വാഹന മേഖലയിലെ താരം ' ബി എസ് 6 '

സുപ്രീം കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം, 2020 ഏപ്രില്‍ മുതല്‍ ബി എസ് 6 (ഭാരത് സ്റ്റേജ് ആറ്) നിലവാരമുള്ള വാഹനങ്ങള്‍ മാത്രമേ രാജ്യത്ത് വില്‍ക്കാവൂ എന്ന വ്യവസ്ഥ പ്രാബല്യത്തില്‍ വരുന്നതിനു മുമ്പായിത്തന്നെ പഴയ വാഹനങ്ങള്‍ക്കായുള്ള സ്‌ക്രാപ്പേജ് നയം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുമെന്നുറപ്പായിക്കഴിഞ്ഞു. വാഹനങ്ങള്‍ മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം ഇതോടെ വീണ്ടും ചൂടുള്ള ചര്‍ച്ചാവിഷയമായി മാറുന്നത് ' ബി എസ് 'നെ ചുറ്റിപ്പറ്റിത്തന്നെ.

മലിനീകരണം കുറയ്ക്കുന്നതിനായുള്ള നിര്‍ണായക തീരുമാനത്തിന്റെ ഭാഗമായി നിലവിലെ ബി എസ് നാലില്‍ നിന്നും ബി എസ് ആറിലേക്ക് നേരിട്ട് പോകുന്നതെന്തുകൊണ്ടെന്ന സംശയമാണ് ഏറ്റവും വ്യാപകം. ബി എസ് 1-ല്‍ തുടങ്ങിയ പ്രക്രിയ നാലും കടന്ന് ആറിലേക്ക് പ്രവേശിക്കുകയാണ്. 2020 ഏപ്രില്‍ മാസത്തോടെ ബി എസ്-6 മാനദണ്ഡമനുസരിച്ചുളള വാഹനങ്ങള്‍ മാത്രമെ രാജ്യത്ത് വില്‍ക്കാന്‍ പാടുളളു. ബി എസ്-4നെ അപേക്ഷിച്ച് ബി എസ്-6 ഗണത്തില്‍പ്പെടുന്ന വാഹനങ്ങളില്‍ മലിനീകരണ തോത് വളരെ കുറവായിരിക്കും.

ബി എസ്; എന്താണത് ?

വാഹന എഞ്ചിന്‍ പുറന്തള്ളുന്ന മലിനീകരണ ബാഷ്പത്തിന്റെ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേഡ് അഥവാ ബി എസ്. പെട്രോള്‍-ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള പുകയിലെ കാര്‍ബണ്‍ മോണോക്സൈഡ്, നൈട്രജന്‍ ഓക്സൈഡ്, ഹൈഡ്രോ കാര്‍ബണ്‍ തുടങ്ങിയ വിഷ പദാര്‍ഥങ്ങളുടെ അളവ് സംബന്ധിച്ച മാനദണ്ഡങ്ങള്‍ ഭാരത് സ്റ്റേജ് പ്രകാരം നിര്‍വചിച്ചിട്ടുണ്ട്.

1991ലാണ് ആദ്യമായി ഇന്ത്യയില്‍ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ നിലവില്‍വന്നത്. ആദ്യം പെട്രോള്‍ വാഹനങ്ങള്‍ക്കു മാത്രം. അടുത്ത വര്‍ഷം ഡീസല്‍ എന്‍ജിനുകള്‍ക്കും ചട്ടങ്ങള്‍ വന്നു. കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ഇത് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത്.

ആദ്യം രൂപീകരിച്ചു നടപ്പാക്കിയ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ക്ക് അനുസൃതമായിട്ടായിരുന്നു 1998 വരെ രാജ്യത്തെ വാഹന നിര്‍മ്മാണം. യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡങ്ങളനുസരിച്ചുള്ള ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേഡ് 2000 ല്‍ രൂപപ്പെടുത്തി. അടുത്ത വര്‍ഷം ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവടങ്ങില്‍ ബി എസ് 2 നടപ്പിലാക്കി. 2005-ഓടെ രാജ്യവ്യാപകമാക്കി. 2010-ലാണ് ബിഎസ് 3 നിലവാരം നിഷ്‌കര്‍ഷിച്ചത്.

