ഇസാഫ് ബാങ്കിന് ആദ്യപാദത്തില്‍ 130 കോടി രൂപ ലാഭം; 23% വളര്‍ച്ച

തൃശൂര്‍ ആസ്ഥാനമായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 2023-24 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 129.96 കോടി രൂപയുടെ ലാഭം നേടി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ 105.97 കോടി രൂപയില്‍ നിന്നും 22.64 ശതമാനമാണ് വര്‍ധന.

അറ്റ പലിശ വരുമാനത്തില്‍ പുരോഗതി കൈവരിച്ചു. ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ അറ്റ പലിശ വരുമാനം 30.46% വര്‍ധനയോടെ 585.45 കോടി രൂപയിലെത്തി. ബാങ്കിന്റെ മികച്ച വായ്പാ വിതരണ സംവിധാനവും പലിശ നിരക്കുമാണ് വളര്‍ച്ചയ്ക്ക് കരുത്തു പകര്‍ന്നത്.
വായ്പയും നിക്ഷേപവും
വായ്പാ വിതരണത്തിലും വലിയ പുരോഗതിയാണ് കൈവരിച്ചത്. കൈകാര്യം ചെയ്യുന്ന വായ്പകളുടെ മൂല്യം 35.08% വര്‍ധിച്ച് 17,203 കോടി രൂപയിലെത്തി.
ബാങ്കിന്റെ മൊത്തം നിക്ഷേപങ്ങള്‍ 16.33% വര്‍ധിച്ച് 15,656 കോടി രൂപയിലെത്തി. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തികളും നിലവാരം മെച്ചപ്പെടുത്തി.
നിഷ്‌ക്രിയ ആസ്തി കുറഞ്ഞു
നിഷക്രിയ ആസ്തി (കിട്ടാക്കടം) വന്‍ തോതില്‍ കുറയ്ക്കാന്‍ സാധിച്ചത് ഇസാഫ് ബാങ്കിന് വലിയ നേട്ടമായിട്ടുണ്ട്. ഒന്നാം പാദത്തിലെ മൊത്ത നിഷ്‌ക്രിയ ആസ്തി (ജി.എന്‍.പി.എ/GNPA) 237.61 കോടി രൂപയും അറ്റ നിഷ്‌ക്രിയ ആസ്തി (എന്‍.എന്‍.പി.എ/MNPA) 115.61 കോടി രൂപയുമാണ്. മുന്‍ സാമ്പത്തിക വര്‍ഷം ഇത് യഥാക്രമം 734.36 കോടി രൂപയും 439.42 കോടി രൂപയുമായിരുന്നു. ബാങ്കിന്റെ മികവുറ്റ ആസ്തി ഗുണനിലവാര മാനേജ്മെന്റ് നടപടികള്‍ മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 1.65 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം 0.81 ശതമാനമായും കുറച്ചു കൊണ്ടുവരാന്‍ സഹായിച്ചു.
ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം 20.56 ശതമാനമാണ്. ഇത് മികച്ച മൂലധന സ്ഥിതിയെ സൂചിപ്പിക്കുന്നു. പ്രതി ഓഹരി വരുമാനം 2.36 രൂപയില്‍ നിന്ന് 2.89 രൂപയായും വര്‍ധിച്ചു.
മികവുറ്റ പ്രവര്‍ത്തന ഫലങ്ങള്‍ വിവേകപൂര്‍ണ്ണമായ ബാങ്കിങ്ങിനോടുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതും ഉപഭോക്താക്കള്‍ക്ക് മൂല്യം നല്‍കുന്നതുമാണെന്ന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ. പോള്‍ തോമസ് പറഞ്ഞു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it