കുട്ടിക്കളിയല്ല 'മൈനര്‍' മാരുമായുള്ള കരാറുകള്‍; സൂക്ഷിച്ചാല്‍ നല്ലത്!
ഇന്ത്യയിലെ നിയമമനുസരിച്ചു മൈനര്‍മാരുമായി ഇടപെടുന്നത് സൂക്ഷിച്ചുവേണം. ഇവര്‍ നിയമത്തിന്റെ പരിരക്ഷയില്‍ വളരെ സുരക്ഷിതരാണ്. മറ്റുള്ളവരുമായുള്ള ഇടപാടുകളില്‍ മൈനര്‍മാര്‍ എല്ലാവിധ സൗകര്യങ്ങളും അനുഭവിക്കുമെങ്കിലും ഇതിലൊന്നും ഈ മൈനര്‍ കുട്ടികള്‍ക്ക് യാതൊരു ഉത്തരവാദിത്തവും ഇല്ല.
മൈനര്‍മാര്‍ എന്ന് പറയുമ്പോള്‍ തീരെ കൊച്ചു കുട്ടികള്‍ എന്ന് വിചാരിക്കേണ്ട. പതിനെട്ട് വയസ്സ് തികയാത്ത എല്ലാവരും ഇന്ത്യന്‍ മജോരിറ്റി ആക്ട് (The Indian Majority Act, 1875) അനുസരിച്ചു മൈനര്‍ ആണ്.
ഇന്ത്യന്‍ കോണ്‍ട്രാക്ട് ആക്ട് (Indian Contract Act, 1872) അനുസരിച്ചു മൈനര്‍മാരുമായി ഉണ്ടാക്കുന്ന എല്ലാ കരാറുകളും അസാധുവാണ് (Void ab initio). ഇക്കാര്യത്തില്‍ മൈനര്‍ സമ്മതം കൊടുത്തോ ഇല്ലയോ എന്നതൊന്നും വിഷയമല്ല. അതുകൊണ്ടുതന്നെ ഇത്തരം കരാറുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനും മൈനര്‍ക്കെതിരെ കേസ് കൊടുക്കാന്‍ കഴിയില്ല. നിയമത്തിന്റെ മുമ്പില്‍ ഇങ്ങനെ ഒരു കരാറേ ഇല്ല!
മൈനര്‍ തനിക്കു പതിനെട്ടു വയസ്സായി എന്ന് തെറ്റിദ്ധരിപ്പിച്ചാല്‍
ചിലപ്പോള്‍ സൂത്രശാലികളായ മൈനര്‍മാര്‍ തങ്ങള്‍ക്കു പതിനെട്ട് വയസ്സ് കഴിഞ്ഞു എന്ന് തെറ്റിദ്ധരിപ്പിച്ചു മറ്റൊരാളുമായി കരാറിലേര്‍പ്പെട്ടെന്നു വരാം. അതനുസരിച്ചു ചില ഉത്തരവാദിത്തങ്ങളെല്ലാം ഏറ്റെടുക്കുകയോ, പണമോ മറ്റു എന്തെങ്കിലും ആനുകൂല്യങ്ങളോ മറു കക്ഷിയില്‍ നിന്ന് കൈ പറ്റിയെന്നോ വരാം. ഇങ്ങനെയാണെങ്കിലും ഈ കരാര്‍ പ്രകാരമുള്ള ഉത്തരവാദിത്തങ്ങള്‍ നടത്തിക്കിട്ടുവാന്‍ (specific performance) മൈനര്‍ക്കെതിരെ കേസ് കൊടുക്കാന്‍ കഴിയില്ല. ഞാന്‍ മൈനര്‍ ആണ്. എനിക്കിതില്‍ ഉത്തരവാദിത്തമൊന്നും ഇല്ല എന്ന് മൈനര്‍ക്ക് കൂളായി പറയാം.
അങ്ങനെ പറയാന്‍ നിയമതടസമൊന്നുമില്ല (No estoppel against a minor). മൈനര്‍ എന്നെ തെറ്റിദ്ധരിപ്പിച്ചു എന്ന് പറഞ്ഞു പരാതികൊടുക്കാനും കഴിയില്ല. അതുകൊണ്ടു കുട്ടികളായി ഉള്ള ഇടപെടലുകള്‍ ആവശ്യത്തിനു അന്വേഷിച്ചും മനസ്സിലാക്കിയും ചെയ്യുക.
