യൂട്ടിലിറ്റി വാഹനമേഖലയിലെ അഞ്ച് രാജാക്കന്മാര്‍

യൂട്ടിലിറ്റി വാഹനമേഖല ഇന്ത്യയിലും ആഗോള തലത്തിലും മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 921,780 യൂണിറ്റ് യൂട്ടിലിറ്റി വാഹനങ്ങളാണ് വിറ്റഴിക്കപ്പെട്ടത്. ഇക്കാലയളവില്‍ തൊട്ടുമുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ മേഖല 20.97 ശതമാനമാണ് വളര്‍ന്നത്. ക്രോസോവറുകളുടെ വര്‍ധിച്ചുവരുന്ന ഡിമാന്റാണ് വളര്‍മച്ചയ്ക്ക് വഴി വെച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയപ്പെടുന്ന യൂട്ടിലിറ്റി വാഹനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

വിറ്റാറ ബ്രെസ

മാരുതി സുസുക്കിയുടെ വിറ്റാറ ബ്രെസ അത്യുജ്ജലമായ വിജയമാണ് കാഴ്ചവെച്ചിരിക്കുന്നത്. 2016 മാര്‍ച്ചില്‍ വിപണിയിലിറങ്ങിയ ഈ മോഡല്‍ മൊത്തം യൂട്ടിലിറ്റി വിഭാഗത്തിന്റെ 14.3 ശതമാനം കൈയടക്കി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബ്രെസയുടെ വില്‍പ്പന 36.7 ശതമാനമാണ് കൂടിയത്.

ഹ്യുണ്ടായ് ക്രെറ്റ

രണ്ടാം സ്ഥാനം നേടിയിരിക്കുന്നത് ഹ്യുണ്ടായിയുടെ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ ക്രെറ്റയാണ്. ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം വില്‍പ്പനയില്‍ 10.56 ശതമാനം വളര്‍ച്ചയാണ് കാഴ്ചവെച്ചിരിക്കുന്നത്. ക്രെറ്റയുടെ 107,136

യൂണിറ്റുകളാണ് 2017-18 സാമ്പത്തിക വര്‍ഷം വിറ്റഴിച്ചത്. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ വാഹനനിര്‍മാതാവാണ് ഹ്യുണ്ടായ് മോട്ടോഴ്‌സ്.

ബൊലേറോ

മഹീന്ദ്ര & മഹീന്ദ്രയുടെ യൂട്ടിലിറ്റി വാഹനമായ ബൊലേറോ തന്റെ സ്ഥാനം മെച്ചപ്പെടുത്തി കൂടുതല്‍ മുന്നിലേക്ക് എത്തിയിരിക്കുന്നു. മൂന്നാം സ്ഥാനമാണ് ഈ മോഡല്‍ സ്വന്തമാക്കിയിരിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ നിന്ന് മികച്ച വില്‍പ്പനയാണ് ബൊലേറോ നേടിയിരിക്കുന്നത്. 2000ത്തില്‍ വിപണിയില്‍ അവതരിപ്പിച്ച ഈ മോഡലിന്റെ ജൈത്രയാത്ര രണ്ടു ദശാബ്ദത്തിനോട് അടുക്കുന്നു. ഇതുവരെ രാജ്യത്ത് പത്ത് ലക്ഷത്തോളം ബൊലേറോകളാണ് വിറ്റഴിഞ്ഞത്. ഇതില്‍ ഭൂരിഭാഗവും ഗ്രാമ പ്രദേശങ്ങളിലാണ്.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ

ഇന്നോവ ക്രിസ്റ്റ ഒരു സ്ഥാനം പിന്നോട്ടു പോകുകയാണ് ചെയ്തത്. തൊട്ടുമുന്‍ വര്‍ഷം 79,092 യൂണിറ്റുകളാണ് വിറ്റതെങ്കില്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 74,137 യൂണിറ്റുകളാണ് വിറ്റത്. കൂടുതല്‍ പ്രീമിയം, സുരക്ഷാ ഫീച്ചറുകള്‍ വന്നതോടെ ടാക്‌സി വിഭാഗത്തില്‍ നിന്നുമാറി വ്യക്തിഗത ഉപഭോക്താക്കളുടെ ഇടയിലാണ് ഇന്നോവ ക്രിസ്റ്റ പ്രിയങ്കരമായിരിക്കുന്നത്.

മാരുതി എര്‍ട്ടിഗ

ടോപ്പ് 5 ലിസ്റ്റില്‍ മാരുതിയുടെ എര്‍ട്ടിഗയും സ്ഥാനം പിടിച്ചിട്ടുണ്ട്. ബജറ്റിന് ഇണങ്ങുന്ന യൂട്ടിലിറ്റി വാഹനം എന്ന നിലയില്‍ എര്‍ട്ടിഗ ജനപ്രിയ മോഡലാകുന്നു. എര്‍ട്ടിഗയുടെ വില്‍പ്പന കഴിഞ്ഞ സാമ്പത്തിക വര്‍ഷം തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4.11 ശതമാനം വളര്‍ന്നിട്ടുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it