ബാങ്കുകള്‍ നിക്ഷേപകര്‍ക്ക് പിന്നാലെ

പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ് ബാങ്കുകള്‍. ഉയര്‍ന്ന പലിശ നിരക്ക് നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത് തങ്ങളുടെ വിപണി വിഹിതം കൂട്ടാനും ഉയര്‍ന്നുവരുന്ന വായ്പാ ആവശ്യങ്ങള്‍ക്കു വേണ്ടിയുമാണ് നിക്ഷേപം തകൃതിയായി ആകര്‍ഷിക്കുന്നത്.

ചെലവ് കുറഞ്ഞ മാര്‍ഗം

നാണ്യപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ വേണ്ടി കേന്ദ്ര ബാങ്കുകള്‍ കൈക്കൊള്ളുന്ന കര്‍ശന നടപടികളും ആഗോളതലത്തിലെ സാമ്പത്തിക മാന്ദ്യ ഭീതിയും മൂലം ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുമ്പോള്‍ ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്താല്‍ ഓഹരികളില്‍ നിന്ന് വലിയൊരു ഫണ്ട് സ്ഥിരനിക്ഷേപത്തിലേക്ക് ഒഴുകാന്‍ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷ.

ബാങ്കുകളെ സംബന്ധിച്ചിടത്തോളം സ്ഥിരനിക്ഷേപങ്ങള്‍ ചെലവും സാഹസവും കുറഞ്ഞ മാര്‍ഗമാണ്. ബാങ്കുകള്‍ക്ക് വിപണിയില്‍ നിന്ന് ഫണ്ട് സമാഹരണം ചെലവേറിയതും റിസ്‌ക് കൂടുതലുള്ളതുമാണ്. ആഗോളതലത്തിലെ പണലഭ്യതയിലുള്ള പ്രശ്നങ്ങളും കൂടുതല്‍ കര്‍ശനമായ പരിസ്ഥിതി, സാമൂഹ്യ, ഭരണനിര്‍വഹണ (ESG) മാനദണ്ഡങ്ങള്‍ക്കും പുറമേ നിന്നുള്ള ഫണ്ട് സമാഹരണവും കൂടുതല്‍ ബുദ്ധിമുട്ടേറിയതാക്കുന്നുണ്ട്.

നിക്ഷേപ വളര്‍ച്ച

1990കളുടെ മധ്യത്തോടെ റിസര്‍വ് ബാങ്ക് സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിരുന്നു. 2011ല്‍ സേവിംഗ്സ് നിക്ഷേപ നിരക്കുകളുടെ നിരക്ക് നിര്‍ണയിക്കലും സ്വതന്ത്രമാക്കി. എന്നാല്‍ കറന്റ് അക്കൗണ്ട് ഉടമകള്‍ക്ക് പലിശ നല്‍കാറില്ല. 2022ല്‍ ബാങ്കിംഗ് മേഖലയില്‍ നിക്ഷേപം 9.2 ശതമാനം വര്‍ധിച്ചപ്പോള്‍ വായ്പാ രംഗത്തെ വളര്‍ച്ച 14.9 ശതമാനമായിരുന്നു. 2021ല്‍ നിക്ഷേപ വളര്‍ച്ച വായ്പാ വളര്‍ച്ചയേക്കാള്‍ കൂടുതലായിരുന്നു.

മേധാവിത്വം കുറഞ്ഞു

അതേസമയം പൊതുമേഖലാ ബാങ്കുകള്‍ക്ക് വിപണിയില്‍ മേധാവിത്വം കുറഞ്ഞുവരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പുതുപുത്തന്‍ ടെക്നോളജിയുടെ പിന്‍ബലത്തോടെ അതിശക്തമായി രംഗത്തുള്ള സ്വകാര്യ ബാങ്കുകള്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിലും വായ്പകള്‍ വിതരണം ചെയ്യുന്നതിലും പൊതുമേഖലാ ബാങ്കുകളേക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നത്.

മാക്വറി റിസര്‍ച്ച് പ്രകാരം 2019ല്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് സേവിംഗ്സ്, കറന്റ്, CASA നിക്ഷേപ ഇനങ്ങളില്‍ വിപണി വിഹിതത്തില്‍ നാല് ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്.''ബാങ്കിംഗ് വൃത്തങ്ങള്‍ കാലങ്ങളേറെയായി നിക്ഷേപ സമൂഹത്തെ കാര്യമായി ഗൗനിച്ചിരുന്നില്ല. ഇപ്പോള്‍ കഥമാറി. നിക്ഷേപം കൂട്ടാതെ മറ്റ് വഴികള്‍ ഇല്ലെന്ന ഘട്ടത്തിലാണ് ബാങ്കുകള്‍'' ഒരു നിരീക്ഷകന്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles
Next Story
Videos
Share it