ബാങ്ക് പൊളിഞ്ഞാല്‍ നിങ്ങളുടെ നിക്ഷേപത്തിലെ എത്ര തുക വരെ കിട്ടും? കിട്ടാതെയും വരുമോ?

നിങ്ങളുടെ സമ്പാദ്യം ബാങ്ക് നിക്ഷേപമായി സൂക്ഷിച്ചാല്‍ അത് സുരക്ഷിതമാണോ? ആണെന്നായിരിക്കും പലരും കരുതിയിരിക്കുന്നത്. എന്നാല്‍ ഏതെങ്കിലും സാഹചര്യത്തില്‍ ബാങ്ക് പൊളിഞ്ഞാല്‍ നിക്ഷേപിച്ച പണം മുഴുവന്‍ തിരികെ ലഭിക്കുമോയെന്നകാര്യത്തില്‍ പലര്‍ക്കും ധാരണയില്ല. നിക്ഷേപത്തിന്മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഇന്‍ഷുറന്‍സ് പ്രകാരം അഞ്ച് ലക്ഷം രൂപയാണ് നിങ്ങള്‍ക്ക് തിരിച്ചുകിട്ടുക. അതായത് 10 ലക്ഷം നിക്ഷേപിച്ചവര്‍ക്കും 50 ലക്ഷം നിക്ഷേപിച്ചവര്‍ക്കും ആകെ തിരിച്ചുകിട്ടുക അഞ്ച് ലക്ഷം രൂപ മാത്രം.

എത്ര തുക നിക്ഷേപിച്ചാലും അഞ്ച് ലക്ഷമോ അമ്പത് ലക്ഷമോ നിക്ഷേപിച്ചാലും ഒരു ലക്ഷം രൂപയായിരുന്നു ഫെബ്രുവരി 2020 വരെ ഇത്തരത്തില്‍ ലഭിച്ചിരുന്നത് പിന്നീടാണ് അഞ്ച് ലക്ഷം രൂപയായെങ്കിലും ഉയര്‍ത്തിയത്. 25 വര്‍ഷം മുമ്പ് നിശ്ചയിച്ച നിക്ഷേപ പരിരക്ഷ തുകയായിരുന്നു അത്. അതാണ് പിന്നീട് അഞ്ചാക്കിയത്.
1961 ലെ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ ആക്ട് പ്രകാരമാണ് ഈതുക നിക്ഷേപകന് തിരിച്ചുകിട്ടുക. എന്നാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് 2021 മാര്‍ച്ച് അവസാനത്തോടെ ബാങ്കുകളിലെ സമ്പൂര്‍ണ്ണ പരിരക്ഷിത അക്കൗണ്ടുകളുടെ എണ്ണം 247.8 കോടിയാണ്. ഇത് മൊത്തം അക്കൗണ്ടുകളുടെ (252.6 കോടി) 98.1 ശതമാനമാണ്. ഇതിനര്‍ത്ഥം ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ്, ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ (ഡിഐസിജിസി) വാഗ്ദാനം ചെയ്യുന്ന ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് പരിരക്ഷ ഏകദേശം 4.8 കോടി അക്കൗണ്ടുകള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ്.
നിങ്ങളുടെ തുക സുരക്ഷിതമാക്കാന്‍ എന്ത് ചെയ്യണം?
റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് ഇത്തരത്തില്‍ 2021 മാര്‍ച്ച് അവസാനത്തോടെ മൊത്തം ഇന്‍ഷ്വര്‍ ചെയ്ത നിക്ഷേപം 76,21,258 കോടി രൂപയാണ്. 1,49,67,776 കോടി രൂപയുടെ നിക്ഷേപത്തിന്റെ 50.9 ശതമാനം മാത്രമാണ് ഇത്. ഇതിനര്‍ത്ഥം ബാങ്കുകളില്‍ നിക്ഷേപിക്കുന്ന തുകയുടെ 49.1% ഡിഐസിജിസി കവര്‍ നേടിയിട്ടില്ല എന്നുമാണ്. നിങ്ങള്‍ ആ ഒഴിവാക്കപ്പെട്ട വിഭാഗത്തിലാകുരുത്. ഇതെങ്ങനെ അറിയും. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഡിഐസിജിസി സംരക്ഷണത്തിലായിരിക്കണമെന്നതാണ് അതിന്റെ മാനദണ്ഡവും.
ബാങ്ക് നിക്ഷേപങ്ങളിലെ നിക്ഷേപ ഇന്‍ഷുറന്‍സ് പരിരക്ഷ 5 ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ടെങ്കിലും എല്ലാ നിക്ഷേപങ്ങളും പരിരക്ഷിക്കില്ല. ഈ കവര്‍ എല്ലാ ബാങ്കുകള്‍ക്കും ലഭ്യമാണെങ്കിലും, ഈ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സിന് കീഴിലുള്ള സാമ്പത്തിക പരിരക്ഷ ആസ്വദിക്കുന്നതിനായി അവര്‍ ഈ സൗകര്യത്തിനായി രജിസ്റ്റര്‍ ചെയ്യുകയും അനുബന്ധ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുകയും വേണം.
