കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ 'ബാഡ് ബാങ്ക്'; 50,335 കോടിയുടെ നിഷ്‌ക്രിയ ആസ്തികള്‍ ഏറ്റെടുക്കും

ബജറ്റ് അവതരിപ്പിക്കാന്‍ മൂന്ന് ദിവസം അവശേഷിക്കെ കഴിഞ്ഞ തവണത്തെ പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്നായ നാഷണല്‍ അസറ്റ് കണ്‍സ്ട്രക്ഷന്‍ കമ്പനി( എന്‍എആര്‍സിഎല്‍) പ്രവര്‍ത്തനം ആരംഭിക്കുന്നു. ബാങ്കുകളിലെ കിട്ടാക്കടം തിരിച്ചു പിടിക്കാന്‍ കേന്ദ്രം രൂപീകരിച്ച എന്‍എആര്‍സിഎല്‍ അഥവാ ബാഡ് ബാങ്കിന്റെ ലക്ഷ്യം രാജ്യത്തെ ബാങ്കുകള്‍ നേരിടുന്ന കിട്ടാക്കട പ്രതിസന്ധി പരിഹരിക്കുകയാണ്.

റിസര്‍വ് ബാങ്കിന്റേത് ഉള്‍പ്പടെ എല്ലാ അനുമതികളും എന്‍ആര്‍സിഎല്ലിന് ലഭിച്ചു. വിവിധ ബാങ്കുകളില്‍ നിന്നായി 50,335 കോടിയുടെ നിഷ്‌ക്രിയ ആസ്തികള്‍ മാര്‍ച്ച് 31ന് അകം ഏറ്റെടുക്കുമെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാര അറിയിച്ചു. കഴിഞ്ഞ ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനാണ് ബാഡ് ബാങ്ക് രൂപീകരണം പ്രഖ്യാപിച്ചത്.

എന്‍എആര്‍സിഎല്ലിലെ 70 ശതമാനം ഓഹരികളും പൊതുമേഖലാ ബാങ്കുകളുടേതാണ്. രാജ്യത്തെ സ്വകാര്യ ബാങ്കുകള്‍ക്ക് ഭൂരിപക്ഷ ഓഹരികളുള്ള എന്‍എആര്‍സിഎല്ലിന് സമാനമായ ഇന്ത്യാ ഡെബ്റ്റ് റെസല്യൂഷന്‍ കമ്പനി ലിമിറ്റഡിനും സെബി പ്രവര്‍ത്തന അനുമതി നല്‍കി.

എന്താണ് ബാഡ് ബാങ്ക്

സാധാരണ ഡിപ്പോസിറ്റുകള്‍ സ്വീകരിക്കുകയും ലോണ്‍ നല്‍കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ അല്ല ബാഡ് ബാങ്കുകള്‍. മറ്റ് ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്ഥികള്‍ പണം കൊടുത്ത് വാങ്ങുകയാണ് ഇവര്‍ ചെയ്യുന്നത്. നിശ്ചയിച്ച തുകയുടെ 15 ശതമാനം (വ്യത്യാസം വരാം) ആദ്യ ഘട്ടത്തില്‍ ബാങ്കുകള്‍ക്ക് കൈമാറുക. ബാക്കി തുകയ്ക്ക് പകരമായി പേപ്പറുകളാണ് നല്‍കുന്നത്.

നിഷ്‌ക്രിയ ആസ്ഥികളുടെ മേലുള്ള പണയ വസ്തുക്കള്‍ വില്‍ക്കുക, കടം എടുത്ത ബിസിനസ് സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടത്തുക, ബിസിനസ് സ്ഥാപനങ്ങളുടെ ബാധ്യതയ്ക്ക് തുല്യമായ ഓഹരികള്‍ ഏറ്റെടുക്കുക തുടങ്ങിയ രീതികളിലാണ് ബാഡ് ബാങ്കുകള്‍ തുക തിരിച്ചു പിടിക്കുന്നത്.

രണ്ട് ലക്ഷം കോടി രൂപയുടെ നിഷ്‌ക്രിയ ആസ്ഥികള്‍ വാങ്ങാനുള്ള അനുമതിയാണ് എന്‍എആര്‍സിഎല്ലിന് കേന്ദ്രം നല്‍കിയിരിക്കുന്നത്. 36000 കോടി രൂപയാണ് കേന്ദ്രം ഇതിനായി നീക്കി വെച്ചിരിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it