പുതിയ കാറുകള്‍ കിതയ്ക്കുമ്പോള്‍ യൂസ്ഡ് കാറുകള്‍ കുതിക്കുന്നു

കൊച്ചി ഇന്‍ഫോപാര്‍ക് ജീവനക്കാരനായ നിഖില്‍ തന്റെ പഴയ കാര്‍ ഒന്ന് മാറ്റി പുതിയൊരു സെഡാന്‍ വാങ്ങാന്‍ എല്ലാം തീരുമാനിച്ചുറപ്പിച്ചതായിരുന്നു. ഈ വിലയില്‍ നല്ല പ്രീമിയം യൂസ്ഡ് കാറുകള്‍ കിട്ടുമെന്ന സുഹൃത്തിന്റെ വാക്കുകളാണ് ആ വഴിക്കൊന്ന് അന്വേഷിക്കാന്‍ നിഖിലിനെ പ്രേരിപ്പിച്ചത്. അന്വേഷണത്തിനൊടുവില്‍ വിപണിയില്‍ 16 ലക്ഷം രൂപ വിലയുള്ളതും എന്നാല്‍ വളരെ കുറച്ചുമാത്രം ഉപയോഗിച്ചതുമായ എസ്.യു.വി ഒമ്പത് ലക്ഷം രൂപയ്ക്ക് നിഖിലിന് ലഭിച്ചു. തന്റെ ഡ്രീം കാര്‍ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നിഖില്‍. ഇത്തരത്തില്‍ പുതിയ കാറുകള്‍ക്ക് ലഭിക്കേണ്ട വില്‍പ്പന യൂസ്ഡ് കാറുകള്‍ തട്ടിയെടുക്കുകയാണ്. പുതിയ കാറുകളുടെ വില്‍പ്പന ഇടിയുമ്പോള്‍ ഇരട്ട അക്കത്തിലാണ് യൂസ്ഡ് കാറുകളുടെ വില്‍പ്പന കുതിക്കുന്നത്.
2019 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലഘട്ടം മുന്‍ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് പുതിയ പാസഞ്ചര്‍ കാറുകളുടെ വില്‍പ്പനയില്‍ 16.40 ശതമാനമാണ് ഇടിവുണ്ടായത്. എന്നാല്‍ യൂസ്ഡ് കാര്‍ വിപണി ഇതേ കാലഘട്ടത്തില്‍ 12 ശതമാനം വളരുകയാണുണ്ടായത്. 2019ല്‍ മൊത്തം വിറ്റത് 4.2 ദശലക്ഷം യൂസ്ഡ് കാറുകളാണ്. ഈ വര്‍ഷം 15 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
സാമ്പത്തികമാന്ദ്യത്തിന്റെ കാലഘട്ടത്തില്‍ വലിയൊരു തുക പുതിയ കാറിനായി മുടക്കാനുള്ള മടി, മികച്ച യൂസ്ഡ് കാറുകള്‍ വിപണിയില്‍ ലഭ്യമായത്, ബിഎസ് ആറ് മലിനീകരണ മാനദണ്ഡങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരുന്നത്, യൂസ്ഡ് കാര്‍ രംഗത്തേക്ക് ഓര്‍ഗനൈസ്ഡ് പ്ലെയേഴ്സിന്റെ കൂടുതലായുള്ള കടന്നുവരവ്, ഓണ്‍ലൈന്‍ വില്‍പ്പന വ്യാപകമായത്… തുടങ്ങിയ ഒട്ടേറെ കാരണങ്ങളുണ്ട് ഈ മുന്നേറ്റത്തിന് പിന്നില്‍.
വാങ്ങല്‍ രീതിയിലുണ്ടായ മാറ്റം
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉപഭോക്താക്കളുടെ വാങ്ങല്‍ രീതികളില്‍ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. 10 വര്‍ഷം മുമ്പുവരെ ഒരു കാര്‍ വാങ്ങിയാല്‍ ആളുകള്‍ അത് 8-10 വര്‍ഷം വരെ ഉപയോഗിച്ചിരുന്നു എന്നാലിപ്പോള്‍ അത് 3-5 വര്‍ഷമായി കുറഞ്ഞിരിക്കുന്നു. 1-2 വര്‍ഷം കൊണ്ട് കാര്‍ മാറ്റുന്നവരും ധാരാളം. ഫലമോ യൂസ്ഡ് കാര്‍ വിപണിയിലേക്ക് പുതിയ കാറുകളെ വെല്ലുന്ന യൂസ്ഡ് കാറുകളെത്തുന്നു.
ഇന്ത്യയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി 1:1.2 എന്ന അനുപാതത്തിലാണ് കാര്‍ വില്‍പ്പന. അതായത് ഒരു പുതിയ കാര്‍ വില്‍ക്കുമ്പോള്‍ 1.2 യൂസ്ഡ് കാറുകള്‍ വില്‍ക്കുന്നു.
ബിഎസ് നാല് വാഹനങ്ങളും ബിഎസ് ആറ് വാഹനങ്ങളും തമ്മിലുള്ള വിലവ്യത്യാസം വളരെ വലുതാണെന്നതും യൂസ്ഡ് കാറുകള്‍ ആകര്‍ഷകമായ വിലയില്‍ ലഭിക്കാന്‍ കാരണമായി.
ടൂവീലറുകളില്‍ നിന്ന് കാറുകളിലേക്ക് എത്തുന്നവരാണ് യൂസ്ഡ് കാറുകളുടെ പ്രധാന ഉപഭോക്താക്കള്‍. എന്നാല്‍ പ്രീമിയം യൂസ്ഡ് കാറുകളുടെ കാര്യത്തില്‍ അതല്ല സ്ഥിതി. സെലിബ്രിറ്റികള്‍, വന്‍കിട ബിസിനസുകാര്‍ തുടങ്ങി ഒട്ടേറെപ്പേര്‍ അത്യാഡംബര യൂസ്ഡ് കാറുകള്‍ വാങ്ങുന്നു. കേരളത്തില്‍ പ്രീമിയം യൂസ്ഡ് കാറുകളുടെ വിപണിയില്‍ വന്‍ വളര്‍ച്ചയുണ്ടാകുന്ന നാളുകളാണ് വരാനിരിക്കുന്നതെന്ന് റോയല്‍ ഡ്രൈവ് പ്രീഓണ്‍ഡ് കാര്‍സിന്റെ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്റ്റര്‍ മുജീബ് റഹ്മാന്‍ പറയുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline