വീണ്ടും വമ്പന്‍ കടമെടുപ്പ്; ഉത്തര്‍പ്രദേശ് എടുക്കുന്നത് 10,500 കോടി, കേരളം 4,800 കോടി

സാമ്പത്തിക വര്‍ഷം (2023-24) അവസാനിക്കാന്‍ വിരലിലെണ്ണാവുന്നത്ര ദിവസങ്ങള്‍ മാത്രം ശേഷിക്കേ സാമ്പത്തിക ചെലവുകള്‍ക്കായി സംസ്ഥാനങ്ങള്‍ വീണ്ടും കൂട്ടത്തോടെ കടംവാങ്ങിക്കൂട്ടാന്‍ ഒരുങ്ങുന്നു. കേരളം ഉള്‍പ്പെടെ 18 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചേര്‍ന്ന് റെക്കോഡ് 60,032.49 കോടി രൂപ അടുത്തയാഴ്ച കടമെടുക്കും. സംസ്ഥാനങ്ങള്‍ ഒറ്റയടിക്ക് ഇത്രതുക കടമെടുക്കുന്നത് ആദ്യമാണ്. ഇക്കഴിഞ്ഞ 19ന് (March 19) കേരളം ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചേര്‍ന്നെടുത്ത 50,206 കോടി രൂപയുടെ റെക്കോഡാണ് പഴങ്കയാവുക.
കടപ്പത്രങ്ങളിറക്കിയാണ് സംസ്ഥാനങ്ങള്‍ കടമെടുക്കുന്നത്. ഇതിനായുള്ള ലേലം മാര്‍ച്ച് 26ന് (ചൊവ്വ) റിസര്‍വ് ബാങ്കിന്റെ കോര്‍ ബാങ്കിംഗ് സംവിധാനത്തില്‍ (e-Kuber) നടക്കും.
കേരളത്തിന് നിര്‍ണായകം
കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കേരളം നല്‍കിയ ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചിരിക്കുകയാണ്. ഇതിനകം നടന്ന വാദങ്ങളിലൂടെ കേരളത്തിന് 13,608 കോടി രൂപയുടെ കടമെടുക്കാനുള്ള അനുമതി കോടതി നല്‍കിയിരുന്നു.
19,351 കോടി രൂപ വേണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. 13,608 കോടി രൂപ അനുവദിക്കാമെന്നും ബാക്കിതുകയ്ക്കായി കേന്ദ്രവുമായി ചര്‍ച്ച ചെയ്യാനും കോടതി നിര്‍ദേശിക്കുകയായിരുന്നു. രണ്ടുവട്ടം ചര്‍ച്ചകള്‍ നടന്നെങ്കിലും സമവായമുണ്ടായില്ല. 10,000 കോടി രൂപ കൂടി കടമെടുക്കാന്‍ അനുവദിക്കണമെന്നും ഔദാര്യമല്ല അവകാശമാണ് ചോദിക്കുന്നതെന്നും കേരളം വ്യക്തമാക്കിയിരുന്നു. 5,000 കോടി രൂപ അനുവദിക്കാമെന്ന് കേന്ദ്രം പറഞ്ഞെങ്കിലും കേരളം തള്ളി. ഇത് സംബന്ധിച്ച ഹര്‍ജിയില്‍ കേരളത്തിന് ഇടക്കാല ആശ്വാസം നല്‍കുന്നതാണ് പിന്നീട് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റിയത്.
ഏറ്റവുമധികം കടം വാരിക്കൂട്ടാന്‍ ഉത്തര്‍പ്രദേശും മഹാരാഷ്ട്രയും
അടുത്തയാഴ്ച ഏറ്റവുമധികം കടമെടുക്കുന്നത് ഉത്തര്‍പ്രദേശാണ് (10,500 കോടി രൂപ). കഴിഞ്ഞയാഴ്ചയും 8,000 കോടി രൂപയെടുത്ത് കടമെടുപ്പില്‍ മുന്നില്‍ ഉത്തര്‍പ്രദേശായിരുന്നു.
മഹാരാഷ്ട്ര 8,000 കോടി രൂപയും തമിഴ്‌നാട് 6,000 കോടി രൂപയും മദ്ധ്യപ്രദേശ് 5,000 കോടി രൂപയും കടമെടുക്കും. ഏറ്റവും കുറവ് കടമെടുക്കുന്നത് മണിപ്പൂരും (100 കോടി രൂപ) ഗോവയുമാണ് (150 കോടി രൂപ). കേരളം കഴിഞ്ഞവാരം 3,745 കോടി രൂപയാണെടുത്തത്. ശമ്പളം, പെന്‍ഷന്‍, ക്ഷേമ പെന്‍ഷന്‍ തുടങ്ങിയവ നല്‍കാനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഉള്ള തുക കണ്ടെത്താനാവാതെ കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്ന കേരളത്തിന് ആശ്വാസമാണ് കോടതി ഇടപെടലിലൂടെ കടമെടുക്കാന്‍ ലഭിച്ച ഈ അവസരം. 4,866 കോടി രൂപയാണ് ചൊവ്വാഴ്ച കേരളമെടുക്കുന്ന കടം.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it