ബാങ്കുകള്‍ ഡിഐസിജിസിയില്‍ രജിസ്റ്റര്‍ ചെയ്യാത്തതോ പ്രീമിയം അടയ്ക്കാത്തതോ ആണ് നിക്ഷേപം പരിരക്ഷിക്കാത്തതിന്റെ പ്രധാന കാരണമെന്ന് റിസര്‍വ് ബാങ്ക് വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിരുന്നാലും 5 ലക്ഷമേ ലഭിക്കു. ഉദാഹരണത്തിന്, നിങ്ങള്‍ മൊത്തം 25 ലക്ഷം രൂപ ഒരേ അവകാശത്തിലും ശേഷിയിലും നിക്ഷേപിക്കുകയാണെങ്കില്‍ പരമാവധി കവര്‍ 5 ലക്ഷം രൂപയായി തുടരും, ശേഷിക്കുന്ന ഞ 2െ0 ലക്ഷം നിക്ഷേപത്തിന് ഈ പരിരക്ഷയില്ല.
പൊളിഞ്ഞുപോയ ബാങ്കുകളില്‍ പലതും പ്രാദേശികം
സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന സഹകരണ, ലോക്കല്‍ ഏരിയ ബാങ്കുകളില്‍ പലതുമാണ് പരാജയപ്പെടുന്നവയില്‍ കൂടുതലും. അണ്‍-ഓഡിറ്റുചെയ്ത ഡേറ്റ പ്രകാരം, നിലവിലുള്ള പാന്‍ഡെമിക് സാഹചര്യങ്ങളില്‍ ലിക്വിഡേറ്റഡ് ബാങ്കുകളുടെ ഇന്‍ഷ്വര്‍ ചെയ്ത നിക്ഷേപകര്‍ക്ക് പണം നല്‍കുന്നത് ഉറപ്പാക്കുന്നതിന് 2020-21 കാലയളവില്‍ ഡിഐസിജി 993 കോടി രൂപയുടെ ക്ലെയിമുകള്‍ പ്രോസസ്സ് ചെയ്തു. 993 കോടി രൂപയില്‍ 2020-21 കാലയളവില്‍ ഒമ്പത് സഹകരണ ബാങ്കുകളുടെ 564 കോടി രൂപയുടെ ക്ലെയിമുകള്‍ കോര്‍പ്പറേഷന്‍ തീര്‍പ്പാക്കുകയും ചെയ്തിട്ടുണ്ട്. ഒരു സഹകരണ ബാങ്കിന്റെ കാര്യത്തില്‍ 2021 ഏപ്രിലില്‍ 330 കോടി രൂപ തീര്‍പ്പാക്കി. എന്നിരുന്നാലും, 2020-21 കാലയളവില്‍ 568 കോടി രൂപയുടെ വീണ്ടെടുക്കല്‍ ഉണ്ടായിരുന്നതിനാല്‍ കോര്‍പ്പറേഷനില്‍ നിന്നുള്ള ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിനുള്ള ഫണ്ടിന്റെ മൊത്തം വിഹിതം കുറവുമാണ്.
നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സുരക്ഷിതമാണോ?
ഡിഐസിജിസി നല്‍കുന്ന ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ്, ഇന്‍ഷ്വര്‍ ചെയ്ത എല്ലാ വാണിജ്യ ബാങ്കുകളെയും ഉള്‍ക്കൊള്ളുന്നു. ആര്‍ബിഐ റിപ്പോര്‍ട്ട് പ്രകാരം, 2021 മാര്‍ച്ച് 31 വരെ ഇന്‍ഷ്വര്‍ ചെയ്ത ബാങ്കുകളുടെ എണ്ണം 2,058 ആണ്. ഇതില്‍ 139 വാണിജ്യ ബാങ്കുകള്‍ ഉള്‍പ്പെടുന്നു, അതില്‍ 43 എണ്ണം പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ (ആര്‍ആര്‍ബി), 2 ലോക്കല്‍ ഏരിയ ബാങ്കുകള്‍ (എല്‍എബി), 6 പേയ്മെന്റ് ബാങ്കുകളും (പിബി) 10 എണ്ണവും ചെറുകിട ധനകാര്യ ബാങ്കുകളാണ്. ഇതിനുപുറമെ 1,919 സഹകരണ ബാങ്കുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, അതില്‍ 34 എണ്ണം സംസ്ഥാന സഹകരണ ബാങ്കുകള്‍ (എസ്ടിസിബി), 347 ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകള്‍ (ഡിസിസിബി), 1,538 നഗര സഹകരണ ബാങ്കുകള്‍ (യുസിബി).
നിങ്ങള്‍ ചെയ്യേണ്ടത്
നിക്ഷേപം നടത്താനുദ്ദേശിക്കുന്ന ബാങ്കിന്റെ ക്രെഡിറ്റ് റേറ്റിംഗ് പരിശോധിക്കുന്നത് നിക്ഷേപം സുരക്ഷിതമാണോ എന്നറിയാന്‍ ഒരു പരിധി വരെ സഹായിക്കും. ഇപ്പോള്‍ ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പറേഷന്‍ (ഡിഐസിജിസി) പദ്ധതി പ്രകാരം സ്ഥിര നിക്ഷേപം ഇന്‍ഷുര്‍ ചെയ്യാനുള്ള സൗകര്യമുണ്ട്. ഈ പദ്ധതി പ്രകാരം അഞ്ചു ലക്ഷം രൂപ വരെ ഇന്‍ഷുര്‍ ചെയ്യാം. കൈയിലുള്ള തുക മുഴുവന്‍ ഒരേ ബാങ്കില്‍ നിക്ഷേപിക്കാതെ വിവിധ ബാങ്കുകളിലായി നിക്ഷേപിക്കുന്നതും നല്ലതാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it