ഇസാഫ് ബാങ്കുമായി കൈകോര്‍ത്ത് ഏസ്മണി; സേവനം കേരളത്തിലും തമിഴ്‌നാട്ടിലും

ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്തിക്കുക ലക്ഷ്യമിട്ട് പ്രമുഖ ഫിന്‍ടെക് സ്ഥാപനമായ റേഡിയന്റ് ഏസ്മണി, തൃശൂര്‍ ആസ്ഥാനമായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുമായി സഹകരിക്കുന്നു. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഇസാഫ് ബാങ്കും റേഡിയന്റ് ഏസ്മണിയും കഴിഞ്ഞവാരം ഒപ്പുവച്ചു.

കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഇസാഫ് ബാങ്കിന്റെ ബിസിനസ് കറസ്‌പോണ്ടന്റ് സേവനദാതാക്കളായാണ് റേഡിയന്റ് ഏസ്മണി പ്രവര്‍ത്തിക്കുകയെന്ന് ഏസ്മണി മാനേജിംഗ് ഡയറക്ടര്‍ നിമിഷ ജെ. വടക്കന്‍, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജിമ്മിന്‍ ജെ. കുറിച്ചിയില്‍ എന്നിവര്‍ പറഞ്ഞു.
വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കും നേട്ടം
ഗ്രാമീണ മേഖലകളിലും ചെറുകിടക്കാരിലും ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് റേഡിയന്റ് ഏസ്മണി. ചെറുകിട വ്യാപാരികള്‍ മുഖേനയാണ് പ്രധാനമായും ഏസ്മണി സേവനങ്ങള്‍ ലഭ്യമാക്കുന്നത്.
കേരളത്തിലും തമിഴ്‌നാട്ടിലും ഇസാഫ് ബാങ്കിന്റെ സേവനങ്ങള്‍ ഏസ്മണി ചെറുകിട വ്യാപാരികളിലൂടെ ഉപയോക്താക്കളിലേക്ക് എത്തിക്കും. ഉപയോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ വ്യാപാരികളെ സമീപിക്കാം. ഏത് ബാങ്കിന്റെയും ഡെബിറ്റ് കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ ഉപയോഗിച്ച് വ്യാപാരികളുടെ പക്കലുള്ള പേയ്‌മെന്റ് മെഷീനുകള്‍ (Payment devices) വഴി പണം പിന്‍വലിക്കാം.
അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനും സേവനം പ്രയോജപ്പെടുത്താം. ഡൊമസ്റ്റിക് മണി ട്രാന്‍സ്ഫര്‍, വിവിധ റീചാര്‍ജുകള്‍, ബില്‍ പേയ്‌മെന്റുകള്‍, അക്കൗണ്ട് തുറക്കല്‍, ഇന്‍ഷ്വറന്‍സുകള്‍, പാന്‍കാര്‍ഡ് സേവനങ്ങള്‍, ടിക്കറ്റ് ബുക്കിംഗ്, മറ്റ് ഓണ്‍ലൈന്‍ സേവനങ്ങള്‍ എന്നിവയ്ക്കായും ഉപയോക്താക്കള്‍ക്ക് വ്യാപാരികളെ സമീപിക്കാം.
ഉപയോക്താക്കള്‍ക്ക് ഒരു കുടക്കീഴില്‍ ഡിജിറ്റല്‍, ബാങ്കിംഗ് സേവനങ്ങള്‍ അതിവേഗവും അനായാസവും ലഭിക്കുമെന്നതാണ് പ്രത്യേകത. മാത്രമല്ല, ഒരു 'ഒറ്റയാള്‍ ബാങ്ക്' എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരിക്ക് ഇതൊരു അധിക വരുമാന മാര്‍ഗവുമാണെന്ന് ജിമ്മിന്‍ ജെ. കുറിച്ചിയില്‍ പറഞ്ഞു.
യു.പി.ഐ എ.ടി.എമ്മും
ഏതൊരു യു.പി.ഐ ആപ്പ് വഴിയും അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാവുന്ന ക്യു.ആര്‍ കോഡ് അധിഷ്ഠിത സേവനവും ഏസ്മണി കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ചു. ഉപയോക്താവിന് ഏസ്മണിയുടെ ബിസിനസ് കറസ്‌പോണ്ടന്റ് ആയ വ്യാപാരിയെ സമീപിച്ച് ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ പണം എ.ടി.എമ്മില്‍ എന്ന പോലെ പിന്‍വലിക്കാം. ഒറ്റത്തവണ പരമാവധി 1,000 രൂപയും ഒരുദിവസം പരമാവധി 3,000 രൂപയുമാണ് പിന്‍വലിക്കാനാവുക.
