ഇന്റര്‍നെറ്റ് ഇല്ലെങ്കിലും പണമിടപാടുകള്‍ നടത്താം, കൂടുതല്‍ സ്വീകാര്യമാകുന്നു ഇ-റുപ്പി

ഫെബ്രുവരി എട്ടിന് മോണിറ്ററി പോളിസി അവലോകനത്തോടൊപ്പം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സംസാരിച്ച ആറ് പ്രധാനപ്പെട്ട വിഷയങ്ങളില്‍ ഒന്ന് ഡിജിറ്റല്‍ കറന്‍സി ആണ്. ഇ-റുപ്പി (e -rupee /e₹ ) എന്ന ചുരുക്കപ്പേരില്‍ അറിയുന്ന സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (CBDC) റീറ്റെയ്ല്‍ പേയ്‌മെന്റ് സംവിധാനത്തില്‍ ഓഫ്‌ലൈന്‍ (offline) സൗകര്യവും പ്രോഗ്രാമബിലിറ്റിയും (programmability) കൊണ്ട് വരും എന്നാണു ഗവര്‍ണര്‍ പ്രഖ്യാപിച്ചത്.

എന്താണ് ഇ-റുപ്പി?
ഇപ്പോള്‍ വ്യക്തികള്‍ തമ്മിലും വ്യക്തികളും സ്ഥാപനങ്ങളും തമ്മിലും സ്ഥാപനങ്ങള്‍ തമ്മില്‍ തമ്മിലും കൈമാറുന്ന കറന്‍സി നോട്ടുകള്‍ക്ക് പകരം ഡിജിറ്റല്‍ കറന്‍സി കൈമാറുന്ന പുതിയ സംവിധാനമാണ് ഇ-റുപ്പി. റിസര്‍വ് ബാങ്ക് തന്നെയാണ് ഇ-റുപ്പിയും ഇറക്കുന്നത്. നാം എടുത്തുപയോഗിക്കുന്ന സാധാരണ നോട്ടുകള്‍ക്ക് പകരം ടോക്കണ്‍ രൂപത്തിലുള്ള കറന്‍സിയാണ് ഇ-റുപ്പി. ഇത് മൊബൈലില്‍ സൂക്ഷിക്കാവുന്നതും പേഴ്‌സില്‍ നിന്നും നോട്ടുകള്‍ എടുത്ത് കൈമാറ്റം ചെയ്യുന്നതുപോലെ ടോക്കണ്‍ രൂപത്തില്‍ മൊബൈല്‍ വഴി കൈമാറ്റം ചെയ്യാവുന്നതുമാണ്. 2022 ഡിസംബര്‍ ഒന്നിനാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഡിജിറ്റല്‍ കറന്‍സി നടപ്പിലാക്കിയത്.
ഇ റുപ്പി-റീടൈലും ഹോള്‍സെയ്‌ലും
ഇടപാടുകളുടെ സ്വഭാവമനുസരിച്ച് ഇ-റുപ്പി രണ്ടു രീതിയില്‍ ആണ് ഉദ്ദേശിച്ചിട്ടുള്ളത്. ഒന്ന് ഇ-റുപ്പി റീറ്റെയ്ല്‍ (CBDC-R). ഇത് വ്യക്തികള്‍ തമ്മിലും വ്യക്തികളും സ്ഥാപനങ്ങള്‍ തമ്മിലും സ്ഥാപനങ്ങള്‍ തമ്മില്‍ തമ്മിലും ഉള്ള പണമിടപാടിന് ഉദ്ദേശിച്ചിട്ടുള്ളതാണ്. ടോക്കണ്‍ രൂപത്തിലാണ് ഇവിടെ ഡിജിറ്റല്‍ റുപ്പി ലഭിക്കുക. ബാങ്ക് അക്കൗണ്ട് വേണ്ട. ഇ-വാലറ്റ് (e -wallet) വഴി മൊബൈലില്‍ ആണ് പണം സൂക്ഷിക്കുക. പാസ്‌വേഡ്‌ ഉപയോഗിച്ച് പണം കൈമാറാം.
