യൂബര്‍ വിളിച്ചാല്‍ ഇലക്ട്രിക് സ്കൂട്ടറും വരും

യൂബര്‍ കാറുകള്‍ക്കൊപ്പം ഇലക്ട്രിക് ബൈക്കുകളും സ്കൂട്ടറുകളും കൂടി ഉള്‍പ്പെടുത്തുന്നു. ഇതില്‍ രണ്ടുണ്ട് കാര്യം. പ്രകൃതിയെ സംരക്ഷിക്കാം. ഉപഭോക്താവിനെ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാനുമാകാം. നഗരങ്ങളിലെ തിരക്കേറിയ മണിക്കൂറുകളില്‍ ഹൃസ്വദൂരയാത്രകള്‍ക്ക് ഇരുചക്രവാഹനങ്ങളാണ് കൂടുതല്‍ പ്രായോഗികം എന്നതാണ് ഇത്തരമൊരു പദ്ധതി അവതരിപ്പിക്കുന്നതിന് പിന്നിലെന്ന് യൂബര്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ പറയുന്നു.

ഇലക്ട്രിക് ബൈക്കുകളും സ്കൂട്ടറുകളും അവതരിപ്പിക്കാന്‍ യൂബര്‍ യു.എസ് കമ്പനിയായ ലൈം ഇലക്ട്രിക്കുമായാണ് സഹകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നഗരങ്ങളില്‍ ഇതിന് വലിയ സാധ്യതയാണ് കമ്പനി കാണുന്നത്. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യുവാക്കള്‍ക്ക് വലിയൊരു തൊഴിലവസരവും ഇത് സൃഷ്ടിക്കും.

കാര്‍ യാത്രകളാണ് കമ്പനിയെ സംബന്ധിച്ചടത്തോളം ലാഭകരമെങ്കിലും ആളകള്‍ ഹൃസ്വദൂരയാത്രകള്‍ക്ക് യൂബര്‍ കൂടുതലായി തെരഞ്ഞെടുക്കുന്നതിലൂടെ ആപ്പ് ഉപയോഗം കൂട്ടുക എന്നതിനാണ് ഇതിലൂടെ കമ്പനി പ്രാമുഖ്യം കൊടുക്കുന്നത്. അതുകൊണ്ട് ഓരോ റൈഡിലും എത്ര പണം കമ്പനിക്ക് കിട്ടുന്നു എന്നതിന് പ്രാധാന്യം കൊടുക്കുന്നില്ല.

ആദ്യഘട്ടമെന്ന നിലയില്‍ യു.എസിലും യൂറോപ്പിലുമാണ് ഇപ്പോള്‍ പദ്ധതി അവതരിപ്പിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അവശ്യമായ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഇന്ത്യയില്‍ ഇപ്പോള്‍ സജ്ജമല്ലാത്തതുകൊണ്ട് പദ്ധതി ഇവിടെയെത്താന്‍ സമയമെടുത്തേക്കും. എന്നാല്‍ 2020ഓടെ ഇലക്ട്രിക് വാഹനരംഗത്ത് വലിയ കുതിച്ചുചാട്ടം സൃഷ്ടിക്കാനുള്ള തയാറെടുപ്പിലാണ് രാജ്യം എന്നത് പ്രതീക്ഷ പകരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it