ലോക്കറില്‍ വെച്ച പണം ചിതലെടുത്താല്‍ ബാങ്ക് ഉത്തരവാദിത്വം പറയുമോ?

ബാങ്ക് ലോക്കറുകള്‍ ഏറ്റവും സുരക്ഷിതമെന്നാണ് പൊതുവെയുള്ള വിശ്വാസം. ബാങ്കിലെ പണവും ഇടപാടുകാര്‍ പണയം വെച്ച സ്വര്‍ണാഭരണങ്ങളും വായ്പക്ക് ഈടായി വാങ്ങിയ വസ്തുവിന്റെ ആധാരവും പ്രധാനപ്പെട്ട ഫയലുകളും മറ്റു രേഖകളും എല്ലാം വെക്കുന്നത് വളരെ ശക്തമായ രീതിയില്‍ പണികഴിപ്പിച്ച സ്‌ട്രോങ്ങ് റൂമുകളില്‍ ആണ്. അതിനുളളില്‍ തീ പിടിക്കാത്ത അലമാരകളില്‍ ആണ് വിലപിടിപ്പുള്ള സാധനങ്ങളും രേഖകളും സൂക്ഷിക്കുന്നത്. ഈ സ്‌ട്രോങ്ങ് റൂമില്‍ തന്നെയാണ് ഉരുക്കുകൊണ്ടും അതുപോലുള്ള കനത്ത ലോഹങ്ങള്‍ കൊണ്ടും നിര്‍മിച്ച സേഫ് ഡെപ്പോസിറ്റ് ലോക്കറുകളും വെക്കുക.ബാങ്കിന്റെ ഉത്തരവാദിത്വത്തിലുള്ള സ്വര്‍ണാഭരണങ്ങള്‍ അടക്കമുള്ള വസ്തുക്കള്‍ക്ക് നല്‍കുന്ന അതെ സുരക്ഷയും ശ്രദ്ധയും തന്നെയാണ് സേഫ് ഡെപ്പോസിറ്റ് ലോക്കറിനും നല്‍കുന്നത്. അതിനാല്‍ ബാങ്ക് ലോക്കറുകള്‍ സുരക്ഷിതമാണ് എന്ന് തന്നെ വിശ്വസിക്കാം.