റിസര്‍വ് ബാങ്ക്, പൊതുമേഖല ബാങ്കുകള്‍, സ്വകാര്യബാങ്കുകള്‍ എന്നിവയുടെയെല്ലാം ഇടപാടുകള്‍ക്കാണ് (inter bank settlements) ഇ റുപ്പി ഹോള്‍സൈല്‍ (CBDC -W). ഇത് അക്കൗണ്ട് വഴിയായിരിക്കും (Account based) നടക്കുക. രണ്ടു രീതിയിലാണ് ഇവിടെ കറന്‍സിയുടെ നിയന്ത്രണം ഉദ്ദേശിക്കുന്നത്. ഇ-റുപ്പി ഇറക്കുന്നതു മുതല്‍ ഉപയോഗവും കണക്കു സൂക്ഷിക്കുന്നതും അടക്കം ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും റിസര്‍വ് ബാങ്ക് തന്നെ നേരിട്ട് നോക്കുന്ന (single tier direct model) രീതിയാണ് ഒന്ന്. മറ്റൊന്ന്, റിസര്‍വ് ബാങ്ക് ഇ റുപ്പി ബാങ്കുകള്‍ക്ക് നല്‍കും. ബാങ്കുകളായിരിക്കും തുടര്‍ന്നുള്ള വിതരണവും മറ്റും കൈകാര്യം ചെയ്യുക (two tier indirect model). രാജ്യാന്തര ഇടപാടുകള്‍ അടക്കം (cross border settlements) കൈകാര്യം ചെയ്യാന്‍ ഇ-റുപ്പി ലക്ഷ്യമിടുന്നു.
ഇ-റുപ്പിയും ക്രിപ്‌റ്റോ കറന്‍സിയും
ഇ-റുപ്പിയും ക്രിപ്‌റ്റോ കറന്‍സിയും ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി തന്നെയാണ് ഉപയോഗിക്കുന്നത്. ഇത് മാത്രമാണ് ഇവ തമ്മിലുള്ള സാമ്യം.
ഇ-റുപ്പി കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും മേല്‍നോട്ടത്തില്‍ നിയമം മൂലം ഇറക്കുന്ന കറന്‍സിയാണ്. ഇത് പൂര്‍ണമായും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്. സാധാരണ കറന്‍സി എന്നപോലെ ഇ-റുപ്പിയും ലീഗല്‍ ടെന്‍ഡര്‍ ആണ്. ഇതിന് റിസര്‍വ് ബാങ്ക് ഗ്യാരന്റി ഉണ്ട്. രാജ്യത്തിന്റെ സാമ്പത്തിക നയ രൂപീകരണത്തിലും വളര്‍ച്ചയിലും ഇ-റുപ്പി, സാധാരണ കറന്‍സി എന്ന വിധം പ്രാധാന്യം അര്‍ഹിക്കുന്നു. എന്നാല്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാട് റിസര്‍വ് ബാങ്കിന്റെ അനുവാദം മൂലമല്ല നടക്കുന്നത്. അത് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലും അല്ല. അതിന് രാജ്യത്തിന്റെയോ റിസര്‍വ് ബാങ്കിന്റെയോ ഗ്യാരന്റിയില്ല. ക്രിപ്‌റ്റോ കറന്‍സിയുടെ വിനിമയം രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയുടെ പുറത്താണ്. രാജ്യ പുരോഗതിക്ക് ക്രിപ്‌റ്റോ കറന്‍സിയുടെ ഉപയോഗവും വിനിമയവും ഒരു തരത്തിലും ഗുണം ചെയ്യുന്നില്ല. ഇന്ത്യയില്‍ ഇതുവരെയും ക്രിപ്‌റ്റോ കറന്‍സി അംഗീകരിച്ചിട്ടില്ല. അതിനാല്‍ ക്രിപ്‌റ്റോ കറന്‍സിയിലുള്ള ഇടപാടുകളില്‍ വരുന്ന ബുദ്ധിമുട്ടുകളുടെ
ഉത്തരവാദിത്വം
സ്വന്തം നിലയില്‍ തന്നെ ഏറ്റെടുക്കേണ്ടതുണ്ട്.