ഏസ്മണിക്ക് വലിയ ലക്ഷ്യങ്ങള്‍
നിലവില്‍ 4,600 ചെറുകിട വ്യാപാരികളാണ് ഏസ്മണിയുടെ ബിസിനസ് കറസ്‌പോണ്ടന്റുമാരായുള്ളത്. ഇതില്‍ 2,300 പേര്‍ കേരളത്തിലും 600 പേര്‍ തമിഴ്‌നാട്ടിലുമാണ്. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍, ഉത്തര്‍പ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളിലും പരിശീലനം നല്‍കി വ്യാപാരികളെ ചേര്‍ത്തിട്ടുണ്ട്.
യെസ് ബാങ്ക്, ഇസാഫ് ബാങ്ക്, എന്‍.എസ്.ഡി.എല്‍., ഫിനോ പേയ്‌മെന്റ് ബാങ്ക് എന്നിവയുമായി നിലവില്‍ ഏസ്മണിക്ക് സഹകരണമുണ്ട്. ഏസ്മണിയുടെ പ്ലാറ്റ്‌ഫോമിലൂടെ ഏത് ബാങ്കിന്റെയും സേവനം പ്രയോജനപ്പെടുത്താമെന്ന് ജിമ്മിന്‍ ജെ. കുറിച്ചിയില്‍ പറഞ്ഞു. ഇസാഫ് ബാങ്കിന്റെ ഉള്‍പ്പെടെ സേവനങ്ങളുമായി ഏസ്മണി വൈകാതെ അഖിലേന്ത്യാതലത്തില്‍ സാന്നിധ്യമറിയിക്കും.
സ്മാര്‍ട്ട് ബാങ്കിംഗ് സെന്ററുകള്‍
ഏസ്മണിയുടെ സേവനങ്ങള്‍ മാത്രം ലഭിക്കുന്ന സ്മാര്‍ട്ട് ബാങ്കിംഗ് സെന്റുകള്‍ക്ക് കേരളത്തിലും തമിഴ്‌നാട്ടിലും അടുത്ത മാര്‍ച്ചോടെ തുടക്കമിടും. എ.ടി.എം മെഷീനുകള്‍, മൈക്രോ എ.ടി.എം., ക്യു.ആര്‍ കോഡ് സേവനങ്ങള്‍, ബാങ്കിംഗ് സേവനങ്ങള്‍, ഇന്‍ഷ്വറന്‍സ് തുടങ്ങിയവ ഇവിടെ ലഭ്യമാകും. നിലവില്‍ പ്രതിമാസം ശരാശരി 150-160 കോടി രൂപയുടെ സേവനങ്ങളാണ് ഏസ്മണിയുടെ പ്ലാറ്റ്‌ഫോമുകള്‍ വഴി നടക്കുന്നത്.
ഏറ്റെടുക്കലും ലാഭപാതയും
ഇടുക്കി സ്വദേശി ജിമ്മിന്‍ ജെ. കുറിച്ചിയിലും ഭാര്യ നിമിഷ ജെ. വടക്കനും ചേര്‍ന്ന് 2020ല്‍ കൊച്ചിയില്‍ തുടക്കമിട്ട ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പാണ് ഏസ്മണി. കമ്പനിയുടെ 56.93 ശതമാനം ഓഹരികള്‍ ഇക്കഴിഞ്ഞ നവംബറില്‍ തമിഴ്‌നാട് ആസ്ഥാനമായ റേഡിയന്റ് കാഷ് മാനേജ്‌മെന്റ് സര്‍വീസസ് (ആര്‍.സി.എം.എസ്) ഏറ്റെടുത്തിരുന്നു. ഇടപാടിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല.
ചെറു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഡിജിറ്റല്‍-കാഷ് സേവനങ്ങള്‍ സംയോജിപ്പിച്ച് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ആര്‍.സി.എം.എസ് മാനേജിംഗ് ഡയറക്ടര്‍ കേണല്‍ ഡേവിഡ് ദേവസഹായം വ്യക്തമാക്കിയിരുന്നു.
ഏസ്മണി കഴിഞ്ഞവര്‍ഷങ്ങളില്‍ കുറിച്ചത് നഷ്ടമാണ്. നടപ്പുവര്‍ഷം (2023-24) കമ്പനി 'ബ്രേക്ക് ഈവന്‍' ആകുമെന്നും (ആദ്യമായി ലാഭമോ നഷ്ടമോ ഇല്ലാത്ത അവസ്ഥ) അടുത്തവര്‍ഷത്തോടെ ലാഭത്തിലേറുമെന്നും നിമിഷ ജെ. വടക്കന്‍ ധനംഓണ്‍ലൈനിനോട് പറഞ്ഞു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it