2010 ഒക്ടോബര്‍ മുതല്‍ ബി എസ് 3 മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് രാജ്യത്ത് വാഹനനിര്‍മ്മാണം നടന്നു. എന്നാല്‍ 2017 മാര്‍ച്ച് 31 ഓടെ ഈ വാഹനങ്ങളും നിരത്തൊഴിഞ്ഞു. സുപ്രീം കോടതി ഉത്തരവനുസരിച്ച് 2017 ഏപ്രില്‍ 1 മുതല്‍ ബി എസ് 3 എഞ്ചിന്‍ നിലവാരത്തിലുള്ള വാഹനങ്ങള്‍ രാജ്യത്ത് വില്‍ക്കാനാവില്ല. 96724 വാണിജ്യ വാഹനങ്ങളും 6.7 ലക്ഷം ഇരു ചക്ര വാഹനങ്ങളും, 40048 മുച്ചക്ര വാഹനങ്ങളും 16198 കാറുകളുമാണ് കോടതി ഉത്തരവനുസരിച്ച് അരങ്ങൊഴിഞ്ഞത്. ഇതുമൂലം 12000 കോടിയുടെ നഷ്ടം അന്ന് വാഹന നിര്‍മ്മാണ കമ്പനികള്‍ക്കുണ്ടായെന്നാണ് കണക്കുകള്‍. എന്‍ജിനുകളില്‍ ബി എസ് പരിഷ്‌കരണം വരുത്തുന്നതാകട്ടെ സാമ്പത്തിക നഷ്ടത്തിനു കാരണമാകും.

ശുദ്ധിയുടെ പുതുവഴി

ബിഎസ് 4 വാഹനങ്ങളാണ് ഇപ്പോഴുള്ളത്.ബി എസ്-3 വാഹനങ്ങളെക്കാള്‍ 80 ശതമാനം കുറവ് മലിനീകരണം മാത്രമേ ബി എസ് -4 വാഹനങ്ങള്‍ക്കുള്ളൂ.
2020 മാര്‍ച്ച് 31 ശേഷം ഇവ നിരത്തൊഴിയുമ്പോള്‍ നടപ്പില്‍ വരുന്ന ബിഎസ്-6 ചട്ടങ്ങള്‍ ബിഎസ്-4 ചട്ടങ്ങളേക്കാള്‍ കര്‍ശനമായിരിക്കും. ബിഎസ് 6 ന്റെ വരവോടു കൂടി പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ നിന്ന് പുറം തള്ളുന്ന നൈട്രജന്‍ ഓക്‌സൈഡിന്റെ അളവ് പകുതിയില്‍ അധികം കുറയും. അതേസമയം, ബിഎസ് 6 നിരവാരത്തില്‍ ഒരു വാഹനം നിര്‍മിക്കുക എന്നാല്‍ അതിന്റെ ആദ്യ ഘട്ടം മുതല്‍ മാറ്റങ്ങള്‍ ആവശ്യമാണ്. ഉപയോഗിക്കുന്ന ഘടകങ്ങളും സുരക്ഷാ സംവിധാനങ്ങളും അടക്കം ബിഎസ് 6 നിലവാരത്തിലെത്തിക്കണം.

പിറക്കാത്ത ബി എസ് 5

രാജ്യത്ത് മലിനീകരണ തോത് വളരെക്കൂടുതലായതിനാല്‍ 2020-ഓടെ ബി എസ് 6 നിലവാരം കൈവരിക്കണമെന്നതാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ബി എസ് 5 നിലവാരത്തില്‍ തൊടാതെയാണ് ഒറ്റയടിക്ക് ബി എസ് 6-ലേക്ക് കടക്കുന്നത്. വായു മലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. 2010-ലെ കണക്കനുസരിച്ച് പ്രതിവര്‍ഷം 6,20,000 ആളുകള്‍ ശ്വാസകോശ സംബന്ധ രോഗങ്ങളാലും ഹൃദയ രോഗങ്ങളാലും മരണത്തിനു കീഴടങ്ങുന്നുണ്ട്. ഈ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവുമധികം മരണത്തിനു കാരണമാകുന്നത് വായു മലിനീകരണമാണ്.

