പ്രീമിയം ബൈക്ക് വിപണിയിലേക്ക് ചുവടുമാറ്റി കമ്പനികൾ

ആഡംബര ബൈക്കുകളെന്നാല്‍ യുവമനസുകള്‍ക്ക് വെറുമൊരു വാഹനമല്ല, ഒരു വികാരമാണ്. അതുതന്നെയാണ് വാഹനവിപണിയിലെ വില്‍പ്പനയിടിവൊന്നും പ്രീമിയം മോട്ടോര്‍ സൈക്കിളുകളെ ബാധിക്കാത്തതിന് കാരണവും.

ഇത് കണ്ടറിഞ്ഞ് പ്രീമിയം മോട്ടോര്‍ സൈക്കിള്‍ വിപണിയിലേക്ക് കണ്ണുവെക്കുകയാണ് ഇരുചക്രവാഹനനിര്‍മാതാക്കള്‍. കഴിഞ്ഞ രണ്ടു മാസത്തിനിടെ 200 സിസിയോ അതിന് മുകളിലോ ഉള്ള നിരവധി ബൈക്കുകളാണ് വിപണിയില്‍ അവതരിപ്പിച്ചത്.

പ്രീമിയം മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ വരാനിരിക്കുന്ന മികച്ച വളര്‍ച്ചയാണ് ഇരുചക്രവാഹന നിര്‍മാതാക്കള്‍ മുന്നില്‍ക്കാണുന്നത്. 2018-19 സാമ്പത്തികവര്‍ഷം മൊത്തം മോട്ടോര്‍ സൈക്കിള്‍ വില്‍പ്പനയുടെ ആറ് ശതമാനത്തോളം വില്‍പ്പന 200 സിസിക്ക് മുകളിലുള്ള ബൈക്കുകള്‍ക്ക് നേടാനായി.

എന്നാല്‍ 2014 സാമ്പത്തികവര്‍ഷം ഇത് മൂന്ന് ശതമാനം മാത്രമായിരുന്നു. ഭാവിയില്‍ ഈ മേഖല 8-11 ശതമാനം വാര്‍ഷികവളര്‍ച്ച കൈവരിക്കാനുള്ള സാധ്യതയാണ് കാണുന്നത്.

ഈ വളര്‍ച്ചാ സാധ്യതയാണ് പ്രീമിയം ബൈക്ക് വിപണിയിലേക്ക് കടക്കാന്‍ ഇരുചക്രവാഹനിര്‍മാതാക്കള്‍ക്ക് പ്രചോദനമാകുന്നത്. പ്രീമിയം ബൈക്കുകളുടെ ഉപഭോക്താക്കളില്‍ സാധാരണ ബൈക്കുകളില്‍ നിന്ന് അപ്‌ഗ്രേഡ് ചെയ്ത് പ്രീമിയം ബൈക്കുകളിലേക്ക് പോകുന്നവരും ആദ്യമായി വാങ്ങുന്നവര്‍ തന്നെ ആഡംബര മോട്ടോര്‍ സൈക്കിള്‍ സ്വന്തമാക്കുന്നവരുമുണ്ട്.

സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ ഈ രംഗത്ത് ശ്രദ്ധേയമായ ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്. ഇനി മാസ് മാര്‍ക്കറ്റില്‍ നിന്ന് പുറത്തേക്ക് കടന്ന് പ്രീമിയം ബൈക്കുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കമ്പനി. 150 സിസിക്ക് മുകളിലുള്ള ബൈക്കുകളാണ് ഇനി അവതരിപ്പിക്കുകയെന്നും ചെറിയ ബൈക്കുകളോ സ്‌കൂട്ടറുകളോ ഇറക്കാന്‍ പദ്ധതിയില്ലെന്നും കമ്പനി തലവനായ കൊയ്ചിറോ ഹിരാവോ പ്രഖ്യാപിച്ചിരിക്കുകയാണ്.

