ മടക്കിവെക്കാനാകുമോ എന്നൊക്കെ നോക്കുക.

വാഹനത്തിന്റെ ഫിറ്റ്, ഫിനിഷ്, ബില്‍ഡ് ക്വാളിറ്റി (പ്ലാസ്റ്റിക് ഭാഗങ്ങളുടേത് ഉള്‍പ്പടെ), ഡോര്‍ അടയ്ക്കുമ്പോഴുള്ള ശബ്ദം, പിന്നീല്‍ രണ്ട് യാത്രക്കാര്‍ ഇരിക്കുമ്പോഴുള്ള ഗ്രൗണ്ട് ക്ലിയറന്‍സ് തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കുക. മ്യൂസിക് സിസ്റ്റം, ബ്ലൂടുത്ത് കണക്റ്റിവിറ്റി തുടങ്ങിയവയും പരിശോധിക്കുക.

ചോദ്യങ്ങള്‍ ചോദിക്കുക

ഒരേ ദിവസം എല്ലാ കാറുകളും ടെസ്റ്റ് ഡ്രൈവ് നടത്താനായില്ലെങ്കില്‍ ഡ്രൈവ് ചെയ്ത കാറിന്റെ എന്തെല്ലാം കാര്യങ്ങളാണ് നിങ്ങള്‍ ഇഷ്ടപ്പെടുന്നതെന്നു നോട്ട് എഴുതി സൂക്ഷിക്കുന്നത് നന്നായിരിക്കും. എന്തെല്ലാം ഘടകങ്ങള്‍ ഇഷ്ടമായില്ലെന്നും എഴുതിവയ്ക്കുക. കഴിയുന്നതും നിഷ്പക്ഷമായ വിലയിരുത്തല്‍ നടത്താല്‍ ശ്രദ്ധിക്കുക. സംശയങ്ങള്‍ ഉണ്ടങ്കില്‍ ചോദിക്കാന്‍ മടിക്കരുത്.
ഏതു സമയത്ത് സെയ്ല്‍ ക്ലോസ് ചെയ്യണമെന്ന് സെയ്ല്‍സ് ജീവനക്കാരന് നന്നായി അറിയാം. ടെസ്റ്റ് ഡ്രൈവ് നടത്തിക്കഴിയുമ്പോള്‍ പുതിയ കാറിന്റെ പുതുമയുള്ള ഗന്ധം നിങ്ങളുടെ ചുറ്റും തങ്ങിനില്‍പ്പുണ്ടാകും. പക്ഷെ അവിടെ വെച്ച് നിങ്ങള്‍ തീരുമാനം പറയരുത്. വില, ഓഫറുകള്‍, ലഭ്യത, സര്‍വീസ് സപ്പോര്‍ട്ട് തുടങ്ങിയ നിരവധി ഘടകങ്ങള്‍ കണക്കാക്കി മറ്റു മോഡലുകളുമായി താരതമ്യം ചെയ്യുക.

'ഓഫര്‍ അധികകാലം ഉണ്ടാകില്ല. ഈ നിറത്തിലുള്ള ഒരു കാര്‍ മാത്രമേയുള്ളു...' തുടങ്ങിയ സെയ്ല്‍സ് ജീവനക്കാരന്റെ വാക്കുകള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കരുത്. ഇതു നിങ്ങളുടെ പണമാണ്. തീരുമാനം നിങ്ങളുടേത് മാത്രമാണ് എന്നോര്‍ക്കുക.

ലേഖകന്‍ - സാം കെ എസ്, 2016 ല്‍ ധനം മാഗസിന് വേണ്ടി തയ്യാറാക്കിയ ലേഖനം

Related Articles

Next Story

Videos

Share it