മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡിന്റെ ക്രിസില്‍ റേറ്റിംഗ് എ പ്ലസിലേക്ക് ഉയര്‍ത്തി

രാജ്യത്തെ ഏറ്റവും വലിയ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡിന്റെ റേറ്റിംഗ് എ യില്‍നിന്ന് എ പ്ലസ്് ആയി ഉയര്‍ത്തി. കമ്പനിയുടെ അടിസ്ഥാന പ്രവര്‍ത്തനമേഖലയായ സ്വര്‍ണവായ്പ രംഗത്തെ മികച്ച പ്രകടനം കണക്കിലെടുത്താണ് റേറ്റിംഗ് ഉയര്‍ത്തിയിരിക്കുന്നത്. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ അവസാന മൂന്ന് പാദങ്ങളില്‍ കമ്പനിയുടെ സ്വര്‍ണ വായ്പ ബിസിനസ് എയുഎം 24 ശതമാനം വളര്‍ച്ചയാണ് നേടിയത്.

ബ്രാഞ്ച് ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്താന്‍ സാധിച്ചതും പ്രവര്‍ത്തനച്ചെലവ് ക്രമാനുഗതമായി കുറയ്ക്കുവാന്‍ സാധിച്ചതുമാണ് ക്രിസില്‍ റേറ്റിംഗ് ഉയര്‍ച്ചയ്ക്കു വഴിയൊരുക്കിയത്. കമ്പനിയുടെ മെച്ചപ്പെട്ട പണലഭ്യതയും ക്രിസില്‍ റേറ്റിംഗില്‍ പ്രതിഫലിക്കുന്നു.
മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മുത്തൂറ്റ് ക്യാപിറ്റല്‍, മുത്തൂറ്റ് മൈക്രോഫിന്‍, മുത്തൂറ്റ് ഹൗസിംഗ് ഫിനാന്‍സ് എന്നിവയാണ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിലെ നാല് ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങള്‍. പ്രധാനമായും സ്വര്‍ണവായ്പ, 2 വീലര്‍ വായ്പകള്‍, യൂസ്ഡ് കാര്‍ വായ്പകള്‍, ഭവനവായ്പകള്‍, ചെറുകിട ബിസിനസ് വായ്പകള്‍, മൈക്രോ സംരംഭ വായ്പകള്‍ എന്നീ മേഖലകളിലാണ് ഇവയുടെ പ്രവര്‍ത്തനം. സ്വര്‍ണ വായ്പ മേഖലയിലെ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ സ്ഥാനം ഉയര്‍ന്നുതന്നെ തുടരുമെന്നാണ് ക്രിസില്‍ റേറ്റിംഗ് സൂചിപ്പിക്കുന്നത്.
തങ്ങളുടെ നിക്ഷേപകരുടെയും ഉപയോക്താക്കളുടെയും ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതിന് ക്രിസിലിന്റെ റേറ്റിംഗ് ഉയര്‍ച്ച ഏറെ പ്രധാനവും സഹായകരവുമാണെന്ന് കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു. ഈ റേറ്റിംഗ് ഉയര്‍ച്ച കമ്പനിയുടെ റീട്ടെയില്‍, കോര്‍പ്പറേറ്റ് നിക്ഷേപകരുടെ എണ്ണം വര്‍ധിപ്പിക്കാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it