പണയം വെച്ച സ്വര്‍ണാഭരണങ്ങള്‍ പണയ തുകയും പലിശയും അടച്ച് തീര്‍ത്താല്‍ തിരിച്ചു തരാതിരിക്കുന്നത് ശരിയാണോ?
ഇന്ത്യന്‍ കോണ്‍ട്രാക്ട് ആക്ടിന്റെ (The Indian Contract Act, 1872) 172 ആം വകുപ്പിലാണ് പണയം (pledge) എന്താണെന്ന് വ്യക്തമാക്കിയിട്ടുള്ളത്. അതനുസരിച്ച് കടം വാങ്ങുന്ന തുകയ്ക്ക് സാധനങ്ങളോ വസ്തുക്കളോ കടം നല്‍കുന്നയാളിന് ഈടായി നല്‍കുന്നതിനെയാണ് പണയം എന്ന് പറയുന്നത്. ഇവിടെ സാധനങ്ങളോ വസ്തുക്കളോ അങ്ങനെ തന്നെ കൈവശം കൊടുക്കും. (ചില സന്ദര്‍ഭങ്ങളില്‍ വസ്തു അങ്ങനെ തന്നെ കൈവശം കൊടുക്കാത്ത പണയവും ഉണ്ട്. സ്വര്‍ണപ്പണയത്തിന്റെ കാര്യത്തില്‍ പണയ വസ്തു കൈവശം കൊടുക്കുക തന്നെ വേണം).
കൈവശാവകാശം മാത്രമേ മാറുന്നുള്ളൂ. പണയം വെച്ച് കഴിഞ്ഞാലും സ്വര്‍ണാഭരണത്തിന്റെ ഉടമസ്ഥന്‍ പണയം വെക്കുന്ന ആള്‍ തന്നെയാണ്. പണയം മുതലും പലിശയും അടച്ച് അവസാനിപ്പിക്കുമ്പോൾ പണയ വസ്തു തിരിച്ച് നല്‍കണം എന്നതാണ് വ്യവസ്ഥ. ഇത് ഭവന വായ്പ എടുക്കുമ്പോള്‍ വീട് ഈട് നല്‍കുന്നത് പോലെയല്ല. ഭവന വായ്പയില്‍ വസ്തു ഈട് നല്‍കുന്നുണ്ടെങ്കിലും വസ്തു ഇരിക്കുന്നത് കടം എടുത്ത ആളുടെ കൈവശത്തില്‍ തന്നെയാണ്.
സ്വര്‍ണ പണയത്തില്‍, സ്വര്‍ണാഭരണങ്ങള്‍ ബാങ്കിന്റെ കൈവശത്തില്‍ നല്‍കുകയാണ്. ഇതാണ് ഇത് രണ്ടും തമ്മിലുള്ള ഒരു വിത്യാസം, നിയമത്തിന്റെ മുമ്പില്‍ വീട് ഈട് നല്‍കുന്നത് വസ്തു കൈമാറ്റ നിയമത്തിന്റെ (The Transfer of Property Act, 1882) ഉള്ളിലും സ്വര്‍ണം പണയം വെക്കുന്നത് ഇന്ത്യന്‍ കോണ്‍ട്രാക്ട് ആക്ടിന്റെ പരിധിയിലുമാണ് എന്നതാണ്.
പണയത്തിലിരിക്കെ പണയ വസ്തുവിന് കേടുപാടുകള്‍ സംഭവിച്ചാല്‍?
പണയ വസ്തു കടം നല്‍കുന്നയാളിന്റെ കൈവശത്തിലേക്ക് നല്‍കുന്നത് ഒരു കരാറിന്റെ അടിസ്ഥാനത്തിലാകണം. പണയ വസ്തുക്കള്‍ ശ്രദ്ധയോടെ സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്തമാണ്. ബാങ്കിന്റെ കൈവശത്തിലിരിക്കെ പണയ വസ്തുവിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ അത് തീര്‍ത്ത് കൊടുക്കുവാന്‍ ബാങ്കിന് ഉത്തരവാദിത്തമുണ്ട്. പണയ വസ്തു നഷ്ടപ്പെട്ടാല്‍ അതിനും ബാങ്ക് തന്നെയാണ് ഉത്തരവാദി. കടം തീര്‍ക്കുമ്പോള്‍ ഈട് വസ്തു തിരികെ നല്‍കണം എന്നതും പണയത്തിന്റെ അടിസ്ഥാന പ്രമാണമാണ്.
കരാറനുസരിച്ച് കടം തീര്‍ത്തില്ലെങ്കില്‍ പണയം വെച്ചയാളിനെ രേഖാമൂലം അറിയിച്ചതിനുശേഷം പണയ വസ്തു വിറ്റു കടം തീര്‍ക്കുവാന്‍ ഉള്ള അവകാശം ബാങ്കിനുണ്ട്. അതനുസരിച്ചാണ് ബാങ്കുകള്‍ പണയം വെച്ചയാള്‍ക്ക് നോട്ടീസ് നല്‍കിയതിന് ശേഷം സ്വര്‍ണം ലേലം ചെയ്ത് വില്കുന്നത്. നോട്ടീസ് നല്കിയെന്നാലും സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നതിന് മുന്‍പ് എപ്പോള്‍ വേണമെങ്കിലും പണമടച്ച് ആഭരണം തിരിച്ചെടുക്കാവുന്നതാണ്.
കടം തീര്‍ത്താല്‍ സ്വര്‍ണം തിരിച്ചു തരാതിരിക്കാന്‍ എന്തവകാശം?
