Begin typing your search above and press return to search.
പ്രസവ ഇന്‍ഷുറന്‍സിന് ആവശ്യക്കാർ കൂടുന്നു; നല്ല പ്ലാൻ എങ്ങനെ തിരഞ്ഞെടുക്കാം?
ദിവസം ചെല്ലുന്തോറും ആരോഗ്യ സംരക്ഷണത്തിന്റെ ചെലവുകള്‍ കുത്തനെ ഉയരുകയാണ്. ഗര്‍ഭധാരണം മുതല്‍ പ്രസവം വരെയുള്ള ചെലവുകളില്‍ വന്‍ വര്‍ധനയാണുണ്ടാകുന്നത്. സാധാരണക്കാരെ സംബന്ധിച്ച് ചെലവ് താങ്ങാവുന്നതിനു മുകളിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ പേരും പ്രസവ ആവശ്യങ്ങള്‍ക്കായി മെറ്റേണിറ്റി ഇന്‍ഷുറന്‍സുകളെ ആശ്രയിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്.
2023-2024 സാമ്പത്തിക വര്‍ഷത്തില്‍ മെറ്റേണിറ്റി ഇന്‍ഷുറന്‍സ് പ്ലാനുകളുടെ എണ്ണത്തില്‍ 80 ശതമാനം വളര്‍ച്ചയുണ്ടായതായി പോളിസി ബസാര്‍ വ്യക്തമാക്കുന്നു. 25 -35 പ്രായപരിധിയിലുള്ളവരാണ് മെറ്റേണിറ്റി പ്ലാനുകള്‍ എടുക്കുന്നവരില്‍ 91.2 ശതമാനവും. മെറ്റേണിറ്റി ഇന്‍ഷുറന്‍സ് എടുക്കുന്നവരില്‍ 78 ശതമാനവും പുരുഷന്മാരാണ്. പോളിസികള്‍ എടുക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 22 ശതമാനം ഉയര്‍ച്ചയുണ്ട്.
ആഡ് ഓണുകള്‍ക്കും ഡിമാന്‍ഡ്
മെറ്റേണിറ്റി ഇന്‍ഷുറന്‍സ് തിരഞ്ഞെടുക്കുന്നവരില്‍ പലരും ആശുപതിയിലെ പ്രസവസംബന്ധ ചെലവുകള്‍ വഹിക്കുന്നതിന് കണ്‍സ്യൂമബിള്‍സ് (38 ശതമാനം), നോ റൂം റെന്റ് ക്യാപ്പിംഗ് (33 ശതമാനം), നോ ക്ലെയിം ബോണസ് (24 ശതമാനം) തുടങ്ങി പല ആഡ് ഓണുകളും പോളിസിയ്‌ക്കൊപ്പം കൂട്ടിച്ചേർക്കാറുണ്ട്.
വാക്സിനേഷന്‍, വന്ധ്യത ചികിത്സാ ചെലവുകള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തിയുള്ള മെറ്റേണിറ്റി പോളിസികളുമുണ്ട്. ദത്തെടുക്കല്‍, വാടക ഗര്‍ഭധാരണം എന്നിവയുടെ ചെലവുകളും ഉള്‍പെടുത്തുന്നുണ്ട്.
അനുയോജ്യമായ പ്ലാന്‍ തിരഞ്ഞെടുക്കാം
വെയ്റ്റിംഗ് പീരീഡ്, കവറേജ് തുക, പ്രസവത്തിന് മുന്‍പും ശേഷവുമുള്ള ചെലവുകള്‍ തുടങ്ങിയ നിരവധി കാര്യങ്ങള്‍ പരിഗണിച്ചായിരിക്കണം മെറ്റേണിറ്റി പ്ലാനുകള്‍ തിരഞ്ഞെടുക്കേണ്ടത്. 'മുന്‍കാലങ്ങളില്‍ 2-4 കൊല്ലം ആയിരുന്ന വെയ്റ്റിംഗ് പീരീഡ് ഇപ്പോള്‍ 9 മാസമായി കുറഞ്ഞിരിക്കുന്നു.
പോളിസിയെടുക്കും മുന്‍പു തന്നെ എത്ര തുക കവറേജ് ലഭിക്കുമെന്നത് മനസിലാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ബ്ലഡ് ടെസ്റ്റുകള്‍, സ്‌കാനുകള്‍ തുടങ്ങിയ പ്രസവത്തിന് മുന്‍പും ശേഷവും ഉണ്ടാകാവുന്ന ചെലവുകള്‍, NICU, അമ്മയുടെയും കുഞ്ഞിന്റെയും വാക്സിനേഷന്‍ തുടങ്ങിയ ചെലവുകള്‍ കൂടി ഉള്‍പ്പെടുന്ന പ്ലാനുകള്‍ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപ വരെ ഇത്തരം പോളിസികളില്‍ കവറേജ് ലഭിക്കാം.
Next Story
Videos