ഉപഭോക്താക്കള്‍ക്ക് യൂസ്ഡ് കാറുകള്‍ മതി, വില്‍പ്പന കൂടുന്നു

ടെലികോം കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന ടെസ ലോക്ഡൗണിന് മുമ്പ് വരെ ട്രെയ്‌നിലാണ് ഓഫീസിലെത്തിയിരുന്നത്. പിന്നീട് ഓഫീസ് തുറന്നപ്പോള്‍ മേലധികാരികള്‍ ഒരു നിബന്ധന വെച്ചു: സ്വന്തം വാഹനങ്ങളില്‍ വരാന്‍ പറ്റുന്നവര്‍ മാത്രം വന്നാല്‍ മതി. ബാക്കിയുള്ളവര്‍ക്ക് ശമ്പളമില്ലാത്ത അവധിയെടുക്കാം. കുറേനാള്‍ ഭര്‍ത്താവ് ഓഫീസില്‍ കൊണ്ടുപോയി വിട്ടു. പക്ഷെ അദ്ദേഹത്തിനും ഓഫീസില്‍ പോകേണ്ടിവന്നപ്പോല്‍ ഒരു കാര്‍ കൂടി വാങ്ങേണ്ട അവസ്ഥയായി. തങ്ങളുടെ ബജറ്റിലൊതുങ്ങുന്ന യൂസ്ഡ് കാറിനായുള്ള അന്വേഷണത്തിലാണ് ഇവര്‍.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യം യൂസ്ഡ് കാറുകളുടെ വില്‍പ്പന ഉയര്‍ത്തിയിരിക്കുകയാണ്. കോവിഡ് പ്രതിസന്ധിയില്‍പ്പെട്ട് രാജ്യത്തെ പുതിയ വാഹനങ്ങളുടെ വില്‍പ്പന അടുത്തകാലത്തെ ഏറ്റവും വലിയ താഴ്ചയിലെത്തിയിരിക്കുമ്പോഴാണ് യൂസ്ഡ് കാറുകളുടെ ഡിമാന്റ് ഉയരുന്നത്.
യൂസ്ഡ് കാറുകളില്‍ ഇപ്പോള്‍ ഏറ്റവും ഡിമാന്റുള്ളത് ചെറുകാറുകള്‍ക്കാണ്. ''ഏറ്റവും അന്വേഷണങ്ങളുള്ളത് രണ്ടരലക്ഷം രൂപയ്ക്ക് താഴെയുള്ള യൂസ്ഡ് കാറുകള്‍ക്കാണ്. ദിവസവും നിരവധി ഫോണ്‍ കോളുകള്‍ ഞങ്ങള്‍ക്ക് വരുന്നുണ്ട്. എന്നാല്‍ പുതിയ വാഹനങ്ങളുടെ വില്‍പ്പന കുറവായതുകൊണ്ട് യൂസ്ഡ് കാര്‍ വിപണിയിലേക്ക് ഡിമാന്റിന് അനുസരിച്ച് പഴയ കാറുകള്‍ എത്താത്ത സ്ഥിതിയാണുള്ളത്. പുതിയ കാറുകളുടെ വില്‍പ്പനയ്ക്ക് ആനുപാതീകമായാണ് യൂസ്ഡ് കാര്‍ വിപണിയിലേക്ക് വാഹനം എത്തുന്നത്.'' കൊച്ചി ചേരാനെല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന എച്ച് പ്രോമിസ് പോപ്പുലറിന്റെ ഓപ്പറേഷന്‍സ് വിഭാഗം ബിസിനസ് ഹെഡ് വിനോദ് ജി.വാര്യര്‍ പറയുന്നു.
