ആപ് റെഡി; ബാങ്ക് ഓഫ് ബറോഡയുടെ 220-ലധികം സേവനങ്ങൾക്ക്‌ഇനി ബാങ്കിൽ പോകണ്ട!
220ലധികം സേവനങ്ങൾ ഉൾക്കൊള്ളിച്ച് ബാങ്ക് ഓഫ് ബറോഡ (ബിഒബി)ഒരു പുതിയ ആപ്പ് അവതരിപ്പിച്ചു. 'ബോബ് വേൾഡ്'എന്ന പേരിൽ അറിയപ്പെടുന്ന ആപ്പിലൂടെ ബാങ്കുമായി ബന്ധപ്പെട്ട 95ശതമാനം ഇടപാടുകൾക്ക് വേണ്ടി ഒരാൾക്ക് ഇനി ബാങ്കിലേക്ക് പോകേണ്ട ആവശ്യമില്ല. നൂതന ഡിജിറ്റൽ ബാങ്കിങ് സംവിധാനമായ 'ബോബ് വേൾഡ്' സേവ്, ഇൻവെസ്റ്റ്, ബോറോ, ഷോപ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലായിട്ടാണ് സേവനങ്ങൾ മൊബൈൽ ആപ്പിൽ ലഭ്യമാക്കിയിരിക്കുന്നത്. ബാങ്കിലെ ഇടപാടുകൾ വീട്ടിലോ ഓഫീസിലോ ഇരുന്ന് ചെയ്യാനുള്ള സൗകര്യം ഇന്ത്യയിലെയും വിദേശത്തെയും ഇടപാടുകാർക്ക് ഏറെ പ്രയോജനപ്പെടുമെന്ന് ബാങ്ക് ഓഫ് ബറോഡ തിരുവനന്തപുരം റീജിയണൽ മാനേജർ ലക്ഷ്മി ആനന്ദ് 'ധന'ത്തോട് പറഞ്ഞു.
"ബോബ് വേൾഡ്" ആപ്പിലൂടെ 10 മിനിറ്റിനുള്ളിൽ ഡിജിറ്റൽ അക്കൌണ്ട് ആരംഭിക്കാനും ഉടനടി വെർച്വൽ ഡെബിറ്റ് കാർഡ് നേടാനും കഴിയും. ഓൺലൈനായി ക്രെഡിറ്റ് സ്കോർ പരിശോധിക്കാം. മൈക്രോ, മിനി വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കാം. ഉടനടി പണം അക്കൗണ്ടിലെത്തുന്ന ഷോപ് ആൻഡ് പേ സംവിധാനത്തിലൂടെ ഹോട്ടൽ, ബസ്, വിമാന ടിക്കറ്റുകൾ, ബുക്ക് ചെയ്യാം.
ആമസോൺ, ഫ്ലിപ്കാർട്ട്, ക്ലിക് തുടങ്ങിയവ ഉൾപ്പെടെയുള്ള ഇ-കൊമേഴ്സ് സൈറ്റുകളിലെ വില താരതമ്യം ചെയ്തു വാങ്ങാനുള്ള സൗകര്യവുമുണ്ട്. ഡിജിറ്റൽ ഓൺലൈൻ അക്കൗണ്ടുകളിൽ സൗജന്യ ഒടിടി സബ്സ്ക്രിപ്ഷൻ ഉൾപ്പെടെയുള്ള വിവിധ ഓഫറുകളും അതരിപ്പിച്ചിട്ടുണ്ട്. ഇൻഷ്വറൻസ്, മ്യൂചൽ ഫണ്ട് മുതലായ നിക്ഷേപ ഇടപാടുകൾ നേരിട്ടു ചെയ്യാൻ കഴിയുമെന്നും ബോബ് വേൾഡ് വഴിയുള്ള ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ലോയൽറ്റി പോയിൻറുകളും റിവാർഡുകളും പ്രഖ്യാപിച്ചിട്ടുണ്ടെന്നും ബാങ്ക് ഓഫ് ബറോഡ ഡിജിറ്റൽ ഹെഡ് പി.ശ്രുതി അറിയിച്ചു. ആൻഡ്രോയ്ഡ് പ്ലേസ്റ്റോറിലും, ആപ്പിൾ ആപ്പ് സ്റ്റോറിലും, ആപ് ലഭ്യമാകും. നേരത്തെ എം കണക്ട് പ്ലസ് എന്ന ആപ്പ് ആയിരുന്നു ബിഒബി- ക്കുണ്ടായിരുന്നത്.