വിദേശ കോയിൻ വാങ്ങാൻ ബാങ്ക് അക്കൗണ്ട് കൊടുത്താൽ കിട്ടുമത്രേ 15,000 രൂപ!, ഉഡായിപ്പ് പുതിയ വേഷത്തിൽ

വിദേശ ക്രിപ്റ്റോ കറന്‍സി എന്ന പേരില്‍ വായില്‍ക്കൊള്ളാത്ത ഏതെങ്കിലും പേരും പറഞ്ഞാകും ഇവര്‍ അടുത്തെത്തുക. വിദേശത്ത് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഇവ ഇന്ത്യയിലെത്തിച്ച് വിറ്റാല്‍ വലിയ ലാഭം കിട്ടുമെന്നും പറഞ്ഞ് വിശ്വസിപ്പിക്കും. ക്രിപ്റ്റോ കറന്‍സികളെക്കുറിച്ച് ധാരണയില്ലാത്തവര്‍ ഇതില്‍ വീഴും. പിന്നെയാണ് അടുത്ത ഐറ്റം വരുന്നത്. ഈ കോയിന്‍ വാങ്ങാന്‍ വിദേശത്ത് ഇടപാട് നടത്താന്‍ കഴിയുന്ന ഇന്റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡ് ആവശ്യമുണ്ടെന്നും അതിനായി പാസ്പോര്‍ട്ട് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടെടുത്ത് നല്‍കിയാല്‍ 10,000-15,000 രൂപ വരെ തരുമെന്നും വാഗ്ദാനം ചെയ്യും. പിന്നീട് ഈ അക്കൗണ്ടില്‍ നടക്കുന്ന ഇടപാടില്‍ നിശ്ചിത ശതമാനം ലാഭം തരുമെന്നും സംഘം വിശ്വസിപ്പിക്കും. ചേതമില്ലാത്ത ഒരു ഉപകാരമല്ലേ, കുറച്ച് പൈസയും കിട്ടുന്നതല്ലേ എന്ന് വിചാരിച്ച് ബാങ്ക് അക്കൗണ്ട് കൊടുത്താല്‍ കാത്തിരിക്കുന്നത് മുട്ടന്‍ പണി. കേരളത്തില്‍ സജീവമായ ബാങ്ക് അക്കൗണ്ട് തട്ടിപ്പ് സംഘത്തെക്കുറിച്ച്...
ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്ക് (മ്യൂള്‍ അക്കൗണ്ടുകള്‍)
സ്വന്തം പേരില്‍ തുടങ്ങുന്ന ബാങ്ക് അക്കൗണ്ട് മറ്റൊരാള്‍ കൈകാര്യം ചെയ്യുന്നതിനെയാണ് മ്യൂള്‍ അക്കൗണ്ട് എന്ന് പറയുന്നത്. ഇതിനായി പാസ് ബുക്കോ എടിഎം കാര്‍ഡോ കൈമാറണമെന്നില്ല. മറ്റൊരാളുടെ നിര്‍ദ്ദേശ പ്രകാരം സ്വന്തം അക്കൗണ്ടില്‍ ക്രയവിക്രയങ്ങള്‍ നടത്തിയാലും മതി. അക്കൗണ്ട് ഉടമയുടെ സമ്മതത്തോടെയും അല്ലാതെയും തട്ടിപ്പുകാര്‍ ഇത്തരം അക്കൗണ്ടുകള്‍ വഴി ഇടപാടുകള്‍ നടത്തുന്നുണ്ട്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന അക്കൗണ്ടുകളില്‍ 70 ശതമാനവും നികുതി വെട്ടിപ്പ്, ഹവാല ഇടപാട്, നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം തുടങ്ങിയ ഗുരുതര തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുന്നവയാണ്.
അക്കൗണ്ട് വേറൊരാള്‍ക്ക് ഉപയോഗിക്കാമോ?
സ്വന്തം ബാങ്ക് അക്കൗണ്ട് മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ കൊടുത്താല്‍ എന്താണ് പ്രശ്‌നമെന്ന് ചിന്തിക്കാന്‍ വരട്ടെ. അക്കൗണ്ടിലൂടെ നടക്കുന്ന ഇടപാടുകളുടെ ഉത്തരവാദിത്തം അക്കൗണ്ട് ഉടമയ്ക്കാണെന്ന് മറക്കരുത്. നമ്മുടേതല്ലാത്ത പണം സ്വന്തം അക്കൗണ്ട് വഴി കൈമാറ്റം ചെയ്തത് പല വിധ നിയമ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കാം. അനധികൃതമായ ഇടപാടുകള്‍ നടന്നതായി തെളിഞ്ഞാല്‍ അക്കൗണ്ട് ഉടമയെ പ്രതിയാക്കി പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് (പി.എം.എല്‍.എ), ഐ.റ്റി ആക്ട്, ഭാരതീയ ന്യായ സംഹിത തുടങ്ങിയ നിയമങ്ങള്‍ ഉപയോഗിച്ച് കേസെടുക്കാം. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് അടക്കമുള്ള നടപടികളും നേരിടേണ്ടി വരും. കുറ്റകൃത്യം ചെയ്യുന്നത് പോലെ കുറ്റകരമാണ് അതിന് കൂട്ടുനില്‍ക്കുന്നതെന്ന കാര്യവും മറക്കരുത്.
