ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി: ക്ലെയിം നിഷേധിക്കപ്പെടുന്നതെന്തുകൊണ്ട്?

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയില്‍ ക്ലെയിം നിഷേധിക്കപ്പെടുന്നുവെന്നാണ് പലരുടേയും പരാതി. രാജ്യത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ക്ലെയിമുകളില്‍ 75 ശതമാനവും കമ്പനികള്‍ മുഴുവനായോ ഭാഗികമായോ തള്ളപ്പെടുന്നതായി ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് പ്ലാറ്റ്‌ഫോമായ പോളിസി ബസാറും അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തിരഞ്ഞെടുക്കുന്ന കമ്പനികളുടെ പ്രശ്‌നമായാണ് പലരും ഇതിനെ കാണുന്നത്. അടുത്തിടെ നിക്ഷേപകരുടെ ഒരു സാമൂഹ്യമാധ്യമ കൂട്ടായ്മയില്‍ ഏത് ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ പോളിസിയാണ് നല്ലതെന്ന് ചോദിച്ച് ഒരാള്‍ പോസ്റ്റിട്ടപ്പോൾ ഇതിനു താഴെ വന്ന മറുപടികളിലധികവും കമ്പനികളെ കുറ്റപ്പെടുത്തികൊണ്ടുള്ളതായിരുന്നു. ശരിക്കും എന്തുകൊണ്ടാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി
ക്ലെയിമു
കള്‍ നിരസിക്കപ്പെടുന്നത്?

വെയിറ്റിംഗ് പിരീയഡ്

വെയിറ്റിംഗ് പിരീയഡ് കഴിയുന്നതിനു മുമ്പ് ക്ലെയിം ചെയ്യപ്പെടുന്നതുകൊണ്ടാണ് 18 ശതമാനം ക്ലെയിമുകളും നിരസിക്കപ്പെടുന്നാണ് പഠനങ്ങൾ പറയുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുത്തതിനു ശേഷം നിശ്ചിത കാലയളവ് വരെ നേരത്തെ നിലനിന്നിരുന്ന അസുഖങ്ങള്‍ക്ക് പരിരക്ഷ ലഭിക്കില്ല. ഐ.ആര്‍.ഡി.എയുടെ നിബന്ധന പ്രകാരം പോളിസി എടുക്കുന്നതിന് മുമ്പുള്ള 48 മാസങ്ങള്‍ക്കിടെ പോളിസി ഉടമയ്ക്ക് രോഗലക്ഷണങ്ങളെ തുടര്‍ന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തുകയോ ചികിത്സ തേടുകയോ ചെയ്ത അസുഖങ്ങളെയോ പരിക്കുകളെയോ ആണ് നിലനിന്നിരുന്ന അസുഖങ്ങളായി കണക്കാക്കുക. പോളിസി എടുത്തതിനു ശേഷം മൂന്നു മാസത്തിനകം ഏതെങ്കിലും അസുഖമുണ്ടെന്ന് രോഗനിര്‍ണയത്തില്‍ കണ്ടെത്തിയാലും അതിനെ നിലനിന്നിരുന്ന അസുഖമായി പരിഗണിക്കും.