സുസുകി അടുത്തിടെ ജിക്‌സര്‍ എസ്.എഫ് 250 എന്നപ്രീമിയം ബൈക്ക് അവതരിപ്പിച്ചുകൊണ്ട് ഈ മേഖലയില്‍ സാന്നിധ്യമായി. 1,70,000 രൂപയാണ് ഇതിന്റെ എക്‌സ് ഷോറൂം വില. ഒപ്പം 150 സിസിയുടെ ജിക്‌സര്‍ എസ് എഫും അവതരിപ്പിക്കുകയുണ്ടായി.

1,09,870 രൂപയാണ് ഇതിന്റെ വില. നാഗരിക യുവാക്കളെയാണ് സുസുകി ലക്ഷ്യം വെക്കുന്നത്. സുസുക്കി പ്രീമിയം ഔട്ട്‌ലെറ്റുകളിലൂടെയാണ് ജിക്‌സര്‍ എസ്എഫ് 250 വില്‍ക്കുന്നത്.

വിപണിയിലെ മുന്‍നിര ബ്രാന്‍ഡായ ഹീറോ മോട്ടോര്‍കോര്‍പ്പിന്റെ ഏറ്റവും വില്‍പ്പന വരുന്നത് എന്‍ട്രി ലെവല്‍, കമ്യൂട്ടര്‍ വിഭാഗങ്ങളില്‍ നിന്നാണ്. എന്നാല്‍ ഈയിടെ മൂന്ന് മോട്ടോര്‍ സൈക്കിളുകളാണ് പ്രീമിയം വിഭാഗത്തിലേക്ക് അവതരിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ മോഡലുകള്‍ വരാനിരിക്കുന്നു.

200 സിസി ബൈക്കുകളായ ഹീറോ എക്‌സ്പള്‍സ് 200റ്റി (94000 രൂപ), എക്‌സ്പള്‍സ് 200 (97,000 രൂപ), എക്‌സ്ട്രീം 200എസ് (98,500 രൂപ) തുടങ്ങിയവ ഹീറോ അവതരിപ്പിച്ചത് പ്രീമിയം വിപണി ലക്ഷ്യമിട്ടായിരുന്നു. ഹീറോ 400-450 സിസി ബൈക്കുകളും വിപണിയിലിറക്കാന്‍ ലക്ഷ്യമിടുന്നു.

ഭാവിയില്‍ പ്രീമിയം ബൈക്ക് വിഭാഗത്തില്‍ മികച്ച വളര്‍ച്ചാസാധ്യതയാണ് യമഹ കാണുന്നത്. ഇപ്പോള്‍ത്തന്നെ തങ്ങളുടെ പ്രീമിയം വിഭാഗത്തില്‍ പ്രത്യേകിച്ച് സ്‌പോര്‍ട്‌സ് ബൈക്കുകളുടെ വില്‍പ്പനയില്‍ വളര്‍ച്ചയുണ്ടാകുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.

ഹോണ്ട പ്രീമിയം മോട്ടോര്‍ സൈക്കിളുകള്‍ക്കായി ഹോണ്ട ബിഗ് വിംഗ് എന്ന പുതിയ റീറ്റെയ്ല്‍ ചെയ്ന്‍ ആരംഭിച്ചിരുന്നു. ഹോണ്ട സിബി300ആര്‍, ഹോണ്ട സിബി1000ആര്‍, ഹോണ്ട സിബിആര്‍1000ആര്‍ആര്‍ ഫയര്‍ബ്ലേഡ് എസ്പി തുടങ്ങിയ മോഡലുകളാണ് ഈ പ്രീമിയം ഔട്ട്‌ലെറ്റുകളിലൂടെ വില്‍ക്കുന്നത്.

നേരത്തെ തന്നെ പ്രീമിയം വിഭാഗത്തില്‍ സജീവമായ റോയല്‍ എന്‍ഫീല്‍ഡ്, ബജാജ് ഓട്ടോ, റ്റിവിഎസ് മോട്ടോര്‍ എന്നിവരും പുതിയ മോഡലുകള്‍ വിപണിയിലിറക്കി പ്രീമിയം വിഭാഗത്തില്‍ ആധിപത്യമുറപ്പിക്കാന്‍ തയാറെടുക്കുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it