ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍; ഇതുവരെ പുറത്തിറക്കിയത് 1.71 കോടി രൂപ

ഏറെക്കാത്തിരുന്ന ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ കറന്‍സി(e-rupee) യുടെ ചില്ലറ ഇടപാടിന് തുടക്കമായി. റീറ്റെയ്ല്‍ മേഖലയിലെ ആദ്യ ഘട്ടമെന്നോണം പരീക്ഷണാടിസ്ഥാനത്തിലുള്ള ഇടപാടിനായി നാല് ബാങ്കുകള്‍ക്ക് 1.71 കോടി രൂപയാണ് റിസര്‍വ് ബാങ്ക് അനുവദിച്ചത്. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫെസ്റ്റ് ബാങ്ക് എന്നിവയുടെ നേതൃത്വത്തില്‍ മുംബൈ, ഡല്‍ഹി, ബെംഗളുരു, ഭുവനേശ്വര്‍ എന്നീ നാല് നഗരങ്ങളിലെ തിരഞ്ഞെടുത്ത സംഘങ്ങള്‍ക്കിടയിലാണ് ഇടപാട് നടത്തുന്നത്.

ചെറുകിട ഇടപാടുകാരുടെ ആവശ്യം, ബാങ്കുകളുടെ പണലഭ്യത എന്നിവ കണക്കിലെടുത്താകും കൂടുതല്‍ (ഡിജിറ്റല്‍ രൂപ)തുക അനുവദിക്കുക. കച്ചവടക്കാര്‍ - ഉപഭോക്താക്കള്‍ എന്നിവര്‍ക്കിടയിലും വ്യക്തിഗത ഉപയോഗത്തിനായും ഇ-രൂപ ഇടപാടുകള്‍ ആരംഭിച്ചിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ 50,000 കച്ചവടക്കാരെയും ഉപഭോക്താക്കളെയും ഇടപാടുകളില്‍ ഉള്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ഇ-രൂപ രണ്ടാം ഘട്ടത്തിലാിരിക്കും കൂടുതല്‍ പേരിലേക്ക് എത്തുക. തെരുവ് കച്ചവടക്കാര്‍ മുതല്‍ വന്‍കിട വ്യാപാരികള്‍വരെ ഇതില്‍ ഉള്‍പ്പെടും. ഭക്ഷ്യ വിതരണ ആപ്പുകളും വരുംദിവസങ്ങളില്‍ ഡിജിറ്റല്‍ രൂപ സ്വീകരിച്ചുതുടങ്ങും.

രണ്ടാംഘട്ടമായി രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ നാലു ബാങ്കുകളെക്കൂടി ഉള്‍പ്പെടുത്തും. ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് ചേരുക. അതോടൊപ്പം അഹമ്മദാബാദ്, ഗാംങ്ടോക്ക്, ഗ്വാഹട്ടി, ഹൈദരാബാദ്, ഇന്‍ഡോര്‍, ലക്നൗ, പട്ന, ഷിംല എന്നിവിടങ്ങളിലേയ്ക്കും ഇടപാട് വ്യാപിപ്പിക്കാനാണ് ലക്ഷ്യം. കേരളത്തില്‍ കൊച്ചിയിലാകും ഇതോടൊപ്പം എത്തുക.

Related Articles
Next Story
Videos
Share it