ഇ-റുപ്പിയുടെ മെച്ചം എന്താണ്?
അച്ചടിച്ച കറന്‍സിയുടെ ഉപയോഗം കുറച്ചു കൊണ്ട് വരുന്ന ഒരു ലോക വ്യവസ്ഥയിലാണ് നാമിന്ന് ജീവിക്കുന്നത്. കറന്‍സി സൂക്ഷിക്കുക, കൊണ്ട് നടക്കുക എന്നിവയെല്ലാം പഴയ ശീലങ്ങളാണ്. സാങ്കേതിക വിദ്യയുടെ വളര്‍ച്ച പണമിടപാടുകള്‍ എളുപ്പവും സൗകര്യപ്രദവും വേഗത്തിലും ആക്കിയിരിക്കുകയാണ്. IMPS, NEFT, RTGS എന്നിവയില്‍ നിന്നെല്ലാം വളര്‍ന്ന്, വാക്കാല്‍ ഉള്ള സമ്മതം വഴിയും മിസ്സ്ഡ് കോള്‍ വഴിയും എല്ലാം പണംകൈമാറ്റം ചെയ്യാന്‍ ഇപ്പോള്‍ കഴിയുന്നു. UPI യുടെ വരവ് പണം കൈമാറ്റ രംഗത്ത് വലിയ വിപ്ലവമാണ് കൊണ്ട് വന്നത്. UPI ആപ്ലിക്കേഷന്‍ വഴി ഒരാള്‍ക്ക് ഏത് ബാങ്കിലേയും ഇടപാടുകള്‍ നടത്താം (inter operability) എന്നത് ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്ത് കൂടുതല്‍ സൗകര്യം കൊണ്ടുവന്നു. ഈ ദിശയില്‍ ഉള്ള പുതിയ കാല്‍വെയ്പാണ് ഇ-റുപ്പി.
നിലവിലുള്ള ഒരു സംവിധാനവും ഇ-റുപ്പി ഇല്ലാതാക്കുന്നില്ല. അവയുടെ കൂടെ കൂടുതല്‍ സൗകര്യപ്രദമായ പുതിയൊരു പണം കൈമാറ്റരീതി ആണ് ഇ-റുപ്പി വഴി സാധ്യമാകുന്നത്. ബാങ്ക് അക്കൗണ്ടുകള്‍ ഇല്ലാത്ത ധാരാളം പേര്‍ ഇപ്പോഴും രാജ്യത്തുണ്ട്. അവരെയും കൂടി പണമിടപാടുകളില്‍ പുതിയ ലോക വ്യവസ്ഥയുടെ ഭാഗമാക്കാന്‍ ഇ-റുപ്പിക്ക് കഴിയും. ബാങ്ക് അക്കൗണ്ട് കൂടാതെ ഇ-വാലറ്റ് വഴി പണം സ്വീകരിക്കാനും കൊടുക്കാനും കഴിയുന്നു എന്നതാണ് ഇ-റുപ്പിയെ നിലവിലുള്ള സൗകര്യങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഓഫ്‌ലൈന്‍ (off line) സംവിധാനം വഴിയും ഇ-റുപ്പി ഇടപാടുകള്‍ നടത്താം. ഇന്റര്‍നെറ്റ് സംവിധാനം ഇല്ലാത്തതോ, ഇന്റര്‍നെറ്റിന്റെ കണക്ടിവിറ്റി ശക്തമല്ലാത്തതോ ആയ സ്ഥലങ്ങളിലും ഇ-റുപ്പി ഉപയോഗിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ മെച്ചം. മാത്രമല്ല, മുന്‍കൂട്ടി നിശ്ചയിക്കുന്ന ലക്ഷ്യങ്ങളിലേക്ക് മാത്രമായി ഇ-റുപ്പിയുടെ വിതരണവും ഉപയോഗവും നിജപ്പെടുത്താനുള്ള (programmability) ശേഷിയും ഇ-റുപ്പിക്കുണ്ട്.
