മികച്ച പ്രതികരണം നേടി ഇസാഫ് ബാങ്ക് ഐ.പി.ഒ; നവംബര്‍ 16ന് ഓഹരി ലിസ്റ്റ് ചെയ്യും

തൃശൂര്‍ ആസ്ഥാനമായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐ.പി.ഒ) നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണം. ബിഡിംഗിന്റെ അവസാന ദിവസമായ ചൊവ്വാഴ്ച ഐ.പി.ഒ 73.15 മടങ്ങ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു.

463 കോടി രൂപയാണ് ഐ.പി.ഒയിലൂടെ ബാങ്ക് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. ഓഹരിയൊന്നിന് 57-60 രൂപ നിരക്കിലായിരുന്നു വില്‍പ്പന. ഏറ്റവും കുറഞ്ഞത് 250 ഓഹരികള്‍ക്കായിരുന്നു അപേക്ഷിക്കാനാകുന്നത്. ഐ.പി.ഒയുടെ 75 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ക്കും (HNIs) 10 ശതമാനം ചെറുകിട നിക്ഷേപകര്‍ക്കും സംവരണം ചെയ്തിരുന്നു. 1.25 കോടി രൂപയുടെ ഓഹരികള്‍ ബാങ്കിന്റെ ജീവനക്കാര്‍ക്കും മാറ്റിവച്ചിരുന്നു.
ക്യു.ഐ.ബി സബ്‌സ്‌ക്രിപ്ഷന്‍ 173.52 മടങ്ങ്
യോഗ്യരായ സ്ഥാപനങ്ങളുടെ (Qualified Institutional Buyers/QIB) വിഹിതം 173.52 മടങ്ങും സ്ഥാപന ഇതര നിക്ഷേപകരുടെ വിഹിതം 84.37 മടങ്ങും സബ്‌സ്‌ക്രൈബ് ചെയ്തു. റീറ്റെയ്ല്‍ നിക്ഷേപകരുടെ വിഹിതം 16.97 മടങ്ങും ജീവനക്കാരുടെ വിഹിതം 4.36 മടങ്ങുമാണ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്.
നവംബര്‍ 10ഓടെ അര്‍ഹരായ നിക്ഷേപകര്‍ക്കുള്ള ഓഹരികള്‍ വകയിരുത്തും. അവരുടെ ഡിമാറ്റ് അക്കൗണ്ടിലേക്ക് നവംബര്‍ 15ഓടെ ഓഹരികള്‍ ലഭ്യമാക്കുകയും ചെയ്യും. നവംബര്‍ 16ന് ഇസാഫ് ബാങ്ക് ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യും. അന്നു മുതല്‍ ഓഹരി വിപണിയില്‍ ഇസാഫിന്റെ ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും കഴിയും.
Related Articles
Next Story
Videos
Share it