വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കാന്‍ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇനി നിര്‍ബന്ധം

സാധുതയുള്ള പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന സുപ്രീം കോടതി വിധി പാലിക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനികളോട് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.ഡല്‍ഹി തലസ്ഥാന മേഖലയില്‍ ഇതു കര്‍ശനമായി നടപ്പാക്കണമെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആവശ്യപ്പെട്ടതെങ്കിലും രാജ്യവ്യാപകമായി ഇതു പാലിക്കുന്നുവെന്നുറപ്പാക്കാനാണ് ഐആര്‍ഡിഎയുടെ നിര്‍ദേശം.സുപ്രീം കോടതി നിര്‍ദേശം പാലിക്കാതെ പോളിസികള്‍ പുതുക്കുന്നതില്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

സാധുവായ പി.യു.സി സര്‍ട്ടിഫിക്കറ്റ് (പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റ് ) ഉണ്ടെങ്കില്‍ മാത്രമേ വാഹനം ഇന്‍ഷുര്‍ ചെയ്യാന്‍ പാടുള്ളൂ എന്നാണ് ഐആര്‍ഡിഐഐ നിര്‍ദ്ദേശിച്ചിട്ടുള്ളത്. 2017 ഓഗസ്റ്റിലെ സുപ്രീം കോടതിയുടെ വിധിന്യായത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ നിര്‍ദ്ദേശം. സുപ്രീം കോടതിയുടെ ഉത്തരവ് പാലിക്കണമെന്ന് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലെ എല്ലാ സിഇഒമാരോടും സിഎംഡികളോടും ആവശ്യപ്പെട്ട് 2018 ജൂലൈയില്‍ ഐആര്‍ഡിഐ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന ഉത്ക്കണ്ഠ ചൂണ്ടിക്കാണിച്ചാണ് ഇപ്പോള്‍ പുതിയ സര്‍ക്കുലര്‍ ഇറക്കിയിട്ടുള്ളത്.

മോട്ടോര്‍ വാഹന നിയമപ്രകാരം ഇന്ത്യയിലെ എല്ലാ വാഹനങ്ങള്‍ക്കും പിയുസി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കാര്‍ബണ്‍ മോണോക്‌സൈഡ്, ഹൈഡ്രോകാര്‍ബണ്‍ തുടങ്ങി വാഹനങ്ങള്‍ പുറത്തുവിടുന്ന മലിന വാതകങ്ങളുടെ തോത് പരിധി വിടാതെ നോക്കുകയാണ് ഇതിന്റെ ലക്ഷ്യം.
മലിനീകരണത്തിന്റെ അളവ് പരിശോധിച്ച എമിഷന്‍ ലെവല്‍ നിര്‍ദ്ദിഷ്ട പരിധിക്കുള്ളിലാണെങ്കില്‍ വാഹന ഉടമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. സര്‍ട്ടിഫിക്കറ്റ് ആറുമാസത്തേക്ക് സാധുവായിരിക്കും.കാലഹരണപ്പെടുന്ന മുറയ്ക്ക് വീണ്ടും മൂല്യനിര്‍ണ്ണയം ആവശ്യമാണ്.കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മോട്ടോര്‍ വെഹിക്കിള്‍സ് (ഭേദഗതി) നിയമം 2019 അനുസരിച്ച്, പി.യു.സി മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ 10,000 രൂപയാണ് പിഴ ശിക്ഷ. അതേസമയം, പുതിയ ഭേദഗതി നിയമം ഇന്ത്യയിലുടനീളം ഒരുപോലെ നടപ്പാക്കിയിട്ടില്ല.

ഇതിനിടെ രാജ്യത്തെ വിവിധ വാഹന രേഖകളുടെ കാലാവധി 2020 ഡിസംബര്‍ 31 വരെ നീട്ടിയത് ഒട്ടേറെ പാര്‍ക്ക് ആശ്വാസമായി. മോട്ടോര്‍ വാഹന നിയമ പ്രകാരമുള്ള ഫിറ്റ്നസ്, പെര്‍മിറ്റ്, ലൈസന്‍സ്, രജിസ്ട്രേഷന്‍ എന്നീ രേഖകളുടെയും മറ്റ് ബന്ധപ്പെട്ട രേഖകളുടെയും കാലാവധിയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നീട്ടി നല്‍കിയത്.മോട്ടോര്‍ വെഹിക്കിള്‍സ് ആക്റ്റ് 1988, സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സ് 1989 എന്നിവ പ്രകാരമുള്ള ഫിറ്റ്‌നസ്, പെര്‍മിറ്റ്, ലൈസന്‍സ്, രജിസ്‌ട്രേഷന്‍ അല്ലെങ്കില്‍ മറ്റ് രേഖകളുടെ സാധുത ഇതോടെ ഡിസംബര്‍ 31 വരെ നീളും.

2020 ഫെബ്രുവരി 1 മുതല്‍ 2020 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ കാലഹരണപ്പെട്ട എല്ലാ രേഖകളും 2020 ഡിസംബര്‍ 31 വരെ സാധുവായിരിക്കും എന്നാണ് അറിയിപ്പിലുള്ളത്്. കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള കര്‍ശന വ്യവസ്ഥകള്‍ രാജ്യത്ത് പലയിടങ്ങളിലും ഇപ്പോഴും തുടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it