എന്നാല്‍ ഇത്രയൊക്കെ ശ്രദ്ധയും സുരക്ഷയും നല്‍കിയിട്ടും എന്തുകൊണ്ടാണ് ഈയിടെ ഒരു ഇടപാടുകാരന്റെ ലോക്കറില്‍ വെച്ചിരുന്ന പതിനെട്ടു ലക്ഷം രൂപ ചിതലെടുത്ത് നശിച്ചത്? ഇതിന് ആര് സമാധാനം പറയും?
ബാങ്ക് ലോക്കറില്‍ വെച്ച വസ്തുക്കള്‍ നഷ്ടപ്പെട്ടാല്‍?
ഇതിന് ഉത്തരം കണ്ടെത്തുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. ബാങ്ക് ലോക്കറില്‍ വെക്കുന്ന സാധനങ്ങള്‍ നഷ്ടപ്പെട്ടാല്‍, കാണാതായാല്‍, കേടായാല്‍ ആരാണ് ഉത്തരവാദി? ബാങ്കോ, ലോക്കര്‍ എടുത്ത ഇടപാടുകാരനോ? ബാങ്ക് ലോക്കര്‍ എടുക്കുമ്പോള്‍ ബാങ്കും ഇടപാടുകാരനും ഒപ്പിടുന്ന കരാര്‍ അനുസരിച്ച് ഈ കരാറിന്റെ സ്വഭാവം വീട് വാടകക്ക് എടുക്കുന്നതിന് തുല്യമാണ്. എന്തൊക്കെയാണ് വീടിനുള്ളില്‍ വെക്കുന്നത് എന്ന് വീടിന്റെ ഉടമസ്ഥന്‍ നോക്കുകയോ അറിയുകയോ ചെയ്യുന്നില്ല. അതെല്ലാം വാടകക്കാരന്റെ ആവശ്യമനുസരിച്ച് ചെയ്യാം. അങ്ങനെ വീടിനുള്ളില്‍ വെക്കുന്ന സാധനങ്ങള്‍ നഷ്ടപ്പെട്ടാല്‍, സാധനങ്ങള്‍ക്ക് കേടുപാടുകള്‍ വന്നാല്‍, മറ്റെന്തെങ്കിലും നാശനഷ്ടങ്ങള്‍ സംഭവിച്ചാല്‍ അതിന് വീട്ടുടമസ്ഥന്‍ ഉത്തരവാദിയല്ല. അതുപോലെ ലോക്കറില്‍ വെക്കുന്ന സാധനങ്ങള്‍ എന്തെല്ലാമെന്ന് ബാങ്ക് കാണുന്നില്ല. അതുകൊണ്ട് തന്നെ അതിന്റെയൊന്നും ഉത്തരവാദിത്തം ബാങ്കിനില്ല.
ബാങ്ക് ലോക്കറുകള്‍ രണ്ട് താക്കോലുകള്‍ കൊണ്ടാണ് അടക്കുന്നതും തുറക്കുന്നതും. അതില്‍ ഒരു താക്കോല്‍ ഇടപാടുകാരുടെ കൈയ്യിലും മറ്റൊന്ന് ബാങ്കിന്റെ കൈയ്യിലുമാണ്. അതിനാല്‍ ഇടപാടുകാരും കൂടെ അറിയാതെ ലോക്കര്‍ തുറക്കുവാന്‍ ബാങ്കിന് കഴിയില്ല. അതുകൊണ്ട് ലോക്കറില്‍ നിന്ന് ഏതെങ്കിലും വസ്തുക്കള്‍ നഷ്ടപ്പെട്ടാല്‍ അതിനു സാധാരണയായി ബാങ്കിന് ഉത്തരവാദിത്തം ഇല്ല.
ലോക്കറില്‍ വെക്കുന്ന സാധനങ്ങള്‍ ബാങ്ക് അറിയുന്നില്ല എന്നത് കൊണ്ടുതന്നെ ലോക്കറില്‍ വെക്കുന്ന സാധനങ്ങള്‍ക്ക് ബാങ്ക് പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നില്ല. അതിനാല്‍ ലോക്കറില്‍ നിന്ന് എന്തെങ്കിലും നഷ്ടപ്പെട്ടാല്‍ ആ നഷ്ടം ഇടപാടുകാരന്‍ തന്നെ വഹിക്കണം. വിലപിടിപ്പുള്ള ആഭരണങ്ങളോ മറ്റോ ലോക്കറില്‍ വെക്കുന്നുണ്ടെങ്കില്‍ അതിനു വേണമെങ്കില്‍ ഇടപാടുകാര്‍ക്ക് പ്രത്യേകം ഇന്‍ഷുറന്‍സ് എടുക്കാവുന്നതാണ്. ഹോം ഇന്‍ഷുറന്‍സിന്റെ ഭാഗമായി ഇങ്ങനെ ചെയ്യാന്‍ സാധിക്കും.
ബാങ്കിന് ഒരു ഉത്തരവാദിത്തവും ഇല്ലേ?
അതിനര്‍ത്ഥം ബാങ്ക് ലോക്കറിന് എന്ത് സംഭവിച്ചാലും ലോക്കറില്‍ വെച്ചിരിക്കുന്ന വസ്തുക്കള്‍ക്ക് എന്ത് സംഭവിച്ചാലും ബാങ്കിന് യാതൊരു ഉത്തരവാദിത്തവും ഇല്ലായെന്നല്ല. ബാങ്കിന്റെ വസ്തുക്കള്‍ സൂക്ഷിക്കുവാന്‍ എത്രമാത്രം ശ്രദ്ധ ബാങ്ക് എടുക്കുന്നുവോ, എത്രമാത്രം ശ്രദ്ധയും സുരക്ഷയും കൊടുക്കുവാന്‍ ബാങ്കിന് ഉത്തരവാദിത്തമുണ്ടോ, അത്രയും ശ്രദ്ധയും സുരക്ഷയും ലോക്കറിന്റെ കാര്യത്തിലും