'തട്ടിപ്പുകാരനും' അവകാശങ്ങളുണ്ട്!

ഒരാളെ കുറ്റക്കാരനെന്ന് തീരുമാനിക്കുന്നതിനുമുമ്പ് അയാള്‍ക്ക് പറയാനുള്ളതും കൂടെ കേള്‍ക്കണം എന്നത് നീതി ന്യായ വ്യവസ്ഥയില്‍ അടിസ്ഥാന പ്രമാണമാണ്. മാത്രമല്ല ഇത് കുറ്റക്കാരനെന്ന് വിധിയെഴുതപ്പെടുന്നയാളിന്റെ മൗലിക അവകാശവുമാണ്. ഈ അടിസ്ഥാന പ്രമാണവും അവകാശവുമാണ് ബാങ്കുകള്‍ ഏതെങ്കിലും അക്കൗണ്ടുകള്‍ തട്ടിപ്പ് (Fraud) എന്ന വിഭാഗത്തില്‍ ഉള്‍പെടുത്തുന്നതിനുമുമ്പ് വായ്പയെടുത്ത ഇടപാടുകാര്‍ക്ക് പറയാനുള്ളതും കൂടെ കേട്ടിരിക്കണം എന്ന സുപ്രധാന വിധിയിലൂടെ സുപ്രീം കോടതി ഉയര്‍ത്തിപ്പിടിച്ചരിക്കുന്നത്. മാത്രമല്ല അക്കൗണ്ട് തട്ടിപ്പ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം എന്ന തീരുമാനിക്കുന്ന ഓര്‍ഡറില്‍ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്താന്‍ ബാങ്കിനെ നയിച്ച വിവരങ്ങള്‍ കാര്യ കാരണ സഹിതം പറയുകയും വേണം.

ഈ വിധിയുടെ കാര്യക്ഷമമായ നടത്തിപ്പിനുവേണ്ടി തട്ടിപ്പ് കണ്ടെത്തലും റിപ്പോര്‍ട്ടിങ്ങും സംബന്ധമായി റിസര്‍വ് ബാങ്ക് ഇറക്കിയിട്ടുള്ള സര്‍ക്കുലറില്‍ ഇക്കാര്യങ്ങള്‍ കൂടെ ചേര്‍ക്കണം എന്നും കോടതി പറഞ്ഞു. ഇടപാടുകാരെ കരിമ്പട്ടികയില്‍ (Blacklisting) പെടുത്തുന്നതടക്കമുള്ള ഭവിഷ്യത്തുകള്‍ ഉള്ളതാണ് തട്ടിപ്പ് റിപ്പോര്‍ട്ടിങ്. ഔപചാരിക ധനകാര്യ സ്ഥാപങ്ങളില്‍ നിന്ന് പിന്നീട് അത്തരം ഇടപാടുകാര്‍ക്ക് വായ്പ ലഭിക്കില്ല. അതുകൊണ്ട് അങ്ങനെ ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് ഇടപാടുകാരെ കേള്‍ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ FIR ഫയല്‍ ചെയ്യുന്നതിന് മുമ്പ് ഇങ്ങനെയൊരു അവസരം നല്‍കേണ്ടതില്ല.