കടം മുതലും പലിശയും തിരിച്ചടച്ചാല്‍ ആഭരണങ്ങള്‍ തിരിച്ച് നല്‍കുമെന്നാണ് പണയ കരാറെങ്കിലും ചില അവസരങ്ങളില്‍ പണയ തുക തിരിച്ചടച്ചാലും ആഭരണങ്ങള്‍ തിരിച്ചു തരില്ല എന്ന നിലപാട് ബാങ്കുകള്‍ എടുക്കാറുണ്ട്. ഇന്ത്യന്‍ കോണ്‍ട്രാക്ട് ആക്ടിന്റെ 171 വകുപ്പ് അനുസരിച്ച് ബാങ്കുകള്‍ക്ക് (Factors തുടങ്ങിയ മറ്റു ചിലര്‍ക്കും) നല്‍കിയിരിക്കുന്ന പ്രത്യേക അവകാശമനുസരിച്ചാണ് (Bankers' General Lien) ഇത് ചെയ്യുന്നത്.
ഈ വകുപ്പനുസരിച്ച് ബാങ്കിന്റെ കൈവശത്തില്‍ നിയമപരമായി എത്തിപ്പെട്ടിട്ടുള്ള ഏതൊരു ഈട് വസ്തുവും (ഇത് സ്വര്‍ണമാകട്ടെ, മറ്റു വായ്പകള്‍ക്ക് നല്‍കിയിട്ടുള്ള ഈട് വഹകളാകട്ടെ) ബാങ്കിന് കിട്ടാനുള്ള മറ്റു കടങ്ങള്‍ തീര്‍ക്കുന്നത് വരെ ഇടപാടുകാരന് തിരിച്ച് കൊടുക്കേണ്ടതില്ല. വേണമെങ്കില്‍ അങ്ങനെ പിടിച്ചു വെച്ച സ്വർണാഭരണങ്ങൾ വിറ്റ് നിലവിലുള്ള മറ്റു കടങ്ങള്‍ തീര്‍ക്കാമെന്നും കോടതി വിധികളുണ്ട്. ഇങ്ങനെ ചെയ്യാന്‍ ബാങ്കുകള്‍ക്ക് കോടതിയുടെ മുന്‍കൂര്‍ അനുവാദം വേണമെന്നില്ല.
ഈട് വസ്തുക്കളും കടങ്ങളും ഒരാളുടെ തന്നെ പേരിലും ഒരേ അവകാശത്തിലും (capacity) ആണെങ്കില്‍ മാത്രമേ, ബാങ്കുകള്‍ക്ക് ഈ വകുപ്പ് അനുസരിച്ചുള്ള അവകാശം ഉള്ളൂ. മാത്രമല്ല, ബാങ്കേഴ്‌സ് ജനറല്‍ ലീന്‍ ഉപയോഗിക്കുവാന്‍ പാടില്ല എന്ന് ഇടപാടുകാരനും ബാങ്കും തമ്മില്‍ ഒരു കരാറുണ്ടെങ്കില്‍ പിന്നെ, ബാങ്കിന് ഈ വകുപ്പനുസരിച്ച് ഈട് വസ്തുക്കള്‍ പിടിച്ചു വെക്കുവാന്‍ കഴിയില്ല.
ബാങ്കിലുള്ള നിക്ഷേപങ്ങളുടെ കാര്യമോ?
വായ്പക്ക് നല്‍കിയിരിക്കുന്ന ഈട് വസ്തുക്കളില്‍ മാത്രമല്ല, ബാങ്കില്‍ ഉള്ള നിക്ഷേപങ്ങളുടെ കാര്യത്തിലും ബാങ്കുകള്‍ക്ക് ഈ നിലപാട് സ്വീകരിക്കാവുന്നതാണ്. വേണമെങ്കില്‍ നോട്ടീസ് നല്‍കി നിക്ഷേപങ്ങള്‍ കടത്തിലേക്ക് വരവ് വെക്കാവുന്നതുമാണ് (Bankers' Right to set off). ഒന്നിലധികം പേരുടെ നിക്ഷേപങ്ങളുടെ മേല്‍, അതില്‍ ഒരാളുടെ പേരിലുള്ള കടത്തിനാണെങ്കില്‍, ജനറല്‍ ലീന്‍ അവകാശം ഇല്ല.
ഈ അവകാശം ഒരു നിയന്ത്രണങ്ങള്‍ക്കും വിധേയമല്ലേ?
എന്നാല്‍ നിലവിലുള്ള കടങ്ങള്‍ക്ക് പ്രത്യേകം ഈട് നല്കിയിട്ടുണ്ടെങ്കിലോ, നല്‍കിയിരിക്കുന്ന ഈട് നിലവിലുള്ള കടങ്ങള്‍ക്ക് ആനുപാതികമായി ഉണ്ടെങ്കിലോ, കടം തീര്‍ത്ത ഈട് വസ്തുക്കള്‍ പിടിച്ചു വെക്കുന്നത് ഉചിതമല്ലെന്ന് കോടതികള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിനാല്‍ 171 വകുപ്പ് അനുസരിച്ച് കടം തീര്‍ത്ത ഈട് വസ്തുക്കള്‍ പിടിച്ച് വെക്കുമ്പോള്‍ അത് നീതിയും ന്യായവും യുക്തിക്ക് നിരക്കുന്നതുമായിരിക്കണം. സേഫ് ഡെപ്പോസിറ്റ് ലോക്കറില്‍ വെച്ചിട്ടുള്ള വസ്തുക്കളിന്മേല്‍ ബാങ്കുകള്‍ക്ക് ജനറല്‍ ലീന്‍ അവകാശമില്ല.
(ബാങ്കിംഗ്, ധനകാര്യ വിദഗ്ധനാണ് ലേഖകന്‍)