മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ടുകള്‍; ബാങ്കുകള്‍ വാരുന്നത് കോടികള്‍

മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത അക്കൗണ്ടുകളുടെ എണ്ണം പെരുകുന്നതോടെ പിഴ ഇനത്തില്‍ ബാങ്കുകള്‍ വാരുന്നത് കോടിക്കണക്കിന് രൂപ. രാജ്യത്ത് എസ്.ബി.ഐ ഒഴികെയുള്ള ബാങ്കുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ ഇനത്തില്‍ സമ്പാദിച്ചത് 2,331 കോടി രൂപയാണ്. കേന്ദ്രധനമന്ത്രാലയത്തിന്റെ ഈ കണക്കില്‍ സ്വകാര്യബാങ്കുകളുടെ വരുമാനം ഉള്‍പ്പെട്ടിട്ടില്ല. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബാങ്കുകള്‍ക്ക് ഈ ഇനത്തില്‍ മാത്രം 25.63 ശതമാനം വരുമാന വളര്‍ച്ചയാണ് ഉണ്ടായത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ബാങ്കുകള്‍ 5,614 കോടി രൂപയുടെ വരുമാനമുണ്ടാക്കി. രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ ഉൾപ്പടെയുള്ള ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്ന് മിനിമം ബാലന്‍സില്ലാത്തതിന്റെ പേരില്‍ പല രീതിയിലാണ് പിഴ ഈടാക്കുന്നത്.

മിനിമം ബാലന്‍സ് പല വിധം

ഓരോ ബാങ്കുകളും നിശ്ചയിക്കുന്ന മിനിമം ബാലന്‍സ് വ്യത്യസ്തമാണ്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബാങ്ക് മാനേജ്‌മെന്റുകള്‍ക്ക് അധികാരമുള്ളതിനാല്‍ നിരക്കില്‍ ഏകീകരണമില്ല. അക്കൗണ്ടുകളെ മുന്നു വിഭാഗങ്ങളാക്കിയാണ് മിനിമം ബാലന്‍സ് നിശ്ചയിക്കുന്നത്. ഗ്രാമീണ മേഖല, അര്‍ധനഗര മേഖല, നഗര മേഖല എന്നിവയാണിത്. ഇതില്‍ തന്നെ ഓരോ ബാങ്കുകളും ഓരോ രീതിയിലാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. എസ്.ബി.ഐ മാത്രമാണ് മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ പിഴ ഈടാക്കാതിരിക്കുന്നത്. യൂണിയന്‍ ബാങ്ക് ഗ്രാമീണ മേഖലയില്‍ കുറഞ്ഞ ബാലന്‍സ് നൂറു രൂപയും നഗരമേഖലയില്‍ ആയിരം രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. സ്വകാര്യ മേഖലയിലെ ആക്‌സിസ് ബാങ്കില്‍ ആകട്ടെ, 2,500 രൂപ മുതല്‍ 12,000 രൂപ വരെയാണ് കുറഞ്ഞ ബാലന്‍സ്. ഇത്തരത്തില്‍ ഓരോ ബാങ്കുകളും സ്വന്തം നിലയില്‍ നിരക്കുകള്‍ നിശ്ചയിച്ചിട്ടുണ്ട്.

അജ്ഞതയുടെ വില പിഴ

സേവിംഗ്‌സ് അകൗണ്ട് ഉടമകളില്‍ പലരും മിനിമം ബാലന്‍സ് എത്രയാണെന്ന് പോലും അറിയാത്തവരാണ്. അക്കൗണ്ടിലെ അവസാനത്തെ പണവും പിന്‍വലിക്കുന്നവര്‍ വരെയുണ്ട്. ബാലന്‍സ് കുറയുമ്പോള്‍ ബാങ്കുകള്‍ മുന്നറിയിപ്പ് സന്ദേശങ്ങള്‍ നല്‍കാറുണ്ടെങ്കിലും ഗൗനിക്കാത്തവര്‍ നിരവധി. കുറഞ്ഞ ബാലന്‍സ് നിരക്കില്‍ ബാങ്കുകള്‍ മാറ്റങ്ങള്‍ വരുത്താറുണ്ട്. എന്നാല്‍ ഇത് പലപ്പോഴും അക്കൗണ്ട് ഉടമകള്‍ ശ്രദ്ധിക്കാറില്ല. അക്കൗണ്ട് തുടങ്ങുമ്പോള്‍ കുറഞ്ഞ ബാലന്‍സ് എത്രയാണെന്ന് ഉപഭോക്താവിനെ അറിയിക്കണെന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. അക്കൗണ്ടിലുള്ള പണത്തിന്റെയും കുറഞ്ഞ ബാലന്‍സ് തുകയുടെയും അന്തരത്തിന് മാത്രമേ പിഴ ഈടാക്കാന്‍ പാടുള്ളൂ എന്നും റിസര്‍വ് ബാങ്കിന്റെ നിര്‍ദേശമുണ്ട്. പിഴ എത്രയാണെന്ന് ബാങ്കുകള്‍ക്ക് തീരുമാനിക്കാനാകും.

Related Articles

Next Story

Videos

Share it