കറന്‍സി നോട്ടിന് പകരം നാണയങ്ങള്‍ കിട്ടിയാല്‍ വാങ്ങാന്‍ പരിധിയുണ്ടോ?

ഇടയ്ക്കിടെ വൈദ്യുതി മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് കെ.എസ്.ഇ.ബി ഓഫീസില്‍ ബില്ലടയ്ക്കാന്‍ നാണയത്തുട്ടുകളുമായെത്തിയ പഞ്ചായത്തംഗത്തിന്റെ വൈറല്‍ വീഡിയോയ്ക്ക് പിന്നാലെയാണ് നാണയത്തുട്ടുകള്‍ നല്‍കുന്നത് സംബന്ധിച്ച് സംശയങ്ങളും പൊങ്ങി വന്നത്. ബില്ലടയ്ക്കാനും മറ്റ് സാമ്പത്തിക ഇടപാടുകള്‍ക്കും നാണയം ഉപയോഗിക്കാമോ?

ഇന്ത്യന്‍ കറന്‍സിയും നാണയങ്ങളും ലീഗല്‍ ടെന്‍ഡര്‍ ആണ്. അതിനര്‍ത്ഥം കറന്‍സിയും നാണയങ്ങളും കൊടുത്ത് കടബാധ്യതകള്‍ തീര്‍ക്കാം എന്നാണ്. നികുതി അടക്കുക, പിഴകള്‍ നഷ്ടപരിഹാരങ്ങള്‍ തുടങ്ങിയ മറ്റു സാമ്പത്തികമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുക എന്നിവക്കെല്ലാം കറന്‍സിയും നാണയങ്ങളും ഉപയോഗിക്കാം. സാധാരണയായി ഒരു രാജ്യത്തിന്റെ കറന്‍സി ആ രാജ്യത്ത് മാത്രമേ നിയമപരമായി ലീഗല്‍ ടെന്‍ഡര്‍ ആയിരിക്കൂ. കീറാത്തതും മറ്റു കേടുപാടുകള്‍ ഇല്ലാത്തതുമായ കറന്‍സിയും നാണയങ്ങളും സ്വീകരിക്കാതിരിക്കുന്നത് ആ കറന്‍സി ലീഗല്‍ ടെന്‍ഡര്‍ ആയിരിക്കുന്ന രാജ്യത്ത് കുറ്റമാണ്. ശിക്ഷാര്‍ഹവുമാണ്.

കറന്‍സി കൈമാറ്റത്തിന് പരിധിയുണ്ടോ?

വ്യക്തികള്‍ തമ്മിലോ വ്യക്തികളും സ്ഥാപനങ്ങളും തമ്മിലോ കൈമാറാവുന്ന തുകയ്ക്ക് പരിധിയൊന്നുമില്ല. ആവശ്യമനുസരിച്ച് എത്ര തുക വേണമെങ്കിലും കൈമാറാവുന്നതാണ്. അതുപോലെ എത്ര തുക വേണമെങ്കിലും ബാങ്കില്‍ അടക്കാവുന്നതാണ്. കീറിയതോ മുഷിഞ്ഞതോ കേടുപാടുകള്‍ സംഭവിച്ചതോ ആയ നോട്ടുകള്‍ എത്ര വേണമെങ്കിലും ബാങ്കുകളില്‍ നിന്ന് മാറിയെടുക്കാവുന്നതാണ്. ഇതിന് പരിധിയൊന്നുമില്ല. നാണയമാണെങ്കിലും എത്ര വേണമെങ്കിലും ബാങ്കില്‍ അടക്കാവുന്നതാണ്.

നാണയം കൈമാറുമ്പോള്‍

എന്നാല്‍ നാണയം നല്‍കി വ്യക്തികള്‍ തമ്മിലും വ്യക്തികളും സ്ഥാപനങ്ങളും തമ്മിലുമുള്ള പണമിടപാടുകള്‍ നടത്തുമ്പോള്‍ അതിന് ചില പരിധികള്‍ ഉണ്ട്. 2011 ലെ കോയ്‌നേജ് ആക്ട് (The Coinage Act, 2011) അനുസരിച്ച് ഒരു രൂപയില്‍ കുറയാത്ത നാണയമാണെങ്കില്‍ 1,000 രൂപ വരെയും അമ്പത് പൈസയുടെ നാണയമാണെങ്കില്‍ 10 രൂപ വരെയും ആണ് സ്വീകരിക്കാന്‍ ഒരാള്‍ക്ക് നിയമപരമായി ബാധ്യതയുള്ളത്. അതിനുമുകളിലുള്ള തുക സ്വീകരിക്കുന്നതിലും തെറ്റില്ല. വലിയ തുക കൈമാറ്റത്തിനുദ്ദേശിച്ചിട്ടുള്ളവയല്ല നാണയങ്ങള്‍. അതിനാല്‍ തന്നെ, അതിന് മുകളില്‍ സ്വീകരിക്കണോ വേണ്ടയോ എന്ന് സ്ഥാപനത്തിനോ വ്യക്തിക്കോ തീരുമാനിക്കാം.

നിലവിലുള്ള നോട്ടുകളും നാണയങ്ങളും

നിലവില്‍ രണ്ടു രൂപ, അഞ്ചു രൂപ, ഇരുപത് രൂപ, അന്‍പത് രൂപ, നൂറു രൂപ, അഞ്ഞൂറ് രൂപ (രണ്ടായിരത്തിന്റെ കറന്‍സി പിന്‍വലിച്ചു) എന്നീ മൂല്യമുള്ള കറന്‍സികളാണ് ലീഗല്‍ ടെന്‍ഡര്‍ ആയി ഉള്ളത്. 2011 ല്‍ ഇരുപത്തിയഞ്ച് പൈസയുടെ നാണയം നിറുത്തിയതിനുശേഷം, ഇപ്പോള്‍ അന്‍പത് പൈസ, ഒരു രൂപ, രണ്ടു രൂപ, അഞ്ചു രൂപ, പത്തു രൂപ, ഇരുപതു രൂപ മൂല്യമുള്ള നാണയങ്ങളാണ് കൈമാറ്റം ചെയ്യപ്പെടുന്നത്.

കറന്‍സിയോ നാണയമോ സ്വീകരിക്കാതിരുന്നാല്‍

ലീഗല്‍ ടെന്‍ഡറായിട്ടുള്ള ഇന്ത്യന്‍ കറന്‍സിയും നാണയങ്ങളും മുകളില്‍ സൂചിപ്പിച്ച നിയമപരമായ ആവശ്യങ്ങള്‍ക്ക് നല്‍കിയാല്‍ അത് സ്വീകരിക്കാതിരിക്കുന്നത് കുറ്റമാണ്. ഇന്ത്യന്‍ പീനല്‍ കോഡ് (IPC) സെക്ഷന്‍ 124A അനുസരിച്ച് മൂന്നുവര്‍ഷം വരെ തടവും പിഴയും 188 അനുസരിച്ച് ആറു മാസം വരെ തടവും കിട്ടാവുന്ന കുറ്റമാണിത്. നാണയങ്ങള്‍ സ്വീകരിക്കാതിരിക്കുന്നത് കോയ്‌നേജ് ആക്ടിന്റെ 6 (1) വകുപ്പിന്റെ ലംഘനമാണ്. ഇങ്ങനെ ഒരാള്‍ കറന്‍സിയോ നാണയമോ സ്വീകരിക്കാതിരുന്നാല്‍, അക്കാര്യം പോലീസില്‍ അറിയിച്ച് FIR ഫയല്‍ ചെയ്യാം.


(ബാങ്കിംഗ് വിദഗ്ധനാണ് ലേഖകന്‍)

Babu K A
Babu K A is a Banking and Financial Expert  

Related Articles

Next Story

Videos

Share it