മൂന്നു മാസത്തിനു ശേഷം ഒരു രോഗത്തെ നിലനിന്നിരുന്ന അസുഖങ്ങളുടെ കൂട്ടത്തില്‍പെടുത്തണമെങ്കില്‍ നേരത്തെ രോഗനിര്‍ണയം നടത്തിയിരുന്നുവെന്നതിന് ആധികാരികമായ തെളിവ് ഉണ്ടാകണം.
വിവിധ രോഗങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളില്‍ പ്രത്യേക വെയിറ്റിംഗ് പിരീയഡുണ്ട്. ഇന്‍ഷുറന്‍സ് പോളിസിയിലൂടെ ഏതൊക്കെ രോഗങ്ങള്‍ക്കാണ് പരിരക്ഷ ലഭിക്കുകയെന്നും അവയുടെ വെയിറ്റിംഗ് പിരീയഡ് എത്രയെന്നും കൃത്യമായി അറിഞ്ഞിരിക്കണം.
തർക്കത്തിന് സാധ്യത
പോളിസി എടുത്ത് മാസങ്ങള്‍ക്കകം ഉന്നയിക്കപ്പെടുന്ന ക്ലെയിമുകളുടെ കാര്യത്തില്‍ നേരത്തെ നിലനിന്നിരുന്ന അസുഖമാണോയെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ സംശയം ഉന്നയിക്കാറുണ്ട്. പോളിസി എടുത്തതിനു ശേഷം മൂന്ന് മാസത്തിനുള്ളില്‍ ഏതെങ്കിലും രോഗത്തിന് ചികിത്സ തേടുകയാണെങ്കില്‍ ക്ലെയിം നിഷേധിക്കപ്പെടാം.
മാത്രമല്ല നേരത്തെ നിലനിന്നിരുന്ന അസുഖങ്ങളെ കുറിച്ച പോളിസി എടുക്കുന്ന സമയത്ത് വെളിപ്പെടുത്തിയില്ലെങ്കില്‍ പോളിസി കാലയളവിലുടനീളം അത്തരം അസുഖങ്ങള്‍ക്ക് കവറേജ് നിഷേധിക്കപ്പെടാം.
ഓരോ പോളിസിയിലും ആവശ്യപ്പെടുന്ന വിശദാംശങ്ങള്‍ കൃത്യമായി സമര്‍പ്പിക്കുകയും പരിരക്ഷ സംബന്ധിച്ച നിബന്ധനകള്‍ ശരിയായി മനസിലാക്കുകയും ചെയ്താല്‍ ക്ലെയിമുകള്‍ തള്ളിപ്പോകാനുള്ള സാധ്യത കുറവാണെന്ന് ഇന്‍ഷുറന്‍സ് രംഗത്തെ വിദഗ്ധര്‍ പറയുന്നു. അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവയടക്കമുള്ള രോഗങ്ങളുടെ വിവരങ്ങളും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോള്‍ അതാത് കമ്പനികള്‍ക്ക് രേഖാമൂലം നല്‍കുന്നതാണ് സുരക്ഷിതം.

ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍:
* ഏതെങ്കിലും വൈദ്യപരിശോധന നടത്തും മുന്‍പ് പോളിസി എന്തൊക്കെ ചെലവുകള്‍ വഹിക്കുമെന്നും മുന്‍കൂര്‍ അനുമതി ആവശ്യമുണ്ടോയെന്നും ചെക്ക് ചെയ്യുക.
* പേര്, അഡ്രസ് എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും ഫോമില്‍ ശരിയായി രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കുക. കൂടാതെ മെഡിക്കല്‍ കോഡുകള്‍, ട്രീറ്റ്‌മെന്റ് വിവരങ്ങള്‍ എന്നിവയും കൃത്യമായി രേഖപ്പെടുത്തണം.
* മെഡിക്കല്‍ രേഖകള്‍, ബില്‍, പ്രിസ്‌ക്രിപ്ഷന്‍ തുടങ്ങിയ അസുഖ സംബന്ധമായ രേഖകളെല്ലാം സൂക്ഷിക്കണം. ഭാവിയിലുണ്ടാകാനിടയുള്ള തര്‍ക്കങ്ങള്‍ ഇതു വഴി ഒഴിവാക്കാം.
* സമയബന്ധിതമായി ക്ലെയിം സമര്‍പ്പിക്കുകയാണ് മറ്റൊരു കാര്യം. പോളിസി നല്‍കിയിട്ടുള്ള കമ്പനി പറഞ്ഞിരിക്കുന്ന സമയത്തിനുള്ളില്‍ ക്ലെയിം സബ്മിറ്റ് ചെയ്യുന്നത് റീം എംബേഴ്‌സ്‌മെന്റ് കൃത്യമായി ലഭിക്കാൻ സഹായിക്കും.

* പോളിസിദാതാക്കളുമായി കൃത്യമായി ആശയവിനിമയം നടത്തുകയാണ് മറ്റൊരു കാര്യം. ചികിത്സയും അതിനു വരുന്ന ചെലവുമെല്ലാം കമ്പനിയുമായി സംസാരിച്ച് തീരുമാനിച്ചാല്‍ ക്ലെയിം നിഷേധിക്കപ്പെടാനുള്ള സാധ്യത കുറയും.

*ഏതെങ്കിലും കാരണവശാല്‍ ക്ലെയിം നിരസിക്കപ്പെട്ടാല്‍ പ്രതീക്ഷ കൈവെടിയേണ്ടതില്ല. കമ്പനിയുമായി സംസാരിച്ച് എന്തുകൊണ്ട് നിഷേധിക്കപ്പെട്ടുവെന്ന് കണ്ടെത്തുക. അര്‍ഹതപ്പെട്ടതാണെങ്കില്‍ പുനരപേക്ഷിക്കുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it