മുന്നറിയിപ്പുമായി ആര്‍.ബി.ഐ
മ്യൂള്‍ അക്കൗണ്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഈ മാസം ആദ്യം പൊതുമേഖലാ ബാങ്കുകളുടെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് ഉപയോക്താക്കള്‍ക്കിടയില്‍ ബോധവത്കരണം നടത്തണമെന്നും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സൈബര്‍ സുരക്ഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബയോ ക്യാച്ച് എന്ന കമ്പനിയുടെ റിപ്പോര്‍ട്ട് പ്രകാരം മ്യൂള്‍ അക്കൗണ്ടുകളില്‍ 90 ശതമാനവും ഇന്ത്യയില്‍ തിരിച്ചറിയപ്പെടാതെ പോവുകയാണ്. ഇന്ത്യയില്‍ നടക്കുന്ന 55 ശതമാനം തട്ടിപ്പുകളിലും ഇത്തരം വാടക ബാങ്ക് അക്കൗണ്ടുകളുടെ സാന്നിധ്യമുണ്ടെന്നും ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മലപ്പുറം സ്വദേശികള്‍ക്ക് സംഭവിച്ചത്
ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്ക് പണം കൈമാറാന്‍ സ്വന്തം ബാങ്ക് അക്കൗണ്ട് നല്‍കിയ കൊടുവള്ളി സ്വദേശികളായ രണ്ടുപേരെ മലപ്പുറം സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത് രണ്ട് മാസം മുമ്പാണ്. ഓണ്‍ലൈന്‍ വഴി ജോലി വാഗ്ദാനം ചെയ്ത് കരുവാരക്കുണ്ട് സ്വദേശിയില്‍ നിന്നും പണം തട്ടിയ കേസിലായിരുന്നു ഇവര്‍. തൊഴില്‍തട്ടിപ്പുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമില്ലെങ്കിലും ഓണ്‍ലൈന്‍ വഴി പലപേരില്‍ പണം തട്ടുന്ന സംഘത്തിന് ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നല്‍കിയതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
അന്വേഷണവും വെല്ലുവിളി
അടുത്തിടെ ഒരു പ്രമുഖ ബാങ്കിന്റെ തിരുവനന്തപുരം ജില്ലയിലെ ഒരു ശാഖയിലെ ചില ഉപയോക്താക്കളുടെ അക്കൗണ്ടില്‍ അസ്വാഭാവികമായി കുറേയധികം പണമെത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ അന്വേഷണം നടത്തി. എന്നാല്‍ പണം എത്തിയതിന് പിന്നാലെ വിവിധ അക്കൗണ്ടുകളിലേക്ക് ചെറിയ തുകകളായി ഇവ കൈമാറ്റം ചെയ്യപ്പെട്ടു. അക്കൗണ്ട് ഉടമകളാകട്ടെ കോളേജ് വിദ്യാര്‍ത്ഥികളും സാധാരണക്കാരും. ചെറിയ തുകകളാക്കി വിവിധ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതോടെ തുടരന്വേഷണവും വഴിമുട്ടി.
എങ്ങനെ പ്രതിരോധിക്കാം
മ്യൂള്‍ അക്കൗണ്ടുകളെ പ്രതിരോധിക്കാനും തട്ടിപ്പുസംഘത്തില്‍ നിന്നും രക്ഷനേടാനും ബാങ്കിംഗ് സുരക്ഷാ രംഗത്തെ വിദഗ്ധര്‍ വിവിധ മാര്‍ഗങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.
ബാങ്ക് അക്കൗണ്ടിലെ ഇടപാടുകള്‍ ശ്രദ്ധിക്കുക
