ബാങ്കുകളുടെ 6,500 കോടി രൂപ വെട്ടിച്ചു, ഐ.എല്‍ ആന്‍ഡ് എഫ്.എസിനെതിരെ സി.ബി.ഐ കേസെടുത്തു

രാജ്യത്തെ 19 ബാങ്കുകളിലായി 6,524 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയ ഐ.എല്‍ ആന്‍ഡ് എഫ്.എസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ലിമിറ്റഡിനെതിരെ(ഐ.ടി.എന്‍.എല്‍.) സി.ബി.ഐ കേസെടുത്തു.കനറാ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാക്ക് ഓഫ് ഇന്ത്യ, ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ 19 ബാങ്കുകളില്‍ നിന്നാണ് തട്ടിപ്പ് നടത്തിയത്.

കനറാ ബാങ്കിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ ആസ്ഥാനമായ ഐ.എല്‍ ആന്‍ഡ് എഫ്.എസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നെറ്റ്‌വര്‍ക്ക് ലിമിറ്റഡിനും ഡയറക്ടര്‍മാരായ കരുണാകരന്‍ രാംചന്ദ്, ദീപക് ദാസ് ഗുപ്ത, മുകുന്ദ് ഗജാനന്‍ സാപ്രെ, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ദിലീപ് ലാല്‍ചന്ദ് എന്നിവര്‍ക്കുമെതിരെയാണ് കേസ് എടുത്തത്.

2016 നും 2018 നും ഇടയിലാണ് ഐ.എല്‍ ആന്‍ഡ് എഫ്.എസിന്റെ ഉപസ്ഥാപനമായ ഐ.ടി.എന്‍.എല്‍ വിവിധ ബാങ്കുകളില്‍ നിന്ന് 6,524 കോടി രൂപ വെട്ടിച്ചത്. കനറാ ബാങ്കാണ് കൂടുതല്‍ തുക വായ്പയായി നല്‍കിയിരിക്കുന്നത്. 500 കോടി രൂപയുടെ വായ്പയ്ക്ക് പുറമെ 7.5 കോടി രൂപ ലണ്ടന്‍ ശാഖവഴി എക്‌സ്റ്റേണല്‍ കൊമേഴ്‌സ്യല്‍ ബോറോയിംഗ്‌സായും നല്‍കി. ഇ-സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ലണ്ടന്‍ ശാഖവഴി 5 കോടി രൂപയും നല്‍കിയിരുന്നു. വായ്പകള്‍ തിരിച്ചടയ്ക്കാത വന്നതോടെ 2018 ല്‍ കാനറ ബാങ്കിലെ അക്കൗണ്ട് നിഷ്‌ക്രിയ ആസ്തിയായി(എന്‍.പി.എ)മാറ്റി. പിന്നീട് ഫോറന്‍സിക് ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2021 ലാണ് 'തട്ടിപ്പ് അക്കൗണ്ട്' ആയി പ്രഖ്യാപിച്ചത്.

2018 ല്‍ കമ്പനി ഐ.എല്‍ ആന്റ് എഫ്.എസ് ഗ്രൂപ്പ് പാപ്പരത്തത്തിനായി ഫയല്‍ ചെയ്തിരുന്നു. കമ്പനികാര്യ മന്ത്രാലയം 2018 ല്‍ ഗ്രൂപ്പിന്റെ നിയന്ത്രണം ഏറ്റെടുത്തു. അതിനുശേഷം 2018 ഒക്ടോബറില്‍ നാഷണല്‍ ലോ ട്രൈബ്യൂണല്‍(എന്‍.സി.എല്‍.റ്റി) പുതിയ ഡയറക്ടര്‍മാരെ നിയമിച്ചതിനുശേഷമാണ് തട്ടിപ്പ് പുറത്തുവന്നത്. കമ്പനിയുടെ വരുമാനം പെരുപ്പിച്ച് കാണിച്ച് ബാങ്കുകളെ പറ്റിച്ചു. സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്താതെ പണം സ്വന്തം അക്കൗണ്ടുകളിലേക്ക് വകമാറ്റി തുടങ്ങിയ കുറ്റങ്ങളാണ് സ്ഥാപനത്തിനും ഡയറടര്‍മാര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

ബി.ഒ.ടി(ബില്‍ഡ്-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍) അടിസ്ഥാനത്തില്‍ റോഡ് നിര്‍മിച്ചു നല്‍കുന്ന രാജ്യത്തെ വലിയ സ്ഥാപനങ്ങളിലൊന്നാണ് 2000 ത്തില്‍ സ്ഥാപിതമായ ഐ.ടി.എന്‍.എല്‍. മെട്രോ സർവീസ്, സിറ്റി ബസ് സര്‍വീസുകള്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ തുടങ്ങിയവയ്ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലും കമ്പനി മുന്നിലാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it