ഇനി പങ്കാളിത്തത്തിലൂടെ വളരും കാലം

കോവിഡ് ഉണ്ടാക്കിയ ആഘാതത്തിനു ശേഷം രാജ്യം മുന്നേറുകയാണ്. എന്നിരുന്നാലും ദിവസ വേതനക്കാരായ സാധാരണക്കാര്‍ എടുത്തിരുന്ന വായ്പകള്‍ പുനഃക്രമീകരിക്കപ്പെട്ടതാണെങ്കില്‍ പോലും തിരിച്ചടവ് ഇപ്പോഴും പ്രശ്നത്തിലാണ്. അതേസമയം ആഗോളതലത്തില്‍ വന്‍ കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ ശക്തമായ സൂചനകളാണിതൊക്കെ. പക്ഷേ ഇന്ത്യയിലെ കാര്യം വ്യത്യസ്തമാണ്.

മുന്‍ഗണനാ മേഖലയ്ക്ക് 75% വായ്പകള്‍

നമ്മുടെ ജനസംഖ്യ തന്നെയാണ് നമ്മുടെ കരുത്ത്. ആഭ്യന്തര തലത്തില്‍ തന്നെ ആവശ്യക്കാരുണ്ട്. ഇന്ത്യന്‍ ബാങ്കുകളുടെ വായ്പാ വിതരണത്തിലും ഉണര്‍വുണ്ട്. സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പറ്റിയ ബാങ്കിംഗ്, ധനകാര്യ സേവന സംവിധാനം ഇന്ത്യയിലുണ്ട്. ഇസാഫ് പോലുള്ള സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ 75 ശതമാനത്തോളം വായ്പകള്‍ മുന്‍ഗണനാ മേഖലയിലാണ് നല്‍കുന്നത്. മറ്റു ബാങ്കുകള്‍ അധികം കടന്നുചെല്ലാത്തിടത്തും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട് തന്നെ സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്ക് പ്രത്യേക പരിഗണനയ്ക്ക് അര്‍ഹതയുണ്ടെങ്കില്‍ പോലും അതിപ്പോള്‍ ലഭിക്കുന്നില്ല.

പങ്കാളിത്തത്തിലൂടെ വളര്‍ച്ച

ശാഖകള്‍ കുറച്ച് ബാങ്കുകളുടെ പ്രവര്‍ത്തനം ഡിജിറ്റല്‍ രീതിയിലേക്ക് മാറുമെന്ന് പറയുമ്പോള്‍ തന്നെ വന്‍കിട ബാങ്കുകളും വലിയ തോതില്‍ പുതിയ ശാഖകള്‍ തുറന്നുവരികയാണ്. മാനുഷിക ഇടപെടല്‍ ബാങ്കിംഗ് രംഗത്ത് വരും കാലത്തും അനിവാര്യമായിരിക്കും. ബാങ്കുകള്‍ ഫിന്‍ടെക് സ്ഥാപനങ്ങളുമായി ചേര്‍ന്ന് സേവനങ്ങള്‍ കൂടുതല്‍ പേരിലേക്ക് വേഗത്തിലെത്തിക്കുന്നു. അതുപോലെ തന്നെ കോ-ലെന്‍ഡിംഗ് വ്യാപകമാകുന്നു.

വന്‍കിട ബാങ്കുകള്‍ എന്‍.ബി.എഫ്.സികളുമായി ചേര്‍ന്നാണ് സമൂഹത്തിലെ വിവിധ തട്ടിലുള്ളവരിലേക്ക് സഹായങ്ങള്‍ എത്തിക്കുന്നത്. ഒപ്പം തന്നെ റോബോട്ടിക്സ്, മെഷീന്‍ ലേണിംഗ്, ഡാറ്റ അനലിറ്റിക്സ്, നിര്‍മിത ബുദ്ധി(എ.ഐ) എന്നിവയെല്ലാം സാധ്യമായിടത്തെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങള്‍, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ബിസിനസ് കറസ്പോണ്ടന്റ്സുകള്‍ വഴിയും അസിസ്റ്റഡ് ഡിജിറ്റല്‍ സേവനങ്ങളിലൂടെയുമാണ് സമൂഹത്തിന്റെ താഴേതട്ടിലേക്ക് ഇറങ്ങിച്ചെല്ലുന്നത്.

ഇന്ത്യന്‍ ജി.ഡി.പിയില്‍ മുഖ്യ സംഭാവന നല്‍കുന്ന കാര്‍ഷിക ഗ്രാമീണ മേഖലയില്‍ ഇപ്പോഴും ബാങ്കുകളുടെ വായ്പാ വിതരണം മതിയായ തോതില്‍ ഉയര്‍ന്നിട്ടില്ല. ഇസാഫ് ബാങ്ക് പോലുള്ള സ്ഥാപനങ്ങള്‍ക്ക് മുന്നിലെ അവസരവും അതൊക്കെയാണ്. ഡിജിറ്റലായും ഫിസിക്കലായും ബാങ്കിംഗ് സേവനങ്ങള്‍ ആവശ്യമായവരിലേക്ക് എത്തുന്നതിനൊപ്പം എന്റര്‍പ്രണര്‍ഷിപ്പ് ആക്സിലേറ്റര്‍ പ്രോഗ്രാം പോലുള്ള നൂതനമായ പദ്ധതികളിലൂടെ സമൂഹത്തില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനുമാണ് ഇസാഫിന്റെ ശ്രമം.

Related Articles
Next Story
Videos
Share it