Begin typing your search above and press return to search.
നിക്ഷേപിക്കാം ഹരിത എഫ്.ഡിയില്‍; പ്രകൃതിസംരക്ഷണത്തിന് കൈകോര്‍ക്കാം
പ്രകൃതിസൗഹൃദമായ വ്യവസായ-വാണിജ്യപദ്ധതികള്‍ക്ക് വായ്പാ സഹായം ഉറപ്പാക്കാനായി റിസര്‍വ് ബാങ്ക് ആവിഷ്‌കരിച്ച ഗ്രീന്‍ ഡെപ്പോസിറ്റ് (ഹരിത നിക്ഷേപം) പദ്ധതിയുടെ മാനദണ്ഡങ്ങള്‍ നിലവില്‍ വന്നു. സ്ഥിരനിക്ഷേപത്തിന് (എഫ്.ഡി) ശ്രമിക്കുന്ന ഇടപാടുകാര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ ഇനി ഗ്രീന്‍ എഫ്.ഡി തിരഞ്ഞെടുക്കാം. ഇതുവഴി ലഭിക്കുന്ന നിക്ഷേപങ്ങള്‍ ബാങ്കുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളും പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്കും പരിസ്ഥിതി സൗഹൃദമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും വായ്പ നല്‍കാന്‍ മാത്രമേ ഉപയോഗിക്കാവൂ. ഹരിത നിക്ഷേപങ്ങളില്‍ നിന്നുള്ള പണം ഏത് പദ്ധതിക്കാണ് വായ്പയായി നല്‍കിയതെന്ന് ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും റിസര്‍വ് ബാങ്കിനെ അറിയിക്കുകയും വേണം.
ഹരിത നിക്ഷേപങ്ങള്‍
ഗ്രീന്‍ ഡെപ്പോസിറ്റ് അല്ലെങ്കില്‍ ഗ്രീന്‍ എഫ്.ഡി പദ്ധതി കഴിഞ്ഞ ഏപ്രിലിലാണ് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. ഐക്യരാഷ്ട്ര സഭയുടെ (യു.എന്‍) സുസ്ഥിര വികസന ലക്ഷ്യത്തിന് പിന്തുണയുമായാണിത്.
അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കാത്ത, കുറഞ്ഞ അളവില്‍ കാര്‍ബണ്‍ പുറന്തള്ളുന്ന, കാലാവസ്ഥയ്ക്ക് ദോഷം ചെയ്യാത്ത പദ്ധതികൾക്കും കമ്പനികൾക്കും വായ്പാ പിന്തുണ ഉറപ്പാക്കുകയാണ് ഇതിലൂടെ റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നത്. പ്രകൃതി സംരക്ഷണത്തിലൂന്നി പ്രവര്‍ത്തിക്കാത്ത കമ്പനികള്‍ക്ക് ഗ്രീന്‍ ഡെപ്പോസിറ്റില്‍ നിന്നുള്ള പണം വായ്പയായി നല്‍കാന്‍ പാടില്ല.
സ്ഥിരനിക്ഷേപ പദ്ധതി
സ്ഥിരനിക്ഷേപ (എഫ്.ഡി) പദ്ധതി തന്നെയാണ് ഗ്രീന്‍ ഡെപ്പോസിറ്റുകളും. സാധാരണ എഫ്.ഡി നിരക്കിനേക്കാള്‍ അല്‍പം ഉയര്‍ന്ന പലിശനിരക്കാണ് ബാങ്കുകളും ബാങ്കിതര ധനകാര്യസ്ഥാപനങ്ങളും (എന്‍.ബി.എഫ്.സി) ഗ്രീന്‍ എഫ്.ഡിക്ക് വാഗ്ദാനം ചെയ്യുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50 ശതമാനം അധിക പലിശയും നേടാം.
സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്.എസ്.ബി.സി., എച്ച്.ഡി.എഫ്.സി ബാങ്ക്, യൂണിയന്‍ ബാങ്ക് തുടങ്ങിയവയില്‍ ഗ്രീന്‍ എഫ്.ഡി ആരംഭിക്കാവുന്നതാണ്. 6.50 മുതല്‍ ഏഴ് ശതമാനം വരെ പലിശനിരക്കാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വാഗ്ദാനമെന്ന് ബാങ്കിന്റെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നു. എച്ച്.ഡി.എഫ്.സി ബാങ്ക് 7 ശതമാനത്തിനുമേല്‍ പലിശ നല്‍കും.
ഏതൊക്കെ പദ്ധതികള്‍ക്ക് പ്രയോജനം?
പുനരുപയോഗിക്കാവുന്ന ഊര്‍ജം, ഹരിത ഗതാഗതം, സുസ്ഥിര ഭക്ഷണം, കൃഷി, വനം, മാലിന്യ സംസ്‌കരണം, ഹരിത കെട്ടിടങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കാണ് ഗ്രീന്‍ എഫ്.ഡിയില്‍ നിന്നുള്ള പണം വിനിയോഗിക്കുക.
Next Story
Videos