Begin typing your search above and press return to search.
ലാഭവിഹിതം വാരിക്കോരി നല്‍കാന്‍ ബാങ്കുകളും റിസര്‍വ് ബാങ്കും; കേന്ദ്രത്തിന് 'ബമ്പര്‍ ലോട്ടറി'
കേന്ദ്രസര്‍ക്കാരിന് റിസര്‍വ് ബാങ്ക്, പൊതുമേഖലാ ബാങ്കുകള്‍ എന്നിവയില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2023-24) ലാഭവിഹിതമായി ഇക്കുറിയും ബമ്പര്‍തുക ലഭിച്ചേക്കും. എത്ര തുക ലാഭവിഹിതം നല്‍കണമെന്നത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഉടന്‍ തീരുമാനിക്കും.
2022-23ല്‍ റിസര്‍വ് ബാങ്കില്‍ നിന്ന് കേന്ദ്രത്തിന് ലഭിച്ച ലാഭവിഹിതം 87,416 കോടി രൂപയാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് സമാപിച്ച 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രത്തിനുള്ള ലാഭവിഹിതം ഒരുലക്ഷം കോടി രൂപ മുതല്‍ 1.2 ലക്ഷം കോടി രൂപവരെയായിരിക്കുമെന്നാണ് സൂചനകള്‍.
കടപ്പത്രം തിരികെവാങ്ങുന്നതിനിടെ ലാഭവിഹിതം
കാലാവധി പൂര്‍ത്തിയാകും മുമ്പേ ചില കടപ്പത്രങ്ങള്‍ (prematurely pay back) തിരികെവാങ്ങി (bond buyback) കേന്ദ്രം 60,000 കോടി രൂപ നിക്ഷേപകര്‍ക്ക് മടക്കിക്കൊടുക്കാന്‍ തീരുമാനിച്ചിരിക്കവേയാണ് റിസര്‍വ് ബാങ്കില്‍ നിന്ന് ബമ്പര്‍തുക ലാഭവിഹിതം കിട്ടുന്നതെന്നത് കേന്ദ്രത്തിന് വലിയ ആശ്വാസമാകും. കേന്ദ്രത്തിന് വേണ്ടി കടപ്പത്രങ്ങള്‍ കൈകാര്യം ചെയ്യുന്നത് റിസര്‍വ് ബാങ്കാണ്.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ബോണ്ട് ബൈബാക്ക് ഉള്‍പ്പെടെയുള്ള നടപടികള്‍ നിലവില്‍ നിശ്ചലമാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമേ ഇതില്‍ തുടര്‍ നടപടികള്‍ക്ക് സാധ്യതയുള്ളൂ.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഉയര്‍ന്നനിരക്കിലുള്ള അടിസ്ഥാന പലിശനിരക്കുകളും ഉയര്‍ന്ന വിദേശനാണയ നിരക്കുകളും മികച്ച വരുമാനം നേടാന്‍ റിസര്‍വ് ബാങ്കിന് സഹായകമായിട്ടുണ്ട്. ഇതാണ്, കേന്ദ്രത്തിന് കൂടുതല്‍ ലാഭവിഹിതം നല്‍കാന്‍ റിസര്‍വ് ബാങ്കിനെ പ്രാപ്തമാക്കുന്നതും. റിസര്‍വ് ബാങ്കിന്റെ വരുമാനത്തില്‍ നിന്ന് ചെലവ് കിഴിച്ചുള്ള ബാക്കിത്തുക അഥവാ സര്‍പ്ലസ് വരുമാനമാണ് കേന്ദ്രത്തിന് ലാഭവിഹിതമായി കൈമാറുന്നത്.
ബാങ്കുകളും നല്‍കും വന്‍ തുക
കേന്ദ്രസര്‍ക്കാരിന് മുഖ്യ ഓഹരി പങ്കാളിത്തമുള്ള അഥവാ കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ നിന്നും ബമ്പര്‍ ലാഭവിഹിതമാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്. 2022-23നെ അപേക്ഷിച്ച് 30 ശതമാനം വര്‍ധന ലാഭവിഹിതത്തില്‍ ഉണ്ടാകുമെന്ന് കരുതുന്നു.
2022-23ല്‍ 13,804 കോടി രൂപയായിരുന്നു പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കേന്ദ്രത്തിന് ലഭിച്ച സംയോജിത ലാഭവിഹിതം. 2023-24ല്‍ ഇത് 18,000 കോടി രൂപ കടന്നേക്കും.
12 പൊതുമേഖലാ ബാങ്കുകളാണ് ഇന്ത്യയിലുള്ളത്. ഇവ കഴിഞ്ഞവര്‍ഷം (2023-24) സംയോജിതമായി 37 ശതമാനം വളര്‍ച്ചയോടെ 1.41 ലക്ഷം കോടി രൂപയുടെ ലാഭം നേടിയിരുന്നു. ഇതില്‍ എസ്.ബി.ഐ മാത്രം ഓഹരിക്ക് 13.70 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകളില്‍ നിന്നുള്ള മൊത്തം ലാഭവിഹിതത്തില്‍ 39 ശതമാനവും ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയുടെ വകയാണ്.
Next Story
Videos