കൈകാര്യ ആസ്തി കുറയുമെന്ന് പിഎഫ്ആര്‍ഡിഎ; ഭാരം ഉപഭോക്താക്കളിലേക്കോ
നടപ്പ് സാമ്പത്തിക വര്‍ഷം കൈകാര്യ ആസ്തി ഏകദേശം 9 ലക്ഷം കോടി രൂപയായിരിക്കുമെന്ന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (PFRDA) അറിയിച്ചു. മുമ്പ് കണക്കാക്കിയത് 10 ലക്ഷം രൂപയായിരുന്നു. എന്നാല്‍ പലിശ നിരക്ക് വര്‍ധന, റഷ്യ-ഉക്രെയ്ന്‍ യുദ്ധവും, മറ്റ് ആഗോള രാഷ്ട്രീയ സാഹചര്യങ്ങള്‍ എന്നിവ വിപണിയിലെ അസ്ഥിരതയ്ക്ക് കാരണമായി. അതിനാലാണ് 9 ലക്ഷം കോടി രൂപ എന്ന കണക്കിലെത്തിയതെന്ന് പിഎഫ്ആര്‍ഡിഎ ചെയര്‍മാന്‍ സുപ്രതിം ബന്ദ്യോപാധ്യായ പറഞ്ഞു.
2022 ഡിസംബറിലെ കണക്കനുസരിച്ച് മുന്‍ സാമ്പത്തിക വര്‍ഷത്തെ 1.3 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് പുതിയ ഫണ്ടുകളില്‍ 1.5 ലക്ഷം കോടി രൂപയുടെ വര്‍ധനയുണ്ടായിട്ടുണ്ട്. മാത്രമല്ല ദേശീയ പെന്‍ഷന്‍ സ്‌കീമിന്റെയും (NPS) അടല്‍ പെന്‍ഷന്‍ യോജനയുടെയും (APY) വരിക്കാരുടെ എണ്ണം 2022 ജനുവരിയിലെ 486.35 ലക്ഷത്തില്‍ നിന്ന് 2022 ഡിസംബറില്‍ 24.62 ശതമാനം വര്‍ധിച്ച് 606.07 ലക്ഷമായി.
2022 ഡിസംബര്‍ 31 ലെ അറ്റ നിക്ഷേപ വിഹിതം 2022 ജനുവരി 1 ലെ 1.37 ലക്ഷം കോടി രൂപയില്‍ നിന്ന് 1.65 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. സംസ്ഥാനങ്ങള്‍ ഇത് 2.52 ലക്ഷം കോടി രൂപയില്‍ നിന്ന് 3.24 ലക്ഷം കോടി രൂപയായി ഉയര്‍ത്തി. കൂടാതെ കോര്‍പ്പറേറ്റുകള്‍ ഇത് 61,067.43 കോടി രൂപയില്‍ നിന്ന് 84,878.13 കോടി രൂപയായി ഉയര്‍ത്തി.
എന്നാല്‍ നടപ്പ് സാമ്പത്തിക വര്‍ഷം മൊത്തം കൈകാര്യ ആസ്തി കുറയുമെന്നാണ് പിഎഫ്ആര്‍ഡിഎ അറിയിച്ചത്. കൈകാര്യ ആസ്തി ഉയരുമ്പോള്‍, അതായത് ഒരു കമ്പനിയില്‍ ഫണ്ട് കൂടുമ്പോള്‍ കമ്പനികള്‍ കുറഞ്ഞ ചെലവ് ഈടാക്കണം എന്നതാണ് നിയമം. അത് കുറയുമ്പോള്‍ ഉപഭോക്താക്കളിലേക്ക് ഇതിന്റെ ഭാരം എത്തുന്നു. അതുകൊണ്ട് തന്നെ കൈകാര്യ ആസ്തി കുറയുമെന്ന് പിഎഫ്ആര്‍ഡിഎ വ്യക്തമാക്കുമ്പോള്‍ വരും ദിനങ്ങളില്‍ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്ന ചാര്‍ജുകള്‍ വര്‍ധിച്ചേക്കാം.
അതേസമയം മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന്റെ വളര്‍ച്ച വേഗത്തിലാക്കുന്നതിന് സഹായിച്ച ഒന്നാണ് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (Amfi). ഇതുപോലെ സമാനമായ രീതിയില്‍ പെന്‍ഷന്‍ ഫണ്ട് മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഒരു വ്യവസായ സ്ഥാപനം രൂപീകരിക്കാനുള്ള ചര്‍ച്ചയും നടക്കുന്നുണ്ട്. നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിന് കീഴില്‍ മിനിമം അഷ്വേര്‍ഡ് റിട്ടേണ്‍ സ്‌കീമിന് (MARS) അടുത്ത 7-10 ദിവസത്തിനുള്ളില്‍ അംഗീകാരം ലഭിക്കുമെന്നാണ് പിഎഫ്ആര്‍ഡിഎ പ്രതീക്ഷിക്കുന്നത്.