പണമില്ലാതെ ചെക്ക് മടങ്ങുന്നത് ക്രിമിനല്‍ കുറ്റമായി തുടരും

പണമില്ലാതെ ചെക്ക് മടങ്ങുന്നത് ക്രിമിനല്‍ കുറ്റമായി തന്നെ തുടര്‍ന്നേക്കും. പിഴ ഈടാക്കി ജയില്‍ ശിക്ഷ ഒഴിവാക്കുന്ന തരത്തില്‍ സിവില്‍ കേസില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.

നിയമം പരിഷ്‌കരിക്കാനുള്ള നീക്കത്തിനെതിരെ വ്യാപകമായ എതിര്‍പ്പ് ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി. നിലവിലുള്ള ചട്ടം തുടരണമെന്നാണ് ഉയര്‍ന്നു വന്ന അഭിപ്രായം. ക്രിമിനല്‍ കുറ്റം ഒഴിവാക്കുന്നതിലൂടെ ചെക്ക് കേസുകളുടെ ഗൗരവം നഷ്ടപ്പെടുകയും എണ്ണം കൂടാന്‍ കാരണമാകുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ സുപ്രീം കോടതി നിയമിച്ച സമിതിയുടെ അഭിപ്രായം തേടിയ ശേഷം മാത്രമായിരിക്കും ഇതു സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ തീരുമാനം.
ബാങ്കിംഗ് റഗുലേഷന്‍ ആക്ട്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, നെഗോഷ്യബ്ള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് തുടങ്ങിയ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയിരുന്നത്.


Related Articles
Next Story
Videos
Share it