ഡിബിഎസ് ബാങ്ക്- ലക്ഷ്മിവിലാസ് ബാങ്ക് ലയനം: ഇതൊക്കെയാണ് മുന്നിലെ വെല്ലുവിളികള്‍

തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന ലക്ഷ്മി വിലാസ് ബാങ്കിനെ ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ് സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഡിബിഎസ് ബാങ്ക്. പൊതുമേഖലാ ബാങ്കുകളുടെ വന്‍ ലയനമോ രാജ്യത്തിനകത്തെ സ്വകാര്യ ബാങ്കുകളുടെ ലയനമോ പോലെ എളുപ്പമായിരിക്കില്ല, പഴക്കമേറിയ ഇന്ത്യന്‍ ബാങ്കും വിദേശ ബാങ്കും തമ്മിലുള്ള ലയനമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്‌കാരങ്ങളിലെ വിടവ്

ലയനത്തിലൂടെ ഉദ്ദേശിക്കുന്നത് എക്കൗണ്ട് ബുക്കുകളുടെയും ആസ്തികളുടെയും മാത്രമല്ല, സാംസ്‌കാരവും കൂടിയാണ്. ലക്ഷ്മിവിലാസ് ബാങ്കും ഡിബിഎസും സാംസ്‌കാരികമായി വിഭിന്നമാണ്. 94 വര്‍ഷത്തിലേറെ പഴക്കമുള്ള ലക്ഷ്മി വിലാസ് ബാങ്കിനുള്ളത് പഴയ ചിന്താഗതിക്കാരായ ആളുകളും പഴയ പ്രവര്‍ത്തനരീതിയും സംവിധാനങ്ങളും ഉല്‍പ്പന്നങ്ങളുമൊക്കെയാണ്. എന്നാല്‍ ഡിബിഎസ് വരുന്നത് വിദേശത്തെ ബാങ്കിംഗ് സംസ്‌കാരവുമായാണ്. ഉല്‍പ്പാദനക്ഷമതയും നിക്ഷേപത്തിന്മേലുള്ള നേട്ടവുമൊക്കെയാണ് അവരുടെ മുന്‍ഗണനയിലുള്ളത്. ഏഷ്യയിലെ മുന്‍നിര സാമ്പത്തിക സേവന ഗ്രൂപ്പായ ഡിബിഎസ് ഗ്രൂപ്പ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡിന്റെ കീഴിലുള്ള സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഡിബിഎസ് ബാങ്ക് ലിമിറ്റഡിന്റെ ഉപസ്ഥാപനമാണ് ഇന്ത്യയിലെ ഡിബിഎസ് ബാങ്ക്.

സാധാരണ വിദേശ ബാങ്കുകള്‍ ഇന്ത്യയില്‍ അവരുടെ മറ്റൊരു ശാഖ തുറക്കുകയാണ് പതിവ്. എന്നാല്‍ മൊത്ത ഉടമസ്ഥാവകാശമുള്ള ഉപസ്ഥാപനമായി 2019 ല്‍ ഇന്ത്യയില്‍ തുടക്കമിട്ട ഡിബിഎസിന് ഇന്ത്യയില്‍ കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്യമുണ്ട്.