ഈ വിധി നടപ്പിലാക്കുമ്പോള്‍

ഇടപാടുകാരെ സംബന്ധിച്ചേടത്തോളം വളരെ ആശ്വാസകരമായ ഒരു വിധിയാണ് ഇത്. എന്നാല്‍ തട്ടിപ്പുകള്‍ കണ്ടുപിടിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ഇറക്കിയിട്ടുള്ള മാസ്റ്റര്‍ സര്‍ക്കുലറില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ മാത്രമേ സുപ്രീം കോടതിയുടെ വിധിയില്‍ പറഞ്ഞിരിക്കുന്ന രീതിയിലേക്ക് മാറുവാന്‍ ബാങ്കുകള്‍ക്ക് സാവകാശം ലഭിക്കുകയുള്ളൂ. നിലവിലുള്ള നിബന്ധന പ്രകാരം തട്ടിപ്പ് കണ്ടുപിടിച്ചാല്‍ മൂന്നാഴ്ചക്കുള്ളില്‍ അത് റിസര്‍വ് ബാങ്കിലേക്ക് റിപ്പോര്‍ട്ട് ചെയ്യണം. മാത്രമല്ല, ഓരോ മാസത്തേയും തട്ടിപ്പ് അക്കൗണ്ടുകളുടെ മുഴുവന്‍ വിവരങ്ങള്‍ തുടര്‍ന്ന് വരുന്ന മാസം ഏഴാം തീയതിക്ക് മുന്‍പ് റിപ്പോര്‍ട്ട് ചെയ്യണം. ഇതിനെല്ലാം പുറമെ അഞ്ച് കോടിക്ക് മുകളില്‍ വരുന്ന തട്ടിപ്പുകള്‍ ബാങ്കിന്റെ ശ്രദ്ധയില്‍ പെട്ട് ഏഴ് ദിവസത്തിനുള്ളില്‍ ഫ്‌ലാഷ് റിപ്പോര്‍ട്ടായി നല്‍കണം.

ഒരു അക്കൗണ്ട് തട്ടിപ്പ് എന്ന വിഭാഗത്തില്‍ പെടുത്തുന്നതിന് മുമ്പ് ഇടപാടുകാരനെ കേള്‍ക്കണം എന്നത് കൊണ്ട് മുകളില്‍ സൂചിപ്പിച്ച സമയക്രമം പാലിക്കുക എന്നതായിരിക്കും ബാങ്കുകള്‍ നേരിടുന്ന വെല്ലുവിളി.

കരുതിക്കൂട്ടി വായ്പ തിരിച്ചടക്കാത്തയാള്‍ (Wilful Defaulter)

ഒരു ഇടപാടുകാരനെ കരുതിക്കൂട്ടി വായ്പ തിരിച്ചടക്കാത്തയാള്‍ (Wilful Defaulter) എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്ന ഒരു രീതിയുണ്ട് ബാങ്കുകളില്‍. തിരിച്ചടക്കുവാന്‍ കഴിവുണ്ടായിട്ടും വായ്പ തിരിച്ചടക്കാതിരിക്കുക, വായ്പ തിരിച്ചടക്കാന്‍ മുടക്കം വരുത്തുകയും ഏതൊരു ആവശ്യത്തിനാണോ വായ്പ എടുത്തത് ആ ആവശ്യത്തിന് വായ്പ തുക ഉപയോഗിക്കാതെ മറ്റാവശ്യങ്ങള്‍ക്ക് വായ്പ തുക വകമാറ്റി കൊണ്ടുപോകുകയും ചെയ്യുക, വായ്പ തുക അടിച്ചു മാറ്റുക, വായ്പ എടുത്ത് വാങ്ങിയ വസ്തുക്കളോ വായ്പക്ക് നല്‍കിയിട്ടുള്ള ഈടു വസ്തുക്കളോ ബാങ്ക് അറിയാതെ വില്‍ക്കുകയോ മാറ്റുകയോ ചെയ്യുക എന്നീ കാരണങ്ങളാണ് ഇടപാടുകാരനെ കരുതിക്കൂട്ടി വായ്പ തിരിച്ചടക്കാത്തയാള്‍ എന്ന വിഭാഗത്തിലേക്ക് മാറ്റുവാന്‍ പരിഗണിക്കുന്നത്.

ഇങ്ങനെ തീരുമാനിക്കുന്നത് ഇടപാടുകാര്‍ക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കുവാന്‍ മൂന്നോ നാലോ ഘട്ടങ്ങളിലായി അവസരങ്ങള്‍ നല്‍കിയതിന് ശേഷമാണ്. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹെഡ് ചെയ്യുന്നതും ജനറല്‍ മാനേജര്‍ തസ്തികയിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങന്നതുമായ ഒരു കമ്മിറ്റി പരിശോധിച്ചതിനു ശേഷം ഇടപാടുകാരന് നോട്ടീസ് നല്‍കുന്നു. നോട്ടീസിന് മറുപടി നല്‍കിയതിന് ശേഷം, ഈ കമ്മിറ്റിയെ നേരിട്ട് കണ്ടു കാര്യങ്ങള്‍ വിശദീകരിക്കാനും അവസരം ഉണ്ട്.