നല്‍കണം. ബാങ്കിന്റെ അശ്രദ്ധകൊണ്ടോ വീഴ്ച കൊണ്ടോ ഇടപാടുകാര്‍ക്ക് നഷ്ടം ഉണ്ടായാല്‍ അത് നികത്താന്‍ ബാങ്കിന് ഉത്തരവാദമുണ്ട്. തീപിടുത്തം, കളവ്, കെട്ടിടം ഇടിഞ്ഞു വീഴല്‍, ജോലിക്കാര്‍ നടത്തിയ തട്ടിപ്പ് എന്നിവ മൂലം നഷ്ടമുണ്ടായാല്‍ ലോക്കറിന്റെ വാര്‍ഷിക വാടകയുടെ നൂറിരട്ടി തുക ഇടപാടുകാര്‍ക്ക് നല്‍കാന്‍ ബാങ്കിന് ഉത്തരവാദിത്തമുണ്ട്. എന്നാല്‍ ഭൂകമ്പം, വെള്ളപ്പൊക്കം, ഇടിവെട്ട്, ഇടിമിന്നല്‍, കൊടുങ്കാറ്റ് മുതലായ പ്രകൃതി ദുരന്തങ്ങള്‍ മൂലമാണ് നഷ്ടമുണ്ടാകുന്നതെങ്കില്‍ അത് നല്‍കാന്‍ ബാങ്കിന് ഉത്തരവാദിത്തമില്ല. ഇത്തരം പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിരിക്കണമെന്ന് മാത്രം.
ക്യാഷ് ചിതല്‍ തിന്നാല്‍?
ഒരാളുടെ ബാങ്ക് ലോക്കറില്‍ വെച്ചിരുന്ന ലക്ഷക്കണക്കിന് തുക ചിതലെടുത്ത് നശിച്ചു എന്ന് ഈയിടെ നാം പത്രങ്ങളില്‍ വായിച്ചു. ഇതിന് ബാങ്ക് ഉത്തരവാദിയല്ലേ? വളരെ പ്രസക്തമായ ഈ ചോദ്യത്തിന് ഉത്തരം തിരയുന്നതിന് മുമ്പ് ബാങ്ക് ലോക്കറില്‍ കറന്‍സി സൂക്ഷിക്കുന്നത് ശരിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. നിയമ വിധേയമല്ലാത്തതോ, അപകടകരമായതോ ആയ യാതൊന്നും ബാങ്ക് ലോക്കറില്‍ വെക്കാന്‍ പാടില്ല എന്നാണ് വ്യവസ്ഥ. വിലപിടിപ്പുള്ള ആഭരണങ്ങള്‍ ലോക്കറില്‍ വെക്കാം. എന്നാല്‍ ക്യാഷ്, ആയുധങ്ങള്‍, അപകടകരമായ മറ്റു വസ്തുക്കള്‍, മയക്കുമരുന്നുകള്‍ എന്നിവ ലോക്കറില്‍ സൂക്ഷിക്കാന്‍ പാടില്ല.
അപ്പോള്‍ ഇതൊരു നിയമ പ്രശ്‌നമാണ്. ക്യാഷ് ലോക്കറില്‍ വെക്കാന്‍ പാടില്ല. ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ഇടപാടുകാരന്‍ ചെയ്തത്. അതിനാല്‍ അദ്ദേഹത്തിന് ബാങ്കിനെ ഉത്തരവാദിയാക്കി നഷ്ടപരിഹാരത്തിനു അര്‍ഹതയുണ്ടോ? ലോക്കറില്‍ ചിതല്‍ വളരാന്‍ ഉതകുന്ന രീതിയില്‍ അത്രക്കും അശ്രദ്ധയോടുകൂടി മതിയോ ബാങ്ക് ലോക്കറുകള്‍ സംരക്ഷിക്കാന്‍ എന്ന് ഇടപാടുകാരന്‍ ചോദിച്ചാല്‍ അതില്‍ കഴമ്പുണ്ടോ?? ഈ ലോക്കറില്‍ ക്യാഷിന് പുറമെ മറ്റു വിലപിടിപ്പുള്ള വസ്തുവിന്റെ ആധാരം, മറ്റു ബോണ്ടുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, രേഖകള്‍ എന്നിവ ഉണ്ടായിരുന്നുവെങ്കില്‍ അതും ചിതലെടുത്ത് പോകുമായിരുന്നില്ലേ? ഒരു ലോക്കറില്‍ വളരുന്ന ചിതല്‍ ക്രമേണ മറ്റു ലോക്കറുകളിലേക്കും ബാങ്കിന്റെ തന്നെ മറ്റു പ്രധാനപ്പെട്ട ഫയലുകളിലേക്കും രേഖകളിലേക്കും വ്യാപിക്കില്ലേ?
ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത ഇടപാടുകാരനും ലോക്കറിന്റെ സംരക്ഷണത്തില്‍ ആവശ്യമായ ശ്രദ്ധ ബാങ്ക് നല്‍കിയില്ല എന്ന് പറഞ്ഞേക്കാവുന്ന ഇടപാടുകാരനും ഈ നിയമങ്ങളൊന്നും അറിയാത്ത ചിതലും തമ്മിലുള്ള ഈ സമസ്യയുടെ ഉത്തരത്തിനായി നമുക്ക് കാത്തിരിക്കാം.
Babu K A
Babu K A is a Banking and Financial Expert  

Related Articles

Next Story

Videos

Share it