ഗോള്‍ഡ് ലോണിന് നോമിനിയെ ചേര്‍ക്കാന്‍ കഴിയുമോ?

ബാങ്ക് നിക്ഷേപങ്ങള്‍ക്ക് അവകാശിയെ വെക്കാന്‍ കഴിയുമെന്ന് അധികം പേര്‍ക്കും അറിയാം. ഒരാളുടെ പേരിലുള്ള നിക്ഷേപമാണെങ്കിലും ഒന്നിലധികം പേരിലുള്ള നിക്ഷേപമാണെങ്കിലും അവകാശിയെ വെക്കാം. നിക്ഷേപം ചെയ്യുന്ന സമയത്തു തന്നെയോ പിന്നീടോ അവകാശിയെ വെക്കാവുന്നതാണ്. ഒരിക്കല്‍ വെച്ച അവകാശിയെ നിക്ഷേപകര്‍ എല്ലാവരും കൂടെ തീരുമാനിച്ചാല്‍, മാറ്റി മറ്റൊരാളെ അവകാശിയായി വയ്ക്കാനും കഴിയും. അവകാശി മൈനര്‍ ആണെങ്കില്‍, ഈ അവകാശിക്ക് പതിനെട്ടു വയസ് തികയുന്നതിനുമുമ്പ് ബാങ്കില്‍ നിന്ന് നിക്ഷേപം തിരിച്ചെടുക്കേണ്ട ആവശ്യം വന്നാല്‍, അതിനായി മുതിര്‍ന്ന ഒരാളെ കൂടെ നിശ്ചയിക്കേണ്ടതാണ്.

എല്ലാ നിക്ഷേപകരുടെയും കാലശേഷം മാത്രമേ അവകാശിക്ക് നിക്ഷേപം തിരികെ ലഭിക്കുവാന്‍ അവകാശമുള്ളൂ. ബാങ്കിംഗ് റെഗുലേഷന്‍ ആക്ടില്‍ ( Banking Regulation Act, 1949) ആണ് അവകാശിയെ വെക്കുന്നതിന്റെ നിയമ സാധുത പ്രതിപാദിച്ചിട്ടുള്ളത്. ഈ ആക്ടിന്റെ 45ZA മുതല്‍ 45 ZF വരെയുള്ള വകുപ്പുകളിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. ഈ നിയമ പ്രകാരം ബാങ്ക് നിക്ഷേപങ്ങള്‍ കൂടാതെ, സേഫ് ഡെപ്പോസിറ്റ് ലോക്കറിനും ബാങ്കില്‍ വെക്കുന്ന സേഫ് കസ്റ്റഡി സംവിധാനത്തിനും അവകാശിയെ വയ്ക്കാവുന്നതാണ്.

ഒന്നിലധികം അവകാശികളെ വയ്ക്കാമോ?

നിക്ഷേപം ഒന്നിലധികം പേരിലാണെങ്കിലും എല്ലാവരും കൂടെ ഒരു അവകാശിയെ മാത്രമേ വയ്ക്കാൻ കഴിയൂ. ലോക്കര്‍ ഒരാളുടെ പേരിലാണെങ്കില്‍ ഒരു അവകാശിയെ മാത്രമേ വെക്കാന്‍ കഴിയൂ. ലോക്കര്‍ ഒന്നിലധികം പേരിലാണെങ്കില്‍, ലോക്കര്‍ തുറക്കാനുള്ള അധികാരം എല്ലാവര്‍ക്കും ഒറ്റക്കൊറ്റയ്ക്ക് എന്ന രീതിയിലാണ് നിശ്ചയിട്ടുള്ളതെങ്കില്‍ (Anyone), അവിടെയും എല്ലാവരും കൂടെ ഒരു അവകാശിയെ മാത്രമേ വെക്കാന്‍ കഴിയൂ.

എന്നാല്‍ ലോക്കര്‍ രണ്ടോ അതിലധികമോ പേരിലാണെങ്കില്‍, ലോക്കര്‍ തുറക്കാനുള്ള അധികാരം ഒറ്റക്കൊറ്റയ്ക്കില്ല, മറിച്ച്, രണ്ടു പേര് ചേര്‍ന്നോ അല്ലെങ്കില്‍ ഒരുമിച്ചോ (joint) ആണ് ഉളളൂ എങ്കില്‍, ഉടമസ്ഥരെല്ലാവരും കൂടെ ഒന്നോ, ഒന്നിലധികമോ അവകാശികളെ വെക്കാവുന്നതാണ്. ഒരാളുടെ പേരിലുള്ള ലോക്കറാണെങ്കില്‍, ഉടമസ്ഥന്റെ കാലശേഷം അവകാശിക്ക് ലോക്കറിലുള്ള വസ്തുക്കള്‍ എടുക്കാവുന്നതാണ്. ഒന്നിലധികം പേരിലുള്ള ലോക്കറാണെങ്കില്‍ അവകാശിയും അല്ലെങ്കില്‍ അവകാശികളും ജീവിച്ചിരിക്കുന്ന ഉടമസ്ഥരും കൂടെയാണ് ലോക്കര്‍ തുറക്കേണ്ടത്. ലോക്കറിലുള്ള വസ്തുക്കളുടെ ഒരു ലിസ്റ്റ് (inventory) തയ്യാറാക്കിയതിനു ശേഷമാണ് ഈ വിധം വസ്തുക്കള്‍ കൈമാറുക.