ആകെയുള്ള ഒരു ആശ്വാസം, മൈനര്‍ ആണ് എന്ന കാര്യം മറച്ചു വെച്ച് കൈപ്പറ്റിയ പണമോ വസ്തുക്കളോ മറ്റു ആനുകൂല്യങ്ങളോ മൈനര്‍ ബാക്കി വെച്ചിട്ടുണ്ടെങ്കില്‍ അത് തിരിച്ചു കിട്ടുമോ എന്ന് നോക്കാമെന്നതാണ് (Doctrine of Restitution). പിള്ളേരാണെങ്കിലും കള്ളത്തരം ചെയ്തു മിടുക്കരാവാന്‍ പാടില്ലല്ലോ എന്ന ധാര്‍മ്മിക നീതിയുടെ (law of equity) അടിസ്ഥാനത്തിലാണിത്. അപ്പോഴും കരാര്‍ പ്രകാരം കിട്ടിയ ഗുണങ്ങള്‍ മൈനര്‍ ഉപയോഗിച്ച് കഴിഞ്ഞ കാര്യങ്ങളില്‍ ഒന്നും ചെയ്യാനില്ല.
മൈനര്‍ക്ക് പാര്‍ട്ണര്‍ ആകാമോ?
രണ്ടോ അതിലധികമോ ആളുകള്‍ ചേര്‍ന്നുള്ള പാര്‍ട്ണര്‍ഷിപ് കരാറുകള്‍ ഉണ്ടാക്കുമ്പോള്‍ അതില്‍ മൈനര്‍ പാര്‍ട്ണര്‍ ആകാന്‍ കഴിയില്ല. എന്നാല്‍ പാര്‍ട്ണര്‍ഷിപ് തുടങ്ങിയതിന് ശേഷം അതിന്റെ ആദായം പങ്കു പറ്റുവാന്‍ എല്ലാ പാര്‍ട്ണര്‍മാരുടെയും സമ്മതപ്രകാരം മൈനര്‍ക്കു കഴിയും. ഇതിനു മൈനര്‍ക്കു വേണ്ടി രക്ഷാധികാരി (guardian) കരാറിലേര്‍പ്പെട്ടാല്‍ മതി. ഇത് വഴി കിട്ടേണ്ട ആദായമോ ആനുകൂല്യമോ മൈനര്‍ക്കു കിട്ടുന്നില്ലെങ്കില്‍ അതിനുവേണ്ടി കോടതിയെ സമീപിക്കുവാന്‍ കഴിയും (Enforcement of beneficial contracts).
മൈനര്‍ക്ക് വേണ്ടി പണം ചെലവിട്ടാല്‍?
ചില അവസരങ്ങളില്‍ മൈനര്‍ക്ക് വേണ്ടി അവരുടെ ഭക്ഷണം, ചികിത്സ, മരുന്ന്, നിയമോപദേശം, വിദ്യാഭ്യാസം, താമസം, വസ്ത്രം, ജീവിതാവസ്ഥക്കു യോജിച്ച സൗകര്യങ്ങള്‍ എന്നിവ ഉത്തരവാദിത്തപ്പെട്ട ബന്ധുവോ മറ്റോ ചെയ്തുകൊടുത്തെന്നു വരാം. ഇങ്ങനെ ചെലവാകുന്ന തുക മൈനര്‍ക്കു അവകാശപ്പെട്ട വസ്തു വകകളില്‍ വകയിരുത്തുവാന്‍ കഴിയും.
കരാറില്‍ ഏര്‍പ്പെടാന്‍ കഴിയില്ലെങ്കില്‍ എങ്ങനെയാണ് മൈനര്‍ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നത്?
ഇത്രക്കും വ്യക്തവും കര്‍ക്കശവുമായ നിയമങ്ങള്‍ നിലനില്‍ക്കെ ബാങ്കുകള്‍ എങ്ങനെയാണ് പതിനെട്ടു വയസ്സ് തികയാത്തവരുടെ പേരില്‍ അക്കൗണ്ടുകള്‍ തുടങ്ങുന്നതും ഏറ്റവും ഗൗരവതരമായ പണമിടപാടുകള്‍ നടത്തുന്നതും? ചെക്ക് ബുക്ക് അടക്കമുള്ള സൗകര്യങ്ങളോടുകൂടി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നത്? വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്നത്?
