നിക്ഷേപത്തട്ടിപ്പ്: കര്‍ശന നടപടിക്ക് സംവിധാനമുണ്ടെന്ന് ബഡ്സ് കോംപീറ്റന്റ് അതോറിറ്റി

സംസ്ഥാനത്ത് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നിക്ഷേപത്തട്ടിപ്പുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ സുസജ്ജമായ സംവിധാനം ഒരുക്കി ബഡ്സ് കോംപീറ്റന്റ് അതോറിറ്റി. അമിത പലിശ വാഗ്ദാനം ചെയ്തു വ്യക്തികളും സ്ഥാപനങ്ങളും അനധികൃതമായി നിക്ഷേപം സ്വീകരിക്കുന്നത് കുറ്റകരമായതിനാല്‍ ഇത്തരം തട്ടിപ്പുകള്‍ക്കെതിരേ ബഡ്സ് കോംപീറ്റന്റ് അതോറിറ്റി കര്‍ശന നടപടി സ്വീകരിച്ച് വരികയാണ്.

അമിത പലിശ കുറ്റകരം

സെബി, ഐ.ആര്‍.ഡി.എ.ഐ, പി.എഫ്.ആര്‍.ഡി.എ, ഇ.പി.എഫ്.ഒ, റിസര്‍വ് ബാങ്ക്, കേന്ദ്ര സഹകരണ രജിസ്ട്രാര്‍, നാഷനല്‍ ഹൗസിങ് ബാങ്ക് എന്നിവയുടെ നിയന്ത്രണങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായുള്ള നിക്ഷേപ പദ്ധതികളിലും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരമുള്ള സ്ഥാപനങ്ങളുടെ പദ്ധതികളിലും പൊതുജനങ്ങള്‍ക്കു നിക്ഷേപം നടത്താം.

മറ്റേതെങ്കിലും രീതിയില്‍ അമിത പലിശ വാഗ്ദാനം ചെയ്തു നിക്ഷേപം സ്വീകരിക്കുന്നത് 2019ലെ ബഡ്സ് ആക്ട് പ്രകാരം കുറ്റകരമാണ്. വ്യാപാര സ്ഥാപനങ്ങള്‍ വാണിജ്യ ഇടപാടുകള്‍ക്ക് എടുക്കുന്ന മുന്‍കൂര്‍ തുകകള്‍, സ്വയംസഹായ സംഘാംഗങ്ങളില്‍നിന്നു സ്വീകരിക്കുന്ന വരിസംഖ്യ, വ്യക്തികളും വാണിജ്യ സ്ഥാപനങ്ങളും ബന്ധുക്കളില്‍നിന്നും മറ്റും വായ്പയായി സ്വീകരിക്കുന്ന തുകകള്‍ തുടങ്ങിയവ ബഡ്സ് നിയമ പ്രകാരം നിക്ഷേപമായി പരിഗണിക്കില്ല.

സംസ്ഥാനത്ത് 2000 കോടിയിലധികം രൂപയുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 50 സ്ഥാപനങ്ങള്‍ക്കെതിരേയുള്ള പരാതികള്‍ ഇതിനോടകം കോംപിറ്റന്റ് അതോറിറ്റിക്കു ലഭിച്ചിട്ടുണ്ട്. ഇതില്‍ 27 സ്ഥാപനങ്ങളുടേയും കുറ്റകൃത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടേയും സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ ഉത്തരവു നല്‍കിയിട്ടുണ്ട്.

പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാം

ബഡ്സ് നിയമത്തിന്റെ വ്യവസ്ഥകള്‍ സംസ്ഥാനത്തു നടപ്പാക്കുന്നതിനായി കേരള ബാനിങ് ഓഫ് അണ്‍റെഗുലേറ്റഡ് ഡെപ്പൊസിറ്റ് സ്‌കീംസ് റൂള്‍സ്, 2021പുറപ്പെടുവിക്കുകയും ഗവ. സെക്രട്ടറിയായ സഞ്ജയ് എം. കൗളിനെ കോംപിറ്റന്റ് അതോറിറ്റിയായും കോംപീറ്റന്റ് അതോറിറ്റിക്കു കീഴില്‍ ജില്ലാ കലക്ടര്‍മാരെയും നോഡല്‍ ഓഫിസര്‍മാരായി അഡിഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റുമാരെയും നിയമിച്ചിട്ടുണ്ട്. തട്ടിപ്പിന് ഇരയായവര്‍ക്കു കോംപിറ്റന്റ് അതോറിറ്റി മുന്‍പാകെ പരാതി നല്‍കാം.

പൊലിസ് അന്വേഷണത്തില്‍ കുറ്റകൃത്യം ബോധ്യപ്പെട്ടാല്‍ സ്ഥാപനത്തിന്റെയും ഉടമകളുടേയും സ്വത്തുവകകള്‍ കണ്ടുകെട്ടുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കു കോംപിറ്റന്റ് അതോറിറ്റിയുടെ രമ.യൗറമെര@േസലൃമഹമ.ഴീ്.ശി എന്ന ഇമെയില്‍ മുഖേനയും സഞ്ജയ് എം. കൗള്‍ ഐ.എ.എസ്, കോംപിറ്റന്റ് അതോറിറ്റി, ബഡ്സ് ആക്ട്, റൂം നമ്പര്‍ 374, മെയിന്‍ ബ്ലോക്ക്, ഗവ. സെക്രട്ടേറിയറ്റ് എന്ന വിലാസത്തിലും പരാതികള്‍ സമര്‍പ്പിക്കാം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it