ബാങ്ക് ഓഫ് ബറോഡയുടെ വിപണി മൂല്യം ഒരു ലക്ഷം കോടി കടന്നു

ഓഹരി വില പുതിയ ഉയരങ്ങള്‍ താണ്ടിയതോടെ ഒരു ലക്ഷം കോടി രൂപ വിപണി മൂല്യം നേടുന്ന രാജ്യത്തെ രണ്ടാമത്തെ പൊതുമേഖലാ ബാങ്ക് എന്ന പദവി സ്വന്തമാക്കി ബാങ്ക് ഓഫ് ബറോഡ. ഓഹരി വില വെള്ളിയാഴ്ചത്തെ ക്ലോസിംഗ് വിലയില്‍ നിന്ന് 3 ശതമാനം ഉയര്‍ന്ന് 194 രൂപയായി.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇതിനുമുമ്പ് ഈ നാഴികക്കല്ല് പിന്നിട്ടത്. എസ്.ബി.ഐ ഓഹരികളുടെ വിപണി മൂല്യം 5.07 ലക്ഷം കോടി രൂപയാണ്.
മാര്‍ച്ച് 28 ന് ശേഷം ബാങ്ക് ഓഫ് ബറോഡയുടെ ഓഹരി വില 20 ശതമാനത്തിലധികമാണ് ഉയര്‍ന്നത്. മാര്‍ച്ച് 31 ന് അവസാനിച്ച 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് മെച്ചപ്പെട്ട പ്രവര്‍ത്തന ഫലം കാഴ്ചവച്ചിരുന്നു. ബാങ്കിന്റെ ലാഭം 2021-22 സാമ്പത്തിക വര്‍ഷത്തെ 7,272 കോടി രൂപയില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 14,110 കോടി രൂപയായി ഉയര്‍ന്നു. ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ ബാങ്കിന്റെ ലാഭം 168 ശതമാനം വര്‍ധിച്ച് 4,775 കോടി രൂപയുമായി.
ബാങ്കിന്റെ മൊത്തം നിക്ഷേപം 10.47 ലക്ഷം കോടി രൂപയാണ്. വായ്പകള്‍ 7.95 ലക്ഷം കോടി രൂപയുമായി. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തികളിലും കുറവുണ്ടായിരുന്നു. മൊത്ത നിഷ്‌ക്രിയ ആസ്തി(GNPA) മുന്‍ സാമ്പത്തിക വര്‍ഷത്തെ 6.61 ശതമാനത്തില്‍ നിന്ന് 3.79 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി 1.72 ശതമാനത്തില്‍ നിന്ന് 0.89 ശതമാനമായും കുറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മള്‍ട്ടിബാഗര്‍ ആയി മാറിയ ഓഹരികളില്‍ ഒന്നാണ് ബാങ്ക് ഓഫ് ബറോഡ.
വിപിണിമൂല്യത്തില്‍ മുന്നില്‍ റിലയന്‍സ്
ഇന്ത്യയിലെ ലിസ്റ്റഡ് കമ്പനികളില്‍ ഏറ്റവും കൂടുതല്‍ വിപണി മൂല്യമുള്ളത് റിലയന്‍സ് ഇന്‍ഡസ്ട്രീസിനാണ്. 17.29 ലക്ഷം കോടി രൂപയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്(ടി.സി.എസ്) ആണ് രണ്ടാം സ്ഥാനത്ത്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐ.ടി.സി, ഇന്‍ഫോസിസ് എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എട്ടാം സ്ഥാനത്താണ്. എച്ച്.ഡി.എഫ്.സി, ഭാരതി എയര്‍ടെല്‍ എന്നിവയാണ് ഒമ്പതും പത്തും സ്ഥാനങ്ങളില്‍.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it