ബാങ്ക് ഓഫ് ബറോഡയ്ക്ക് 4,775 കോടി രൂപയുടെ റെക്കോഡ് അറ്റാദായം

2023 മാര്‍ച്ചിലവസാനിച്ച പാദത്തില്‍ ബാങ്ക് ഓഫ് ബറോഡയുടെ അറ്റാദായം 4,775.3 കോടി രൂപയായി. മുന്‍ വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് 168 ശതമാനമാണ് വര്‍ധന. ഉയര്‍ന്ന പലിശ വരുമാനവും മെച്ചപ്പെട്ട വായ്പാ വളര്‍ച്ചയുമാണ് അറ്റാദായം ഉയരാന്‍ സഹായിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന പാദവളര്‍ച്ചയാണിത്. 2021-22 സാമ്പത്തിക വര്‍ഷത്തിലെ സമാന പാദത്തില്‍ 1,779 കോടി രൂപയായിരുന്നു അറ്റാദായം.

പലിശ വരുമാനം(Net Interest Income/NII) നാലാം പാദത്തില്‍ 33.8 ശതമാനം ഉയര്‍ന്ന് 11,525 കോടി രൂപയായി. അറ്റ പലിശ മാര്‍ജിന്‍(NIM) 3.53 ശതമാനമാണ്.
ബാങ്കിന്റെ ആസ്തി നിലവാരവും ഇക്കാലയളവില്‍ മെച്ചപ്പെട്ടിട്ടുണ്ട്. മൊത്ത നിഷ്‌ക്രിയ ആസ്തി(GNPA) മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 6.61 ശതമാനത്തില്‍ നിന്ന് 3.79 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി(NPA) മുന്‍ വര്‍ഷത്തെ 1.72 ശതമാനത്തില്‍ നിന്ന് 0.89 ശതമാനമായും കുറഞ്ഞിട്ടുണ്ട്. ഓഹരിയൊന്നിന് 5.50 രൂപ വീതം ഡിവിഡന്‍ഡിനും ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
സാമ്പത്തിക വര്‍ഷത്തില്‍
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ബാങ്കിന്റെ അറ്റാദായം മുന്‍ വര്‍ഷത്തേതില്‍ നിന്ന് 94 ശതമാനം വളര്‍ച്ചയോടെ 14,109 കോടി രൂപയായായി. മുന്‍ വര്‍ഷത്തിലിത് 7,272 കോടി രൂപയായിരുന്നു. ഇക്കാലയളവില്‍ പലിശ വരുമാനം 26.8 ശതമാനം ഉയര്‍ന്ന് 41,355 കോടി രൂപയായി.
2022-23 ല്‍ ബാങ്കിന്റെ വായ്പകള്‍ 18.5 ശതമാനം വളര്‍ച്ചയോടെ 9.69 ലക്ഷം കോടി രൂപയായി. റീറ്റെയ്ല്‍ വായ്പകള്‍ 26.8 ശതമാനം ഉയര്‍ന്ന് 1.78 ലക്ഷം കോടി രൂപയിലെത്തി. നിക്ഷേപങ്ങള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 15.1 ശതമാനം വളര്‍ച്ചയോടെ 12.03 ലക്ഷം കോടി രൂപയുമായി.

അതേസമയം, പാപ്പരത്ത നടപടികളിലേക്ക് കടന്ന ഗോ ഫസ്റ്റ് വിമാനക്കമ്പനിക്ക് നല്‍കിയിട്ടുള്ള വായ്പകളുടെ തിരിച്ചടവ് മടുങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് 500 കോടി രൂപ ബാങ്ക് നീക്കിയിരിപ്പ് നടത്തിയിട്ടുണ്ട്. 1,300 കോടി രൂപയാണ് ബാങ്ക് ഗോഫ്‌സറ്റിന് വായ്പ നല്‍കിയിട്ടുള്ളത്. എമര്‍ജെന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി പദ്ധതി പ്രകാരമുള്ള വായ്പകള്‍ക്ക് പുറമെയാണിത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it