വാട്‌സ്ആപ്പിലൂടെ ബാങ്കിംഗ് എളുപ്പമാക്കാന്‍ സഹകരണ മേഖലയും
ഇടപാടുകാര്‍ക്ക് സേവനങ്ങള്‍ എളുപ്പമെത്തിക്കാന്‍ പുത്തന്‍ സാങ്കേതിക വിദ്യകളുടെ സഹായം തേടുകയാണ് സഹകരണ ബാങ്കുകളും. ന്യുജെന്‍ ബാങ്കുകളോട് പിടിച്ചു നില്‍ക്കാന്‍ ചെറുപട്ടണങ്ങളില്‍ പോലും സഹകരണ ബാങ്കുകള്‍ ഇപ്പോള്‍ പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി വരികയാണ്. സ്വന്തമായി എ.ടി.എമ്മുകള്‍ സ്ഥാപിച്ച് ഗ്രാമീണ മേഖലയിലെ സഹകരണ ബാങ്കുകള്‍ മല്‍സരത്തില്‍ ഒപ്പമുണ്ട്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ സര്‍വ്വീസ് സഹകരണ ബാങ്ക് ആരംഭിച്ച വാട്ആപ്പ് ബാങ്കിംഗും ഈ രംഗത്തെ പുതിയ ചുവടുവെപ്പാണ്. അമ്പതിനായിരത്തോളം വരുന്ന ഇടപാടുകാര്‍ക്ക് സേവനങ്ങള്‍ വേഗത്തിലെത്തിക്കാനാണ് ഈ സംവിധാനം.
മെസേജിലൂടെ എല്ലാം എളുപ്പം
ഒരു വാട്‌സ് ആപ്പ് സന്ദേശത്തിലൂടെ സ്വന്തം ബാങ്ക് അകൗണ്ടിന്റെ പൂര്‍ണ്ണവിവരം അറിയുന്നതിനും ഇടപാടുകള്‍ നടത്തുന്നതിനുമുള്ള സംവിധാനമാണ് പെരിന്തല്‍മണ്ണ സര്‍വ്വീസ് സഹകരണ ബാങ്ക് ഒരുക്കിയിരിക്കുന്നത്. മൂന്നു ബ്രാഞ്ചുകളിലായി ഇരുപതിനായിരത്തോളം മെമ്പര്‍മാര്‍ക്കും മറ്റ് വായ്പാ ഇടപാടുകാര്‍ക്കും ഈ സേവനം പ്രയോജനം ചെയ്യും. ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പരില്‍ നിന്നാണ് സന്ദേശം അയേക്കണ്ടത്. തുടര്‍ന്ന് ബാങ്കിന്റെ വിവിധ സേവനങ്ങളെകുറിച്ചുള്ള വിവരങ്ങള്‍ മറുപടിയായി ലഭിക്കും. അതുവഴി ആവശ്യമുള്ള സേവനങ്ങള്‍ തെരഞ്ഞെടുക്കാം.ഇടപാടുകാര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും വേഗത്തിലുള്ള ബാങ്കിംഗ് സാധ്യമാക്കുന്നതിനുമാണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്ന് ബാങ്ക് പ്രസിഡന്റ് പച്ചീരി ഫാറൂഖ് പറഞ്ഞു.അമ്പതിനായിരത്തോളം വരുന്ന ഉപഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ബാങ്ക് സെക്രട്ടറി സി.ശശിധരനും പറഞ്ഞു.
ഇടപാടുകള്‍ സുരക്ഷിതം
അക്കൗണ്ട് വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാക്കിയാണ് ഈ സംവിധാനം നടപ്പാക്കുന്നത്. അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പരില്‍ നിന്നുള്ള മെസേജുകള്‍ക്ക് മാത്രമാണ് ബാങ്ക് പ്രതികരിക്കുക. വിവരങ്ങളുടെ സ്വകാര്യത നഷ്ടപ്പെടാതിരിക്കാനുള്ള ഡിജിറ്റല്‍ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഫോണ്‍ നമ്പരില്‍ നിന്നുള്ള മിസ്ഡ് കാള്‍ സേവനത്തിന്റെ തുടര്‍ച്ചയായാണ് സഹകരണ ബാങ്ക് പുതിയ വാട്‌സ്ആപ്പ് സേവനം ആരംഭിച്ചിരിക്കുന്നത്.