ഓണ്‍ലൈന്‍ വാതുവയ്പ്പ്, ഓണ്‍ലൈന്‍ ഗെയിമിംഗ്, അശ്ലീല വെബ്‌സൈറ്റുകള്‍ തുടങ്ങിയ നിയമവിരുദ്ധ പ്ലാറ്റ്‌ഫോമുകളില്‍ കൂടിയുള്ള ഇടപാടുകള്‍ പരമാവധി ഒഴിവാക്കണം. ബാങ്ക് അക്കൗണ്ടില്‍ അസ്വാഭാവികമായി നിക്ഷേപങ്ങളോ പിന്‍വലിക്കലോ നടക്കുന്നുണ്ടോയെന്ന് കൃത്യമായി ശ്രദ്ധിക്കണം. അങ്ങനെയുള്ള സംഭവങ്ങളുണ്ടെങ്കില്‍ ഉടന്‍ അധികൃതരെ വിവരം അറിയിക്കണം. ഓര്‍ക്കുക ബാങ്കുകളോ ടെലികോം ഓപ്പറേറ്റര്‍മാരോ ഒരിക്കലും നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട സ്വകാര്യ വിവരങ്ങള്‍ ഫോണ്‍ കോളിലൂടെ ചോദിക്കില്ല. ഇത്തരം കോളുകള്‍ പരമാവധി ശ്രദ്ധിക്കണം.
ബാങ്ക് അക്കൗണ്ട് സുരക്ഷിതമാക്കണം
ഇ-മെയില്‍, സോഷ്യല്‍ മീഡിയ, ബാങ്കിംഗ്, ഓണ്‍ലൈന്‍ സൈറ്റുകള്‍ എന്നിവയ്ക്ക് ഒരു പാസ്‌വേര്‍ഡ് മാത്രം ഉപയോഗിക്കുന്നതിന് പകരം വ്യത്യസ്തങ്ങളായവ കണ്ടെത്തണം. കൃത്യമായ ഇടവേളകളില്‍ ബാങ്ക് പാസ്‌വേര്‍ഡുകള്‍ മാറ്റണം. കൂടുതല്‍ സുരക്ഷയ്ക്കായി മള്‍ട്ടി-ഫാക്ടര്‍ ഓതന്റിഫിക്കേഷന്‍ ഉപയോഗിക്കാം. യൂസര്‍ നെയിം, പാസ്‌വേര്‍ഡ്, പിന്‍ നമ്പര്‍ എന്നിവ മറ്റാരുമായും പങ്കുവയ്ക്കരുത്. സുരക്ഷിതമല്ലെന്ന് കാണുന്ന ലിങ്കുകളിലും മറ്റും ക്ലിക്ക് ചെയ്യുന്നതും ഒഴിവാക്കണം.
കെണികളില്‍ വീഴരുത്
അടുത്തിടെ കൊല്ലത്ത് യുവാവിന്റെ പാന്‍ കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ച് ജി.എസ്.ടി ലൈസന്‍സ് എടുത്ത് കോടികളുടെ തട്ടിപ്പു നടത്തിയതായി പരാതി ഉയര്‍ന്നിരുന്നു. തൊഴില്‍ അവസരം കണ്ട് അപേക്ഷിച്ചതാണ് യുവാവിന് വിനയായത്. പണം, ബാങ്കിംഗ് സംബന്ധമായ വ്യക്തി വിവരങ്ങള്‍ തുടങ്ങിയവ ആവശ്യപ്പെടുന്ന തൊഴില്‍ അവസരങ്ങളില്‍ കൂടുതലും തട്ടിപ്പുകളാകും. ഒരിക്കലും ഇത്തരം വിവരങ്ങള്‍ പങ്കുവയ്ക്കരുത്. കൂടാതെ ബാങ്കിംഗ് രംഗത്തെ സുരക്ഷ സംബന്ധമായ കാര്യങ്ങളില്‍ കൃത്യമായ അവബോധം സൂക്ഷിക്കുകയും വേണം.
തട്ടിപ്പിന് ഇരയായാല്‍ എന്തു ചെയ്യും?
സാമ്പത്തിക തട്ടിപ്പിന് ഇരയായെന്ന് ബോധ്യപ്പെട്ടാല്‍ എത്രയും പെട്ടെന്ന് അന്വേഷണ അധികാരികളെ സമീപിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സംഭവം നടന്ന ആദ്യ ഒരു മണിക്കൂറിനുള്ളില്‍ തന്നെ കേരള പൊലീസിന്റെ 1930 എന്ന നമ്പരില്‍ അറിയിക്കണം. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലൂടെയും അടുത്തുള്ള പൊലീസ് സ്റ്റേഷനിലും പരാതി നല്‍കാം. ആദ്യമണിക്കൂറുകള്‍ക്കുള്ളില്‍ പരാതി നല്‍കിയാല്‍ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
അതായത് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കാര്യങ്ങളിലൊന്നാണ് ബാങ്കിംഗ് ഇടപാടുകള്‍. വളരെ ചെറിയ അശ്രദ്ധപോലും ചിലപ്പോള്‍ ഊരാക്കുടുക്കില്‍ ചെന്നെത്തിക്കും. ചെറിയ തുക പ്രതിഫലമായി കിട്ടുമെന്നോര്‍ത്ത് തട്ടിപ്പുകള്‍ക്ക് കൂട്ടുനില്‍ക്കരുതെന്ന് അന്വേഷണ ഏജന്‍സികളും ധനകാര്യ സ്ഥാപനങ്ങളും ഓര്‍മപ്പെടുത്തുന്നു. തട്ടിപ്പുകാരുടെ ഇരകളാകുന്നതില്‍ കൂടുതലും വിദ്യാര്‍ത്ഥികളും കുറഞ്ഞവരുമാനക്കാരും പ്രായമേറിയവരുമായതിനാല്‍ ഇക്കാര്യത്തില്‍ അധികൃതരും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.
Muhammed Aslam
Muhammed Aslam - Sub-Editor @ DhanamOnline  

Related Articles

Next Story

Videos

Share it