സമ്പദ്‌
വ്യവസ്ഥയെ കാര്യക്ഷമമാക്കാനും സുതാര്യവും സുരക്ഷയും സംശുദ്ധവും വിശ്വാസ്യവുമായ ഒരു സംവിധാനത്തിലേക്കുള്ള യാത്ര ശക്തിപ്പെടുത്താനും ഇ-റുപ്പിക്ക് കഴിയും.
ഇതിനെല്ലാം പുറമെ കറന്‍സിയുടെ അച്ചടിയിലും സൂക്ഷിപ്പിലും വിതരണത്തിലും മറ്റും വരുന്ന വലിയ ചെലവുകള്‍ ഒഴിവാക്കാന്‍ ഇ-റുപ്പിയുടെ ഉപയോഗം സഹായിക്കും.
ചെറിയ തുകകളുടെ കൈമാറ്റത്തിന് രേഖയൊന്നും സൂക്ഷിക്കില്ല എന്നത് സാധാരണ കറന്‍സി കൈകാര്യം ചെയ്യുമ്പോള്‍ ഉള്ള സ്വകാര്യത ഇ-റുപ്പിയുടെ കാര്യത്തിലും ഉറപ്പു നല്‍കുന്നു. ഇന്ത്യന്‍ കറന്‍സി ലഭിക്കുന്ന എല്ലാ മൂല്യങ്ങളിലും (denomination) ഇ-റുപ്പിയും ലഭ്യമാകും. അതിനാല്‍ പണം അയക്കാനോ സ്വീകരിക്കാനോ എളുപ്പമാണ്. UPI നല്‍കുന്ന ഇന്റര്‍ ഓപറബിലിറ്റി സൗകര്യവും ഇപ്പോള്‍ റുപ്പി ഇടപാടില്‍ ലഭ്യമാണ്. ഇതുവഴി QR കോഡ് ഉപയോഗിച്ചും ഇ-റുപ്പി വാലെറ്റില്‍ നിന്ന് പണം കൊടുക്കാവുന്നതാണ്.
സ്വീകാര്യത കൂടുന്നു
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള തെരെഞ്ഞെടുത്ത ബാങ്കുകളും കച്ചവടക്കാരും ഇടപാടുകാരും ആണ് ഇപ്പോള്‍ ഇ-റുപ്പിയുടെ പൈലറ്റ് പ്രോജക്ടില്‍ ഉള്ളത്. ഈ ശൃംഖല ക്രമേണ വലുതായിക്കൊണ്ടിരിക്കുകയാണ്. ബാങ്കുകള്‍ കൂടാതെ 5,000ല്‍ പരം കച്ചവടക്കാരും 50,000ല്‍ കൂടുതല്‍ ഇടപാടുകാരും ഇപ്പോള്‍ ഇ-റുപ്പി ഉപയോഗിക്കുന്നുണ്ട്. ഇ-റുപ്പി റീറ്റെയ്ല്‍, ദിവസം 10 ലക്ഷം ഇടപാടുകള്‍ എന്ന ലക്ഷ്യം 2023 ഡിസംബറില്‍ കൈവരിച്ചു. ഇ-റുപ്പിയുടെ സ്വീകാര്യതയില്‍ കാണുന്ന ഈ മുന്നേറ്റം ഈ സംവിധാനം കൂടുതല്‍ ഊന്നലോടെ കൊണ്ടുപോകാന്‍ റിസര്‍വ് ബാങ്കിന് ആത്മവിശ്വാസം നല്‍കുന്നു.
Babu K A
Babu K A - Banking and Financial Expert  

Related Articles

Next Story

Videos

Share it