നിക്ഷേപകര്‍ക്ക് നേട്ടമാകും; പ്രാഥമിക സഹകരണസംഘങ്ങളിലെ പലിശ നിരക്ക് പുതുക്കി

പ്രാഥമിക സഹകരണ സംഘങ്ങളിലെ പലിശ നിരക്കുകളില്‍ പരിഷ്‌കരണം നടത്തി. നിക്ഷേപങ്ങളിലും വായ്പാ തിരിച്ചടവുകളിലും മാറ്റമുണ്ടാകും. പലിശ നിര്‍ണയ സമിതി ചെയര്‍മാന്‍ കൂടിയായ മന്ത്രി വി.എന്‍. വാസവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു നിരക്കുകള്‍ പുതുക്കിയത്.

കഴിഞ്ഞ വര്‍ഷം ജനുവരിയിലും നിക്ഷേപ, വായ്പ പലിശ നിരക്കുകള്‍ പുതുക്കിയിരുന്നു. പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെ സഹകരണ സ്ഥാപനങ്ങളുടെ പലിശ നിരക്കാണ് നിശ്ചയിച്ചത്. സര്‍വീസ് സഹകരണ ബാങ്കുകള്‍, അര്‍ബന്‍ സഹകരണ സംഘങ്ങള്‍, റീജനല്‍ റൂറല്‍ കോഓപ്പറേറ്റീവ് സൊസൈറ്റികള്‍, എംപ്ലോയീസ് സഹകരണ സംഘങ്ങള്‍, അഗ്രികള്‍ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിക്ഷേപവും വായ്പയുമുള്ളവര്‍ക്ക് പുതിയ നിരക്കുകള്‍ ബാധകമാകും.
പുതിയ നിരക്കുകള്‍
രണ്ടു വര്‍ഷത്തിനു മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ 6.5 ശതമാനത്തില്‍നിന്നു 7% ആയി.
15 മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്കുള്ള പലിശ 4.75ല്‍നിന്ന് 5% ആക്കി.
3 മാസം (46 ദിവസം മുതല്‍ 90 ദിവസം വരെ) വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 5.25ല്‍നിന്നു 5.5% ആയി.
6 മാസം (91 ദിവസം മുതല്‍ 180 ദിവസം വരെ) വരെ നിക്ഷേപങ്ങള്‍ക്ക് 6% ആകും പലിശ.
ഒരു വര്‍ഷം (181 - 364 ദിവസം) വരെ നിക്ഷേപങ്ങളുടെ പലിശ 6.25% ആക്കി.
ഒരു വര്‍ഷത്തിനു മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 7% ആക്കി.
വിവിധ വായ്പകളുടെ പലിശ നിരക്കില്‍ 0.5% വരെ കുറവു വരുത്തി. വായ്പകളുടെ സ്വഭാവം അനുസരിച്ചാവും പലിശ.


Related Articles
Next Story
Videos
Share it