ഇടപാടുകാരന്റെ ഭാഗവും കൂടെ കേട്ടതിനുശേഷവും ഈ കമ്മിറ്റി എടുക്കുന്ന തീരുമാനം കരുതിക്കൂട്ടി വായ്പ തിരിച്ചടക്കത്തയാള്‍ എന്ന് തന്നെയെങ്കില്‍ അത് വിശദമായ ഒരു ഓര്‍ഡര്‍ ആയി നല്‍കുന്നു. ആ ഓര്‍ഡറിന്റെ മേല്‍ ഇടപാടുകാരന് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് അറിയിക്കുവാനുള്ള അവസരവുമുണ്ട്.

എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയുടെ തീരുമാനം ബാങ്കിന്റെ മാനേജിങ് ഡയറക്ടറും മറ്റു രണ്ടു സ്വതന്ത്ര ഡയറക്ടര്‍മാരും അടങ്ങുന്ന ഉന്നത കമ്മിറ്റി ഇടപാടുകാരന്റെ ഭാഗം അടക്കം പരിശോധിച്ച് ബോധ്യപ്പെട്ടാല്‍ മാത്രമേ അത് അവസാന തീരുമാനമാകുകയുള്ളൂ. ചുരുക്കി പറഞ്ഞാല്‍ ഇടപാടുകാര്‍ക്ക് തങ്ങളുടെ ഭാഗം ബോധ്യപ്പെടുത്താന്‍ ആവശ്യത്തിന് അവസരങ്ങള്‍ ഈ കാര്യത്തില്‍ ഉണ്ട്. എന്നാല്‍ കാര്യക്ഷമമായ ഈ രീതി പൂര്‍ത്തീകരിക്കുവാന്‍ ഏകദേശം മൂന്ന് മാസം എടുക്കും. വലിയ വായ്പകളും കമ്പനികളുമായാല്‍ കൂടുതല്‍ സമയം എടുത്തേക്കാം.

ഫ്രോഡ് റിപ്പോര്‍ട്ടിംഗ് വേഗത്തില്‍ ചെയ്യുന്നത് നല്ലത്

ഫ്രോഡ് (തട്ടിപ്പ്) കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യത്തില്‍ സുപ്രീം കോടതിയുടെ വിധി നടപ്പിലാക്കുമ്പോള്‍ ഏതാണ്ട് ഇതിന് സമാനമായ ഒരു രീതിയായിരിക്കും വേണ്ടിവരിക. അതിനാല്‍ ഫ്രോഡ് റിപ്പോര്‍ട്ടിങ്ങിന് ഇപ്പോള്‍ ഉള്ള സമയക്രമം പുനഃപരിശോധിക്കേണ്ടതുണ്ട്.

ഫ്രോഡ് റിപ്പോര്‍ട്ട് ചെയ്യുവാന്‍ കാലതാമസ്സമുണ്ടാകുന്നത് തട്ടിപ്പ് നടത്തുന്നയാള്‍ക്ക് കൂടുതല്‍ തട്ടിപ്പുകള്‍ ചെയ്യുവാനുള്ള സാവകാശം നല്‍കിയേക്കാം എന്നതാണ് ഇവിടെയുള്ള ഒരു ആശങ്ക. അതേ സമയം തട്ടിപ്പ് എന്ന മൂര്‍ച്ചയുള്ള വാള്‍ എടുത്ത് പയറ്റുന്നതിന് മുമ്പ് ഇടപാടുകാരനെ കേള്‍ക്കണം എന്നത് തികച്ചും ന്യായം.

യുക്തമായ തീരുമാനങ്ങള്‍ റിസര്‍വ് ബാങ്കിന്റെ ഭാഗത്തുനിന്ന് വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

(ബാങ്കിങ് ധനകാര്യ വിദഗ്ദ്ധനാണ് ലേഖകന്‍)

Babu K A
Babu K A - Banking and Financial Expert  
Related Articles
Next Story
Videos
Share it