നോമിനേഷന്‍ ഫോറം

നോമിനേഷന്‍ റൂള്‍സ് [Banking companies (nomination) rules,1985] അനുസരിച്ചുള്ള നിശ്ചിത ഫോറത്തില്‍ (DA1, SL1, SC1 etc) വേണം നോമിനേഷന്‍ നൽകാൻ.

രസീത് വാങ്ങാന്‍ ഓര്‍ക്കുക

നോമിനേഷന് ബാങ്കുകള്‍ രസീത് നല്‍കും. ബാങ്ക് പാസ്ബുക്കിലോ ഡെപ്പോസിറ്റ് റെസിപ്റ്റിലോ നോമിനേഷന്‍ രജിസ്‌റ്റേഡ് (nomination registered) എന്ന് എഴുതി നല്‍കും. അവകാശിയുടെ പേര് എഴുതില്ല. എന്നാല്‍ ഇടപാടുകാര്‍ രേഖാമൂലം അപേക്ഷ നല്‍കിയാല്‍ അവകാശിയുടെ പേര് എഴുതി നല്കുന്നതാണ്.

നോമിനിയുടെ അവകാശം

അവകാശിക്ക് നിക്ഷേപമോ മേല്‍ പറഞ്ഞ വിധം ലോക്കറിലെ വസ്തുക്കളോ കൈമാറുന്നത് വഴി ഇക്കാര്യത്തില്‍ ബാങ്കിനുള്ള ഉത്തരവാദിത്തം തീരുന്നു എന്നാണ് നിയമത്തില്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ ബാങ്കില്‍ നിന്ന് അവകാശി (Nominee) എന്ന നിലയില്‍ നിക്ഷേപമോ ലോക്കറിലെ വസ്തുക്കളോ കൈപ്പറ്റിയ ആള്‍ മരിച്ചയാളുടെ യഥാര്‍ത്ഥ അനന്തരാവകാശി (legal heirs) അല്ലെങ്കില്‍ ആ നിക്ഷേപമോ വസ്തുക്കളോ യഥാര്‍ത്ഥ അനന്തരാവകാശികള്‍ക്ക് അവകാശപ്പെടാവുന്നതാണ്. എന്തെന്നാല്‍, ബാങ്കില്‍ നല്‍കിയിരിക്കുന്ന അവകാശിയുടെ (nominee) അവകാശം നിക്ഷേപമോ വസ്തുക്കളോ ബാങ്കില്‍ നിന്ന് തിരിച്ചു കൈപ്പറ്റുക എന്നത് മാത്രമാണ്.

സ്വര്‍ണപ്പണയത്തിന് അവകാശിയെ വയ്ക്കാം

വായ്പകള്‍ക്ക് അവകാശിയെ നിയമിക്കാന്‍ നേരത്തെ സൂചിപ്പിച്ച ബാങ്കിംഗ് റെഗുലേഷന്‍ ആക്ടില്‍ വകുപ്പില്ല. അതിനാല്‍ വായ്പകള്‍ക്ക് ബാങ്കുകള്‍ അവകാശിയെ സ്വീകരിക്കില്ല. വായ്പ അടച്ചു തീര്‍ന്നാലും, മരിച്ച ഇടപാടുകാരന്റെ പേരിലുള്ള ഈടു വസ്തുക്കല്‍ നിയമപരമായ അനന്തരാവകാശികള്‍ക്കാണ് തിരിച്ചു നല്‍കുക. ഇതിന് വേണ്ടി ഉത്തരവാദിത്തപ്പെട്ട ഓഫീസുകളില്‍ നിന്ന് അനന്തരാവാകാശികളെ നിശ്ചയിച്ചു നല്‍കിയ രേഖകള്‍ സഹിതം ബാങ്കിനെ സമീപിക്കണം.

എന്നാല്‍ സ്വര്‍ണപ്പണയത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ബാങ്കുകള്‍ അവകാശിയെ വെക്കാന്‍ കഴിയും. ബാങ്കില്‍ റെഗുലേഷന്‍ ആക്ടിന്റെ പരിധിയില്‍ നിന്നല്ല ഇത് ചെയ്യുന്നത്. ബാങ്കും ഇടപാടുകാരനും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ചെയ്യുന്നത്. ഇത് ഇന്ത്യന്‍ കോണ്‍ട്രാക്ട് ആക്ടിന്റെ (The Indian Contract Act, 1872) പരിധിയിലാണ്.

ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് അനുസരിച്ചുള്ള പ്രത്യേക പരിരക്ഷ ഇക്കാര്യത്തില്‍ ബാങ്കുകള്‍ക്കില്ല. ഇടപാടുകാരുടെ സൗകര്യം പരിഗണിച്ചാണ് ബാങ്കുകള്‍ സ്വര്‍ണപ്പണയത്തിന് നോമിനേഷന്‍ സ്വീകരിക്കുന്നത്. ഇതനുസരിച്ച് സ്വര്‍ണപ്പണയം വെക്കുന്ന സമയത്ത് തന്നെ പണയക്കരാറിന്റെ ഭാഗമായി അവകാശിയെ കൂടെ വെക്കാനുള്ള സൗകര്യം ഉണ്ടാകും. ഇങ്ങനെ അവകാശിയെ നിയമിച്ചാല്‍ ഇടപാടുകാരന്റെ കാലശേഷം, ബാങ്കിലെ കടം തീര്‍ന്നാല്‍, പണയ സ്വര്‍ണം അവകാശിക്ക് നല്‍കുന്നതാണ്.

(ബാങ്കിംഗ് വിദഗ്ധനാണ് ലേഖകന്‍)

Babu K A
Babu K A - Banking and Financial Expert  
Related Articles
Next Story
Videos
Share it