70 കഴിഞ്ഞവര്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്, കവറേജ് അഞ്ച് ലക്ഷം രൂപ; വന്‍ പദ്ധതിയുമായി കേന്ദ്രം

പദ്ധതി ചിലവ് 3,437 കോടി രൂപ, രൂപരേഖ ഉടനെ തയ്യാറാകും
Image: canva
Image: canva
Published on

മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യസുരക്ഷ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാറിന്റെ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. 70 വയസ് കഴിഞ്ഞ എല്ലാ പൗരന്‍മാര്‍ക്കും അഞ്ചു ലക്ഷം രൂപ വരെ കവറേജുള്ള ഇന്‍ഷുറന്‍സ് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ആയുഷ്മാന്‍  ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനക്ക് കീഴില്‍, ആറു കോടി മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രയോജനപ്പെടുന്നതാണ് പദ്ധതി. രാജ്യത്തെ 4.5 കോടി കുടുംബങ്ങളിലേക്ക് ഈ പദ്ധതിയിലൂടെ ഇന്‍ഷുറന്‍സ് പരിരക്ഷയെത്തുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. നിലവില്‍ പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയില്‍ അംഗങ്ങളായ കുടുംബങ്ങളില്‍ 70 വയസ് കഴിഞ്ഞവരുണ്ടെങ്കില്‍ അവര്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ പ്രത്യേക  കവറേജ് പുതിയ പദ്ധതിയിലൂടെ ലഭിക്കും. മറ്റുള്ളവര്‍ പഴയ പദ്ധതിയില്‍ ഉള്‍പ്പെടും. കുടുംബത്തിന്റെ വരുമാനമോ സാമൂഹിക,സാമ്പത്തിക പശ്ചാത്തലമോ പദ്ധതിയില്‍ ചേരുന്നതിന് മാനദണ്ഡമാകില്ല. 3,437 കോടി രൂപയാണ് പദ്ധതി ചിലവ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കൂടുതല്‍ ആളുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുകയാണെങ്കില്‍ ഈ തുകയില്‍ മാറ്റം വരാം. പദ്ധതിയുടെ രൂപരേഖ വൈകാതെ കേന്ദ്ര ആരോഗ്യവകുപ്പ് തയ്യാറാക്കും.

പി.എം.ജെ.വൈയുടെ വിപുലീകരണം

ലോകത്തെ ഏറ്റവും വലിയ പൊതു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (പി.എം.ജെ.വൈ) വിപുലീകരിച്ചാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. നിലവിലുള്ള പദ്ധതിയില്‍ ഒരു കുടംബത്തിനാണ് അഞ്ച് ലക്ഷം രൂപയുടെ കവറേജ്. വിപുലീകരിച്ച പദ്ധതി പ്രകാരം കുടുംബത്തില്‍ 70 വയസിനു മുകളിലുള്ളവര്‍ക്ക് അഞ്ച് ലക്ഷത്തിന്റെ കവറേജ് കൂടി അധികമായി ലഭിക്കും. സ്വകാര്യ ഇന്‍ഷുറന്‍സ്, ഇ.എസ്.ഐ എന്നിവയുള്ളവര്‍ക്കും പദ്ധതിയില്‍ അംഗമാകാം. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, വിമുക്തഭടന്‍മാര്‍,ആംഡ് ഫോഴ്‌സ് ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് നിലവിലുള്ള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ തുടരുകയോ പി.എം.ജെ.വൈ പദ്ധതി തെരെഞ്ഞെടുക്കുകയോ  ചെയ്യാം.

ഉപയോഗപ്പെടുത്തിയത് 7.37 കോടി പേര്‍

2018 ല്‍ ആരംഭിച്ച പി.എം.ജെ.വൈ പദ്ധതി ഇതുവരെ ഉപയോഗപ്പെടുത്തിയത് 7.37 കോടി പേരാണ്. രാജ്യത്തെ 12.37 കോടി കുടുംബങ്ങളിലായി 55 കോടി വ്യക്തികള്‍ ഈ പദ്ധതിയുടെ കീഴില്‍ വരുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. നിലവില്‍ പരിരക്ഷ ഉപയോഗപ്പെടുത്തിയവരില്‍ 49 ശതമാനം സ്ത്രീകളാണ്. 2022 ല്‍ പദ്ധതി കൂടുതല്‍ വിപുലീകരിച്ച് 10 കോടി കുടുംബങ്ങള്‍ക്കുള്ള പരിരക്ഷ, 12 കോടിയായി ഉയര്‍ത്തിയിരുന്നു. ആശ വര്‍ക്കര്‍മാര്‍ ഉള്‍പ്പടെയുള്ള 37 ലക്ഷം ആരോഗ്യപ്രവര്‍ത്തകരെ കൂടി പിന്നീട് പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തി. നിലവിലുള്ള പദ്ധതിയുടെ ആനുകൂല്യങ്ങള്‍ തന്നെയാകും മുതിര്‍ന്ന പൗരന്‍മാര്‍ക്കും എന്നാണ് സൂചനകള്‍. ഡോക്ടറുടെ പരിശോധനാ ഫീസ്, ഹോസ്പിറ്റല്‍ അഡ്മിഷന് മുമ്പുള്ള ലാബ് പരിശോധനകള്‍ ഉള്‍പ്പടെയുള്ള ചിലവുകള്‍, മരുന്നുകള്‍, ഐ.സി.യു, ഇന്‍പ്ലാന്റേഷന്‍ ചിലവുകള്‍, ആശുപത്രി മുറികള്‍, ഭക്ഷണം, ചികില്‍സക്കിടെയുണ്ടാകുന്ന അത്യാഹിതങ്ങള്‍, ചികില്‍സക്ക് ശേഷം 15 ദിവസത്തെ ആശുപത്രി ചിലവുകള്‍ തുടങ്ങിയവയാണ് നിലവിലുള്ള കവറേജില്‍ ഉള്‍പ്പെടുന്നത്.

കേരളത്തില്‍ എല്ലാ ജില്ലകളിലും കവറേജ്

പി.എം.ജെ.വൈ പദ്ധതിക്ക് കീഴില്‍ കേരളത്തിലും എല്ലാ ജില്ലകളിലും ഇന്‍ഷുറന്‍സ് പരിരക്ഷാ സംവിധാനങ്ങളുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ എന്നിവക്ക് പുറമെ സ്‌പെഷ്യലൈസ്ഡ് ആശുപത്രികളിലും ഇന്‍ഷുറന്‍സ് സൗകര്യമുണ്ട്. സ്വകാര്യമേഖലയില്‍ എല്ലായിടത്തും വന്‍കിട ഹോസ്പിറ്റലുകള്‍ ഉള്‍പ്പടെയുള്ള ആരോഗ്യകേന്ദ്രങ്ങള്‍ പദ്ധതിയില്‍ എംപാനല്‍ ചെയ്തിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളില്‍ ഈ പദ്ധതി പ്രകാരം ചികില്‍സ ലഭിക്കുന്ന ആശുപത്രികളുടെ വിവരങ്ങള്‍ക്ക്: https://sha.kerala.gov.in/list-of-empanelled-hospitals/ 

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com