വായു മലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നത്തിനു വേണ്ടി മാത്രം ജനങ്ങള്‍ ജി.ഡി.പിയുടെ മൂന്നു ശതമാനം തുക ചെലവഴിക്കുന്നു. യൂറോപ്പില്‍ പുറത്തിറങ്ങുന്ന കാറുകളെ അപേക്ഷിച്ച് നാലര മടങ്ങധികം ഇന്ത്യന്‍ കാറുകള്‍ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്കു കാരണമാകുന്ന നൈട്രജന്‍ ഓക്‌സൈഡ് പുറന്തള്ളുന്നുവെന്നാണ് കണക്കുകള്‍.

ഏറ്റവുമധികം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളിലെന്നാണ് ഇന്ത്യ. എന്നാല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉല്‍പാദനം നിയന്ത്രിക്കുന്ന കാര്യത്തില്‍ വളരെ പിന്നിലാണിപ്പോഴും രാജ്യം. വായുമലിനീകരണം ഏറ്റവുമധികം ബാധിക്കുന്നത് നഗരങ്ങളെയാണ്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടനുസരിച്ച് ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 13 എണ്ണം ഇന്ത്യയിലാണുള്ളത്. ഇതു മൂലമാണ് ബി എസ് 4 ല്‍ നിന്നും ബി എസ് 5 നിലവാരത്തെ മറികടന്ന് മൂന്നു വര്‍ഷം കൊണ്ട് ബി.എസ് 6 ലേക്ക് പോകുന്നത്.

അകലെ ഇന്ധന മേന്മ

ബി എസ് 6 നിലവാരം കൈവരിക്കണമെങ്കില്‍ വാഹനം മാത്രമല്ല ഇന്ധനവും ആ നിലവാരത്തിലേക്കുയരേണ്ടതുണ്ട്. ബി എസ് 6 എത്തുമ്പോള്‍ ഇന്ധനവും നന്നായാല്‍ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന വായു മലിനീകരണം ഗണ്യമായി കുറയും. എഞ്ചിന്‍ നിലവാരം വര്‍ധിക്കുന്നതിനൊപ്പം ഇന്ധന നിലവാരവും ഉയരണമെന്നര്‍ത്ഥം. നിലവിലുള്ള ബിഎസ് 4 നിലവാരമുള്ള ഇന്ധനം 2010 -ല്‍ ഇവിടെ സംസ്‌കരിച്ചു തുടങ്ങി. എന്നാല്‍ പൂര്‍ണമായും ഈ നിലവാരത്തിലുള്ള ഇന്ധനം ലഭ്യമാക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല.ഇന്ധന നിലവാരം വര്‍ധിപ്പിക്കാന്‍ എണ്ണ കമ്പനികള്‍ക്കും സര്‍ക്കാരിനും വന്‍ മുടക്കു മുതല്‍ ആവശ്യമാണ്.

ബി എസ് 4 ഇന്ധനവും ബി എസ് 6 ഇന്ധനവും തമ്മിലുള്ള പ്രധാന വ്യത്യാസം അതിലെ ഗന്ധകത്തിന്റെ അംശമാണ്. ബിഎസ് 4 ഇന്ധനത്തില്‍ 50 പിപിഎം സര്‍ഫര്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ ബിഎസ് 6 ല്‍ 10 പിപിഎം മാത്രം. ബി എസ് നാല് നിലവാരത്തില്‍ നിന്നും ബി എസ് ആറ് നിലവാരത്തിലെത്താന്‍ ആദ്യമായി ഇന്ധന നിര്‍മാതാക്കള്‍ ഏകദേശം 50,000 കോടി രൂപ മുതല്‍ 80,000 കോടി രൂപ വരെയെങ്കിലും അധിക നിക്ഷേപം നടത്തേണ്ടിവരുമെന്നാണു കരുതുന്നത്. അതായത് 2020-ഓടെ ബിഎസ് 6 നടപ്പാക്കുക എന്നത് ഇന്ധനത്തിന്റെ കാര്യത്തില്‍ ദിവാസ്വപ്‌നമാകാം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it