ഈ സാഹചര്യം മെച്ചപ്പെട്ട രീതിയില്‍ പ്രയോജനപ്പെടുത്താനാകുന്നില്ലെന്നാണ് കൊച്ചിയിലെ തന്നെ മറ്റൊരു യൂസ്ഡ് കാര്‍ ഡീലര്‍ക്കും പറയാനുള്ളത്. ''കോവിഡ് ദീതി നിലനില്‍ക്കുന്നതിനാല്‍ ഷോറൂമിലേക്ക് വരുന്നവരുടെ എണ്ണം കുറവാണ്. എന്നാല്‍ നിരവധി കോളുകള്‍ ദിവസം ലഭിക്കുന്നുണ്ട്. അവര്‍ക്ക് വാഹനത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ അയച്ചുകൊടുക്കുന്നു. പക്ഷെ ഉപഭോക്താവിന്റെ ഡിമാന്റിന് അനുസരിച്ചുള്ള യൂസ്ഡ് കാറുകള്‍ ഞങ്ങളുടെ കൈവശം ഇല്ലാത്തതിനാല്‍ ഈ ഡിമാന്റ് പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല.''
മാരുതിയുടെ ട്രൂ വാല്യു, മഹീന്ദ്രയുടെ ഫസ്റ്റ് ചോയ്‌സ്, ഹ്യുണ്ടായിയുടെ എച്ച് പ്രോമിസ് തുടങ്ങിയവരാണ് ഈ രംഗത്ത് മുന്‍നിരയിലുള്ളത്. കൂടാതെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളായ ഒഎല്‍എക്‌സ്, കാര്‍സ്24 തുടങ്ങിയവയിലൂടെയും യൂസ്ഡ് കാറുകള്‍ വില്‍ക്കുന്നു.
കാരണങ്ങള്‍ നിരവധി
പൊതു വാഹനങ്ങള്‍ സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ വീട്ടില്‍ ഒരു വാഹനം ആവശ്യമാണെന്ന ചിന്ത പലര്‍ക്കും ഉണ്ടായിരിക്കുന്നു. വീട്ടിലെ പ്രായമായവരെയും കൊച്ചുകുട്ടികളെയും കൊണ്ട് യാത്ര ചെയ്യേണ്ട സാഹചര്യത്തില്‍ പ്രത്യേകിച്ചും. തല്‍ക്കാലത്തേക്ക് ഒരു വാഹനം നിലയിലും കുറഞ്ഞ വിലയില്‍ ലഭ്യമാണെന്നതുമാണ് യൂസ്ഡ് കാറുകളിലേക്ക് കൂടുതല്‍പ്പേരെയും ആകര്‍ഷിക്കുന്നത്.
കൂടാതെ ചില സ്ഥാപനങ്ങള്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കരുതെന്ന് ജീവനക്കാരോട് ആവശ്യപ്പെടുന്നു. സ്വന്തമായി വാഹനമില്ലാത്തവര്‍ വീട്ടിലിരിക്കേണ്ടിവരുന്ന അവസ്ഥ. കൂടാതെ ഗള്‍ഫ് വിദേശരാജ്യങ്ങളില്‍ നിന്ന് തിരിച്ചുവന്നവരും തല്‍ക്കാലത്തേക്കുള്ള ഉപയോഗമെന്ന നിലയില്‍ യൂസ്ഡ് കാറുകള്‍ വാങ്ങുന്നു. യൂസ്ഡ് കാര്‍ ആയതുകൊണ്ട് പിന്നീട് വിദേശത്തേക്ക് പോകുമ്പോള്‍ നഷ്ടമില്ലാതെ വില്‍ക്കുകയും ചെയ്യാമല്ലോ.
എന്നാല്‍ ചെറുകാറുകള്‍ക്കാണ് ഇത്രയും ഡിമാന്റുള്ളത്. വില കൂടിയ കാറുകള്‍ വാങ്ങാന്‍ ഭൂരിപക്ഷത്തിനും ബാങ്ക് വായ്പ ആവശ്യമായി വരുന്നു. എന്നാല്‍ ഫിനാന്‍സ് ലഭിക്കാനുള്ള ബുദ്ധിമുട്ടും കാലതാമസവും വില്‍പ്പനയ്ക്ക് തടസമാകുന്നുണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline