ആര്‍ബിഐ പ്രഖ്യാപിച്ച കാര്‍ഡ്‌ലെസ് സംവിധാനം വിപുലമാക്കല്‍ എങ്ങനെ ഉപഭോക്താക്കള്‍ക്ക് ഗുണകരമാകും?

കാര്‍ഡ് ലെസ് എടിഎം സംവിധാനം രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ ലഭ്യമാണ്. ഈ സൗകര്യം എല്ലാ എടിഎമ്മുകളിലേക്കും വ്യാപിപ്പിക്കുമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ RBI) പണനയ പ്രഖ്യാപനത്തോടൊപ്പം അറിയിച്ചത്. യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (UPI) ഉപയോഗിച്ച് ആണ് എല്ലാ ബാങ്കുകളില്‍ നിന്നും എടിഎം (ATM) നെറ്റ്വര്‍ക്കുകളില്‍ നിന്നും കാര്‍ഡ് രഹിത (Card-less) പണം പിന്‍വലിക്കല്‍ സാധിക്കുക.

നിലവില്‍ രാജ്യത്തുടനീളമുള്ള തെരഞ്ഞെടുത്ത ബാങ്കുകളില്‍ നിന്ന് മാത്രമേ കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാനുള്ള സൗകര്യം ലഭ്യമായിട്ടുള്ളു.

പുതിയ സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ വായ്പാനയം അവതരിപ്പിക്കവേ ആണ് ആര്‍ബിഐ ഗവര്‍ണര്‍ കാര്‍ഡ്ലെസ്സ് പേയ്മെന്റുകള്‍ ഉയര്‍ത്താന്‍ നിര്‍ദേശിച്ചത്. യുപിഐ ഉപയോഗിച്ച് കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ എല്ലാ ബാങ്കുകളിലും ലഭ്യമാക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ അറിയിച്ചു.

ഉപഭോക്താക്കള്‍ക്ക് എങ്ങനെ ഗുണകരമാകും:

-എടിഎമ്മുകള്‍ വഴി കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാനുള്ള സൗകര്യം ചില ബാങ്കുകളില്‍ മാത്രമായാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. യുപിഐ ഉപയോഗിച്ച് എല്ലാ ബാങ്കുകളില്‍ നിന്നും എടിഎം നെറ്റ്വര്‍ക്കുകളില്‍ നിന്നും പണം പിന്‍വലിക്കാനുള്ള സൗകര്യം ഇനി മുതല്‍ ലഭ്യമാകും.

- കാര്‍ഡ് ഇല്ലാതെ ഷോപ്പിംഗ് നടത്തുന്നത് പോലെ എളുപ്പത്തില്‍ എവിടെ നിന്നും പണം പിന്‍വലിക്കാന്‍ കഴിയും

- ആശുപത്രി, റെയില്‍വേ സ്‌റ്റേഷന്‍, എയര്‍പോര്‍ട്ട് പോലുള്ള ഇടങ്ങളില്‍ പോലും ഇത്തരത്തിലുള്ള സംവിധാനം വരുന്നത് സാധാരണക്കാര്‍ക്കും ഉപകാരപ്പെടും.

-യുപിഐ വഴിയും എടിഎമ്മുകള്‍ വഴിയും നടക്കുന്ന വഞ്ചനാപരമായ ഇടപാടുകള്‍ ഇത് ഇല്ലാതാക്കും.

-കാര്‍ഡ് രഹിത ഇടപാടുകള്‍ , രാജ്യത്ത് നടക്കുന്ന കാര്‍ഡ് സ്‌കിമ്മിംഗ്, കാര്‍ഡ് ക്ലോണിംഗ് മുതലായ തട്ടിപ്പുകള്‍ തടയാന്‍ സഹായിക്കും എന്ന് ആര്‍ബിഐ ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

സേവനം എങ്ങനെ സാധ്യമാകും?

യുപിഐ എനേബിള്‍ഡ് ഇന്ററോപ്പറബിള്‍ കാര്‍ഡ്‌ലസ് ക്യാഷ് വിത്ത്ഡ്രോവൽ സിസ്റ്റം വഴിയാണിത്. ഉപയോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകളിലെ യുപിഐ എനേബിള്‍ഡ് ഭീം, പേടിഎം, ജിപേ, ഫോണ്‍പേ മുതലായ ആപ്പുകളും ഉപയോഗിച്ച് എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ കഴിയും. വളരെ എളുപ്പത്തില്‍ എടിഎമ്മില്‍ നിന്ന് പണം എടുക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് ഇത്. ഈ സേവനം എങ്ങനെ ഉപയോഗിക്കാം എന്ന് പരിശോധിക്കാം.

സേവനം സപ്പോര്‍ട്ട് ചെയ്യുന്ന ഏതെങ്കിലും എടിഎമ്മിലേക്ക് പോയി മെഷീനിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുക. അതിന് ശേഷം നിങ്ങള്‍ പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന തുക കൃത്യമായി നല്‍കുക. യുപിഐ എനേബിള്‍ഡ് മൊബൈല്‍ ആപ്പ് ഉപയോഗിച്ച് നിങ്ങള്‍ ട്രാന്‍സാക്ഷന് അംഗീകാരം നല്‍കണം. ഇത് നല്‍കി കഴിഞ്ഞാല്‍ എടിഎമ്മില്‍ നിന്നും സാധാരണ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ പണം ലഭിക്കുന്ന രീതിയില്‍ തന്നെ പണം ലഭിക്കും.

ക്യുആര്‍ കോഡുകള്‍ ഡൈനാമിക്ക് ആയതിനാല്‍ തന്നെ ഓരോ ഇടപാടിലും അവ മാറിക്കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ അവ കോപ്പി ചെയ്ത് പിന്നീട് ഉപയോഗിക്കാനോ തട്ടിപ്പുകള്‍ക്ക് ഇവ ഉപയോഗിക്കാനോ സാധിക്കുകയില്ല. ഇത് യുപിഐ എനേബിള്‍ഡ് ഇന്ററോപ്പറബിള്‍ കാര്‍ഡ്‌ലസ് ക്യാഷ് വിത്ത്ഡ്രോവൽ സിസ്റ്റത്തിന്റെ സുതാര്യത ഉറപ്പ് വരുത്താന്‍ സഹായിക്കുന്നു. എന്നാല്‍ ഈ സിസ്റ്റം ഉപയോഗിച്ച് പിന്‍വലിക്കാവുന്ന തുകയുടെ ലിമിറ്റ് 5,000 രൂപയില്‍ താഴെ ആക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it