Begin typing your search above and press return to search.
ബാങ്കിന്റെ ഓട്ടോ ഡെബിറ്റ് സൗകര്യത്തില്‍ പുതിയ നിയമം; ആര്‍ബിഐ നിര്‍ദേശം നിങ്ങളെ എങ്ങനെ ബാധിക്കും ?
നേരത്തെ അറിയിച്ചത് പോലെ ആര്‍ബിഐ ഓട്ടോ ഡെബിറ്റ് സൗകര്യം നടപ്പിലാക്കാനുള്ള കൂടുതല്‍ ചട്ടങ്ങള്‍ അടുത്തമാസം മുതല്‍ നിലവില്‍ വരും. പുതിയ തീരുമാനമനുസരിച്ച് ഉപഭോക്താക്കളുടെ വേരിഫിക്കേഷനോട് കൂടി മാത്രമേ പണം ഓട്ടോ പേയ്‌മെന്റ് മോഡിലൂടെ വിവിധ അടവുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടൂ.
ഒക്ടോബര്‍ ഒന്നു മുതല്‍ ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, യുപിഐ സംവിധാനം എന്നിവ ഉപയോഗിച്ച് സ്ഥിരമായി നടത്തുന്ന ഇടപാടുകളില്‍ പോലും ഇതനുസരിച്ച് കൂടുതല്‍ വേരിഫിക്കേഷന്‍ ആവശ്യപ്പെടും. ഇത്തരത്തില്‍ അഡീഷണല്‍ ഫാക്ടര്‍ ഓഫ് ഒഥന്റിക്കേഷന്‍( എ എഫ് എ) ഏര്‍പ്പെടുത്തണമെന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് ആര്‍ ബി ഐ ബാങ്കുകളോട് ആവശ്യപ്പെട്ടത്.
അക്കൗണ്ടില്‍ നിന്ന് സ്ഥിരമായി നടത്തുന്ന പണം ഇടപാടുകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്നതിനായി ഇടപാടുകാരുടെ അനുമതി ആവശ്യമാണെന്നതാണ് ആര്‍ബിഐ തീരുമാനം. ലോണ്‍, മറ്റ് തിരിച്ചടവുകള്‍, പ്രീമിയം ഓട്ടോ പേയ്‌മെന്റുകള്‍ എന്നിവ നടത്തുമ്പോള്‍ ധനകാര്യ സ്ഥാപനങ്ങള്‍ പണം പിന്‍വലിക്കുന്നതിന് മുമ്പ് ഇടപാടുകാരന്‍ ഇത് സ്ഥിരീകരിക്കണം.
ഉപഭോക്താക്കള്‍ എന്തൊക്കെ അറിഞ്ഞിരിക്കണം?
ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ കയ്യില്‍ കരുതുക, ആക്റ്റീവ് ആയിരിക്കാനും ശ്രദ്ധിക്കുക. പല പേയ്‌മെന്റുകള്‍ക്കും അനുമതി ലഭിച്ചതിനുശേഷം മാത്രമാകും ഡെബിറ്റ് ഓപ്ഷന്‍ നടക്കുക.
മാസം അടവുകളുള്ള വിവിധ വായ്പകളുടെ ഇ എം ഐ, എസ് ഐ പി, ഇന്‍ഷുറന്‍സ് പ്രീമിയം കൂടാതെ കൃത്യതീയതികളില്‍ ജനറേറ്റ് ചെയ്യുന്ന യുട്ടിലിറ്റി ബില്ലുകള്‍ എല്ലാം ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ളവരാകും പലരും. പേയ്മെന്റുകള്‍ക്ക് നിര്‍ദേശം നല്‍കുമ്പോള്‍ അത് ഉപഭോക്താവിന്റെ ശ്രദ്ധ കൂടെ ലഭിച്ചതിനുശേഷം ഇനിമുതല്‍ ഡെബിറ്റ് ആകും.
കാര്‍ഡുകളില്‍ ഉള്ള തുടര്‍ച്ചയായ പണംകൈമാറ്റത്തിന് എ എഫ് എ ബാധകമാക്കും. അതായത് ഒക്ടോബര്‍ ഒന്നു മുതല്‍ കാര്‍ഡിലൂടെ നടത്തുന്ന ഓട്ടോ ഡെബിറ്റ് പണംകൈമാറ്റത്തിന് ഒരോന്നിനും അക്കൗണ്ടുടമകള്‍ പ്രത്യേകമായി അനുമതി നല്‍കണം.
5000 രൂപയ്ക്ക് മുകളിലാണ് ഇങ്ങനെ കൈമാറുന്നതെങ്കില്‍ അധിക സുരക്ഷ എന്ന നിലയില്‍ വണ്‍ ടൈം പാസ് വേര്‍ഡ് (ഒടിപി) നിര്‍ബന്ധമായിരിക്കും.
പണംകൈമാറ്റത്തിന്റെ 24 മണിക്കൂറിന് മുമ്പ് അക്കൗണ്ടുടമകള്‍ക്ക് അനുമതിക്കായി ബാങ്കുകള്‍ എസ് എം എസ് അയക്കും. ഇങ്ങനെ ലഭിക്കുന്ന സന്ദേശങ്ങള്‍ക്ക് അനുസരിച്ച് അനുമതി നല്‍കുകയോ നിരസിക്കുകയോ ആകാം.
ബാങ്കുകള്‍ അവരുടെ അക്കൗണ്ടുടമകള്‍ക്ക് ഇത് സംബന്ധിച്ച് അറിയിപ്പുകള്‍ അയച്ചു തുടങ്ങി. നിങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചില്ല എങ്കില്‍ ബാങ്കുമായി ബന്ധപ്പെട്ട് നമ്പര്‍ പുതുക്കുക.
ബാങ്കിന്റെ നിര്‍ദേശം ലഭിക്കേണ്ട രീതി, ഉദാഹരണത്തിന് എസ് എം എസ്, ഇ മെയില്‍ ഇതില്‍ ഏതാണെന്നത് അക്കൗണ്ടുടമകള്‍ക്ക് തിരഞ്ഞെടുക്കാം. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് ഓട്ടോ ഡെബിറ്റ് നടത്തുന്ന എല്ലാ ഇടപാടുകാര്‍ക്കും ഇത് ബാധകമാണ്.
Next Story
Videos