ദുര്‍ബലമായ ബാങ്ക്

ഡിബിഎസ് ബാങ്ക് മൂലധനത്തിന്റെ കാര്യത്തില്‍ വളരെ മെച്ചപ്പെട്ട സ്ഥിതിയിലാണ്. ലയനത്തോടെ ഏറ്റെടുക്കുന്ന ബാങ്കിന്റെ ബാധ്യതകള്‍ നികത്തുന്നതിനായി ചുരുങ്ങിയത് 2500 കോടി രൂപ അവര്‍ക്ക് ചെലവിടേണ്ടി വരും. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് പോകുകയായിരുന്ന ലക്ഷ്മി വിലാസ് ബാങ്കിന് വലിയ മൂലധനം ആവശ്യമുള്ള സമയമാണിത്. 2017-18 വര്‍ഷത്തില്‍ 585 കോടി രൂപയായിരുന്നു ബാങ്കിന്റെ നഷ്ടമെങ്കില്‍ 2019-20 വര്‍ഷത്തില്‍ 836 കോടിയായി ഉയര്‍ന്നിട്ടുണ്ട്. ഇക്കാലയളവില്‍ മൊത്ത നിഷ്‌ക്രിയ ആസ്തിയാകട്ടെ 25.39 ശതമാനത്തിലുമെത്തി. കോവിഡ് വ്യാപനനവും ലോക്ക്ഡൗണുമൊക്കെയായി ഇത് ഇനിയും കൂടാനാണ് സാധ്യത. ഡിബിഎസ് ബാങ്കിന് ഈ പ്രശ്‌നങ്ങള്‍ അതിജീവിക്കാന്‍ കൂടുതല്‍ പണമിറക്കേണ്ടി വരും എന്നത് വലിയ വെല്ലുവിളിയാകും.

ശാഖകളുടെ എണ്ണം

ഡിബിഎസ് ബാങ്കിന് 25 നഗരങ്ങളിലായി 35 ശാഖകളാണ് രാജ്യത്തുള്ളത്. 566 ശാഖകളുള്ള ലക്ഷ്മി വിലാസ് ബാങ്കുമായുള്ള ലയനത്തോടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇതിന് ശാഖകളാകും. നിലവിലുള്ള ശാഖകള്‍ അടയ്ക്കാനും മറ്റൊരിടത്തേക്ക് മാറ്റാനും റിസര്‍വ് ബാങ്ക് ഡിബിഎസ് ബാങ്കിന് അനുമതി നല്‍കിയിട്ടുണ്ട്. ശാഖകളുടെ പുനര്‍വിന്യാസം ഡിബിഎസിന് വെല്ലുവിളിയായേക്കാം.

ജീവനക്കാരുടെ പുനര്‍വിന്യാസം

നാലായിരത്തോളം വരുന്നതാണ് ലക്ഷ്മി വിലാസ് ബാങ്കിന്റെ ജീവനക്കാരുടെ എണ്ണം. ലയന പദ്ധതിയില്‍ ജീവനക്കാരുടെ കാര്യം പ്രത്യേകം എടുത്തു പറയുന്നില്ല. അഡൈ്വസറി, വെല്‍ത്ത്മാനേജ്‌മെന്റ് മേഖലകളില്‍ കൂടുതല്‍ പരിശീലനം സിദ്ധിച്ച ആളുകളെയാണ് ഡിബിഎസിന് ആവശ്യം. ഡിജിറ്റല്‍ ബാങ്കിംഗ് ശക്തമായതോടെ ഇടപാടുകാര്‍ ബാങ്ക് ശാഖകളിലെത്തുന്നത് കുറഞ്ഞിട്ടുണ്ട്. കൂടാതെ മൊബീല്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ് വ്യാപകമായതോടെ ഇടപാടുകള്‍ ഓണ്‍ലൈന്‍ ആയിട്ടുമുണ്ട്. ഡിജിറ്റലൈസേഷന് ഏറെ പ്രാധാന്യം നല്‍കുന്ന ഡിബിഎസിന് ഡാറ്റ അനലിറ്റിക്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, സൈബര്‍ സെക്യൂരിറ്റി, വെല്‍ത്ത് അഡൈ്വസറി തുടങ്ങിയ പുതിയ മേഖലകളിലേക്കാവും വിദഗ്ധരായ ജീവനക്കാരെ ആവശ്യമായി വരിക. ലക്ഷ്മി വിലാസ് ബാങ്കിലെ നിലവിലെ ജീവനക്കാരില്‍ എത്രപേര്‍ ഇത്തരത്തില്‍ നൈപുണ്യം നേടിയവരാണെന്നതാണ് ചോദ്യം.

Related Articles
Next Story
Videos
Share it