മൈനര്‍മാര്‍ക്ക് തുടങ്ങാവുന്ന ബാങ്ക് അക്കൗണ്ടുകളെ കുറിച്ച് ഭാരതീയ റിസര്‍വ് ബാങ്ക് നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ബാങ്കുകളില്‍ പതിനെട്ടു വയസ്സിനു താഴെയുള്ളവരുടെ അക്കൗണ്ടുകള്‍ തുടങ്ങുന്നത്. ഇതനുസരിച്ചു പത്തു വയസ്സ് വരെയുള്ള കുട്ടികളുടെ പേരില്‍ തുടങ്ങുന്ന അക്കൗണ്ടുകള്‍ മാതാപിതാക്കളില്‍ ആരെങ്കിലുമോ അല്ലെങ്കില്‍ മറ്റൊരു രക്ഷാധികാരിയോ ആണ് മൈനര്‍ക്ക് വേണ്ടി കൈകാര്യം ചെയ്യുക. അപ്പൂപ്പനോ അമ്മൂമ്മയോ ആയാലും മതി. ഈ അക്കൗണ്ടുകളില്‍ സ്വയം ഇടപാട് നടത്താന്‍ കുട്ടികള്‍ക്ക് അനുവാദമില്ല.
പത്തു വയസ്സിനും പതിനെട്ട് വയസ്സിനും ഇടയിലാണ് പ്രായമെങ്കില്‍ കുട്ടികള്‍ക്ക് സ്വന്തമായി ബാങ്കിടപാടുകള്‍ നടത്താം. അവര്‍ക്കു ചെക്കില്‍ ഒപ്പിട്ടു പണം തിരിച്ചെടുക്കാം. സ്വന്തം പേരും ഫോട്ടോയും പതിച്ച ATM കാര്‍ഡ് ഉപയോഗിക്കാം. മൊബൈല്‍ ബാങ്കിങ് / ഇന്റര്‍നെറ്റ് ബാങ്കിങ് തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടാവും. കുട്ടികളുടെ അക്കൗണ്ട് ആയതിനാല്‍ ആവശ്യമായ നിയന്ത്രങ്ങളോട് കൂടിയാണ് ഇത്തരം സൗകര്യങ്ങള്‍ നല്‍കുക.
ഒരു തവണ പിന്‍വലിക്കാവുന്ന തുകയിലോ, ഒരു ദിവസ്സം പിന്‍വലിക്കാവുന്ന തുകയിലോ പരമാവധി ലിമിറ്റ് നിശ്ചയിക്കുക, പണം പിന്‍വലിക്കുന്നതിന്റെയും മറ്റും മെസ്സേജുകള്‍ മാതാപിതാക്കളുടെ ഫോണിലേക്കു അയക്കുക എന്നിങ്ങനെ ചില നിയന്ത്രണങ്ങള്‍.
മൈനര്‍മാരില്‍ നിന്ന് ചെക്ക് വാങ്ങുന്നത് നല്ലതല്ല. ചെക്ക് മടങ്ങിയാല്‍ മൈനര്‍ക്ക് എതിരായി കേസ് കൊടുക്കാന്‍ കഴിയില്ല. എന്നാല്‍ മൈനര്‍ക്ക് ഒരാള്‍ ചെക്ക് നല്‍കിയാല്‍, അത് മടങ്ങിയാല്‍, ചെക്ക് കൊടുത്തയാള്‍ കുടുങ്ങിയത് തന്നെ!
മൈനര്‍ക്കു പതിനെട്ടു വയസ്സ് തികഞ്ഞാല്‍?
മൈനര്‍മാരുടെ പേരില്‍ ഒറ്റക്കോ മാതാപിതാക്കള്‍ ചേര്‍ന്നോ തുടങ്ങുന്ന അക്കൗണ്ടുകള്‍ മൈനര്‍ക്ക് പതിനെട്ടു വയസ്സ് തികയുമ്പോള്‍ മുതിര്‍ന്നവരുടെ അക്കൗണ്ട് എന്ന നിലയിലേക്ക് മാറ്റണം. അതിനു വേണ്ട കാര്യങ്ങള്‍ ബാങ്കിന്റെ നിര്‍ദേശമനുസരിച്ചു ചെയ്യാം. അതിനുശേഷം അനുവദനീയമായ എല്ലാ ഇടപാടുകളും സ്വന്തം രീതിയില്‍ നടത്താവുന്നതാണ്.