ലക്ഷ്യം സ്വകാര്യവത്കരണം; പൊതുമേഖലാ ബാങ്കുകളിലെ വ്യക്തിഗത ഓഹരി കൈവശം വയ്ക്കല്‍ പരിധി എടുത്തുകളയാന്‍ കേന്ദ്രം

സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ ബാങ്കുകളില്‍ കൈവശം വ്യക്താവുന്ന ഓഹരിയുടെ പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയേക്കും. നിലവില്‍ പൊതുമേഖലാ ബാങ്കുകളില്‍ 10 ശതമാനം ഓഹരികളില്‍ മാത്രമാണ് വ്യക്തിഗത നിക്ഷേപം അനുവദിക്കുക. പുതിയ ബാങ്കിംഗ് ഭേദഗതി ബില്ലിലൂടെ ബാങ്കിംഗ് കമ്പനീസ് (ഏറ്റെടുക്കലും കൈമാറ്റവും) ആക്ടിലും ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിലും കേന്ദ്രം മാറ്റം വരുത്തിയേക്കും.

പരിധി എടുത്തുകളയുന്നതോടെ ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ക്കും സ്വകാര്യ ഇക്വിറ്റി കമ്പനികള്‍ക്കും പൊതുമേഖലാ ബാങ്കുകളില്‍ വലിയ നിക്ഷേപം നടത്താനാവും. കൂടാതെ പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കുന്ന സമയത്ത് കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് പങ്കെടുക്കാനും സാധിക്കും. 2021-22 ബഡ്ജറ്റില്‍ പ്രഖ്യാപിച്ച രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ നീക്കം വിലയിരുത്തപ്പെടുന്നത്.

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവ സ്വകാര്യവത്കരിക്കാനുള്ള നിര്‍ദ്ദേശമാണ് നീതി ആയോഗ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. റെഗുലേറ്റഡ് സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാരുകള്‍ തുടങ്ങിയവയ്ക്ക് പൊതുമേഖലാ സ്ഥാപനങ്ങള്‍ നിലവില്‍ 40 ശതമാനം ഓഹരികളില്‍ വരെ നിക്ഷേപം നടത്താം.

Dhanam News Desk
Dhanam News Desk  
Next Story
Share it